മഴ പെയ്തു തുടങ്ങി; 2018ലെ പ്രളയസമയത്തെടുത്ത വിഡിയോകൾ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച് വ്യാജന്മാർ
Mail This Article
തിരൂർ ∙ മഴയൊന്നു പെയ്തു തുടങ്ങിയതോടെ വ്യാജവാർത്തകളുടെ പ്രളയമാണെങ്ങും. 2018ലെ പ്രളയസമയത്തെടുത്ത വിഡിയോകൾ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചാണ് ചിലർ ഭീതി പടർത്താൻ ശ്രമിക്കുന്നത്. ഇന്നലെ ചമ്രവട്ടം പാതയിലെ ആലിങ്ങലിൽ മഴ പെയ്ത് റോഡാകെ വെള്ളക്കെട്ടായി എന്ന തരത്തിലുള്ള വിഡിയോ വാട്സാപ് വഴി വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. ഇതു വിശ്വസിച്ച് ഗ്രൂപ്പുകളിൽ പലരും പങ്കുവച്ചതോടെ ഭീതിയേറി. എന്നാൽ വിഡിയോയിൽ കാണുന്ന സ്ഥലത്ത് നേരിട്ടു പരിശോധിച്ചപ്പോൾ ഇവിടെ മഴ പെയ്ത് റോഡ് നനഞ്ഞു കിടക്കുന്നതല്ലാതെ മറ്റൊന്നും കാണാൻ സാധിച്ചില്ല.
വെള്ളം കയറിയെന്ന വ്യാജേന കഴിഞ്ഞ പ്രളയ കാലത്തെ ചില ചിത്രങ്ങളും ഇത്തരത്തിൽ പ്രചരിപ്പിക്കുന്നുണ്ട്. കഴിഞ്ഞ വർഷവും മഴ സമയത്ത് ഇത്തരത്തിലുള്ള വിഡിയോകൾ പ്രചരിപ്പിച്ചിരുന്നു. താഴേപ്പാലം ബൈപാസിലും പൂങ്ങോട്ടുകുളത്തുമെല്ലാം വെള്ളം കയറിയെന്ന വ്യാജേനയാണ് പഴയ വിഡിയോകൾ വാട്സാപ് വഴി പ്രചരിപ്പിച്ചത്. ഇത്തരം വിഡിയോകൾ പങ്കുവച്ച് ഭീതി പടർത്തുന്നവർക്കെതിരെ ശക്മായ നിയമനടപടി വേണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.