ADVERTISEMENT

കുറ്റിപ്പുറം ∙ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവാദങ്ങളും സംഘർഷങ്ങളും നിലനി‍ൽക്കുന്ന കുറ്റിപ്പുറത്ത് ഒരുവിഭാഗം കോൺഗ്രസ് നേതാക്കൾ രാത്രിയിൽ യോഗം ചേർന്നത് പാർട്ടിയിൽ കൂടുതൽ വിഭാഗീയതയ്ക്ക് ഇടയാക്കിയതായി ആരോപണം. 

കോൺഗ്രസ് നേതാവ് പാഴൂർ മുഹമ്മദ്കുട്ടിയുടെ വീട്ടിലാണ് ആര്യാടൻ ഷൗക്കത്ത് അടക്കമുള്ളവർ യോഗം ചേർന്നത്. കുറ്റിപ്പുറം മണ്ഡലം കോൺഗ്രസ് പ്രസിഡന്റായ പാറക്കൽ ബഷീറിനെ എതിർക്കുന്ന ഡിസിസി സെക്രട്ടറി അടക്കമുള്ള നേതാക്കളും യോഗത്തിലുണ്ടായിരുന്നു. 

എന്നാൽ ആര്യാടൻ ഫൗണ്ടേഷനുമായി ബന്ധപ്പെട്ട യോഗമാണ് പാഴൂർ മുഹമ്മദ് കുട്ടിയുടെ വീട്ടിൽ നടന്നതെന്ന് ഡിസിസി സെക്രട്ടറി ഉമ്മർ ഗുരുക്കൾ പറഞ്ഞു. എന്നാൽ യോഗത്തിൽ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സ്ഥാനവും അടുത്ത ദിവസങ്ങളിലുണ്ടായ വിവാദങ്ങളും ചർച്ച ചെയ്തതായി യോഗത്തിൽ പങ്കെടുത്ത പ്രവർത്തകർ പറഞ്ഞു.

മണ്ഡലം പ്രസിഡന്റായി വീണ്ടും പാറക്കൽ ബഷീറിനെ തിരഞ്ഞെടുത്തതിൽ ഡിസിസി സെക്രട്ടറി ഉമ്മർ ഗുരുക്കൾ അടക്കമുള്ള നേതാക്കൾക്ക് എതിർപ്പുണ്ട്. ഡിസിസി സെക്രട്ടറിയുടെ നിർദേശ പ്രകാരം അദ്ദേഹത്തിന്റെ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫിസ് ഇരട്ടപ്പൂട്ടിട്ട് പുട്ടുകയും ചെയ്തിരുന്നു.

കഴിഞ്ഞ ദിവസം നടന്ന മണ്ഡലം കമ്മിറ്റി യോഗത്തിൽ പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി ഉന്തുംതള്ളുമുണ്ടാവുകയും ചെയ്തിരുന്നു. ഇതിനുശേഷമാണ് ആര്യാടൻ ഷൗക്കത്ത് പങ്കെടുത്ത യോഗം പാഴൂർ മുഹമ്മദ് കുട്ടിയുടെ വീട്ടിൽ ചേരുന്നത്. അതേസമയം ബഷീറിനെ അനുകൂലിക്കുന്ന നേതാക്കളും പ്രവർത്തകരും യോഗത്തിൽ പങ്കെടുത്തിട്ടില്ല. 

പ്രസിഡന്റ് മാറണമെന്നത്  പൊതുവികാരമാണെന്ന് ഡിസിസി സെക്രട്ടറി
പാർട്ടി താൽപര്യങ്ങൾ സംരക്ഷിക്കാത്ത നിലവിലെ മണ്ഡലം പ്രസിഡന്റ് മാറണമെന്നത് പൊതുവികാരമാണെന്ന് ഡിസിസി സെക്രട്ടറി ഉമ്മർ ഗുരുക്കൾ. പാർട്ടിക്ക് വേണ്ടിയല്ല നിലവിലെ പ്രസിഡന്റ് പ്രവർത്തിക്കുന്നതെന്നും ഘടക കക്ഷിക്ക് വേണ്ടിയാണെന്നും ഗുരുക്കൾ കുറ്റിപ്പെടുത്തി.

പാർട്ടി ഓഫിസ് ഫണ്ടിൽ സുതാര്യതയില്ലെന്നും പാർട്ടി പദവി ദുരുപയോഗം ചെയ്യുന്നുവെന്നും ഉമ്മർ ഗുരുക്കൾ ആരോപിച്ചു. . എന്നിട്ടും പ്രസിഡന്റ് മാറ്റം ഉണ്ടാകാത്ത സാഹചര്യത്തിൽ ഒരുവിഭാഗം പ്രവർത്തകർ പ്രതിഷേധത്തിലാണ്. മണ്ഡലം കമ്മിറ്റി ഓഫിസിൽ ചേരുന്ന യോഗത്തിൽ സംഘർഷം ഉണ്ടാകുമെന്ന ഘട്ടം വന്നപ്പോഴാണ് ഇരട്ടപൂട്ടിട്ട് പൂട്ടാൻ നിർദേശം നൽകിയതെന്നും ഉമ്മർ ഗുരുക്കൾ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com