ADVERTISEMENT

തിരുനാവായ ∙ മാമാങ്കചരിത്രത്തിലെ കപ്പൽ കലഹം നടന്നിരുന്ന ബന്ദർ കടവിൽ പുഴയിലേക്കുള്ള ചവിട്ടുപടികൾ കണ്ടെത്തി. ഇതോടെ പുഴയിലേക്ക് ഇവിടെ പണ്ട് കാലത്ത് കടവുണ്ടായിരുന്നു എന്നതിനു തെളിവായി. തിരുനാവായ കൊടയ്ക്കല്ലിലാണ് സാമൂതിരിയുടെ തുറമുഖങ്ങളുടെ ചുമതലക്കാരനായിരുന്ന ഷാ ബന്ദർ കോയയുടെ പേരിലുള്ള ബന്ദർ കടവുള്ളത്. മാമാങ്കത്തിന്റെ ഭാഗമായി അന്ന് ആഴമേറിയ പുഴയിൽ ഷാ ബന്ദർ കോയയുടെ നേതൃത്വത്തിൽ കപ്പൽ കലഹം നടന്നിരുന്നതായാണ് പറയപ്പെടുന്നത്. 

മുൻപ് ഈ സ്ഥലം വാകത്തുറ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. മാമാങ്കത്തെക്കുറിച്ച് പഠനം നടത്തിയിരുന്ന ചരിത്രകാരൻ ഡോ. എൻ.നമ്പൂതിരി ബന്ദർ കടവിനെക്കുറിച്ച് ഇന്ത്യൻ നാവിക സേനയ്ക്കു നൽകിയ റിപ്പോർട്ടിലും ഷാ ബന്ദർ കോയയുടെ നേതൃത്വത്തിൽ നടന്ന കപ്പൽ കലഹത്തെ കുറിച്ചു പറയുന്നുണ്ട്. സാമൂതിരി കോവിലകത്തുനിന്ന് കണ്ടെത്തിയ രേഖകൾ പ്രകാരം 1683ൽ ഒരു വലിയ കപ്പലും 10 ചെറുകപ്പലുകളുമായാണ് കപ്പൽ കലഹം നടന്നതെന്നു റിപ്പോർട്ടിൽ പറയുന്നു. 

കൂടാതെ ഭാരതപ്പുഴയുടെ ഏറ്റവും മനോഹരമായ തീരം എന്ന നിലയ്ക്കും ഈ കടവിനു പ്രാധാന്യമുണ്ട്. കൊടയ്ക്കൽ ഓടു ഫാക്ടറിയിൽ നിന്നുള്ള ഉൽപന്നങ്ങൾ പൊന്നാനിയിലേക്കും അവിടെ നിന്ന് കടൽ വഴി യൂറോപ്യൻ രാജ്യങ്ങളിലേക്കും കൊണ്ടുപോയിരുന്നതും ബന്ദർകടവ് വഴിയാണ്. ഇതെല്ലാം കടവിന് ഏറെ മാറ്റങ്ങൾ വരുത്തിയിരുന്നു. ഇഎംഎസിന്റെ നേതൃത്വത്തിലുള്ള ഒന്നാം സർക്കാർ ശീമക്കൊന്ന വാരാചരണത്തിന്റെ ഭാഗമായി ഇവിടെ നട്ടുപിടിപ്പിച്ച ചെടികൾ വളർന്ന് വലിയ ശീമക്കൊന്ന മരങ്ങളായി മാറിയതും ഇവിടെ കാണാം.

മാമാങ്കം നടത്തുന്ന റീ എക്കോയുടെ ഭാരവാഹികളായ എം.കെ.സതീശ് ബാബു, കെ.വി.ഉണ്ണിക്കുറുപ്പ്, മുളയ്ക്കൽ മുഹമ്മദാലി, സൽമാൻ കരിമ്പനയ്ക്കൽ, സി.കിളർ, ചിറയ്ക്കൽ ഉമ്മർ എന്നിവർ സംഘടനയുടെ വാർഷിക പരിപാടിയുടെ ഭാഗമായി ബന്ദർ കടവിൽ സ്ഥലം ശുചിയാക്കുന്നതിനിടയ്ക്കാണ് അപ്രതീക്ഷിതമായി ചവിട്ടുപടികൾ കണ്ടെത്തിയത്.ഇക്കാര്യം പുരാവസ്തു ഡെപ്യൂട്ടി ഡയറക്ടർ, വില്ലേജ് ഓഫിസർ എന്നിവരെ അറിയിച്ചിട്ടുണ്ട്. ബന്ദർ കടവ് ടൂറിസം സാധ്യതകൾ ഉപയോഗപ്പെടുത്തി സഞ്ചാരികൾക്ക് തുറന്നു കൊടുക്കണമെന്ന് റീ എക്കോ പ്രവർത്തകരും മാമാങ്ക സംരക്ഷണ സമിതിയും ആവശ്യപ്പെട്ടു.

English Summary: Discover the Hidden History of Mamangam, Uncovering Footsteps and Shipwrecks at Thirunavaya

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com