വന്ദേഭാരത് എത്തുമ്പോൾ പോകാൻ ബസ് റെഡി, പുതിയ സര്വീസുമായി മലപ്പുറം കെഎസ്ആർടിസി

Mail This Article
മലപ്പുറം ∙ വന്ദേഭാരതിൽ രാത്രി തിരൂരിൽ എത്തിയാൽ ബസ് ഉണ്ടാകില്ലെന്ന പേടി ഇനി വേണ്ട. കണക്‌ഷൻ ബസുമായി മലപ്പുറം കെഎസ്ആർടിസി തയാർ. വന്ദേഭാരത് എത്തിയ ശേഷം മടങ്ങുന്ന വിധത്തിൽ റെയിൽവേ സ്റ്റേഷനിൽനിന്നു തന്നെയാണ് സർവീസ്. 3നാണ് ആദ്യ യാത്ര.
മഞ്ചേരിയിൽനിന്ന് വൈകിട്ട് 7നു പുറപ്പെടുന്ന ബസ് രാത്രി 8.40നു തിരൂർ സ്റ്റേഷനിലെത്തും. 8.52നാണ് വന്ദേഭാരത് തിരൂരിലെത്തുക. തുടർന്ന് 9നു ബസ് റെയിൽവേ സ്റ്റേഷനിൽനിന്ന് തിരിച്ചു പുറപ്പെടും. രാത്രി 10.10നു മലപ്പുറത്തെത്തും. വിവിധ ആവശ്യങ്ങൾക്കായി തിരുവനന്തപുരത്തടക്കം പോയി മടങ്ങുന്നവർക്കാണ് ബസ് ഏറെ ഉപകാരപ്പെടുക.
നിലവിൽ ആ സമയത്ത് ബസ് ഇല്ലാത്തതിനാൽ സ്വകാര്യ വാഹനങ്ങളാണ് കൂടുതൽ ആശ്രയം. അതേസമയം, വന്ദേഭാരതിൽ കാസർകോട് ഭാഗത്തേക്കു പോകുന്നവർക്കും ഈ ബസ് പ്രയോജനപ്പെടും. നിലവിൽ തിരൂരിൽനിന്ന് വൈകിട്ട് 7 കഴിഞ്ഞാൽ മലപ്പുറത്തേക്കു കെഎസ്ആർടിസി സർവീസ് ഇല്ല. 8.15 കഴിഞ്ഞാൽ സ്വകാര്യ ബസും ഇല്ല. അതിനാൽ തിരൂർ–മലപ്പുറം റൂട്ടിലെ യാത്രാക്ലേശത്തിനും പുതിയ സർവീസ് പരിഹാരമാകും.
ആലപ്പുഴയിൽനിന്ന് കണ്ണൂരിലേക്കുള്ള എക്സിക്യൂട്ടീവ് എക്സ്പ്രസ് (8.36), പുതുച്ചേരിയിൽനിന്ന് മംഗളൂരുവിലേക്കുള്ള പുതുച്ചേരി എക്സ്പ്രസ് (8.48) എന്നിവയിലെ യാത്രക്കാർക്കും പ്രയോജനമാകും. ഇതിനു പുറമേ തിരൂരിൽനിന്നുള്ള വ്യാപാരികൾ, വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാർ തുടങ്ങിയവർക്കും ഈ സർവീസ് ഉപയോഗിക്കാനാകും. ചങ്കുവെട്ടിയിൽ ഇറങ്ങി മലപ്പുറത്തേക്കു ബസ് കിട്ടാതെ വിഷമിക്കുന്ന കെഎസ്ആർടിസി ദീർഘദൂര യാത്രക്കാർക്കും ഈ ബസ് ആശ്വാസമാകും.