ഒറ്റപ്പെടുന്ന സ്ത്രീകൾക്കും കുട്ടികൾക്കും കരുതൽ നൽകി അഭയം ഷെൽറ്റർ ഹോം

Mail This Article
തിരൂർ ∙ ഗാർഹിക പീഡനത്തിന് ഇരയായി ഒറ്റപ്പെടുന്ന സ്ത്രീകൾക്കും കുട്ടികൾക്കും അഭയം നൽകുകയാണ് തിരൂരിൽ പ്രവർത്തിക്കുന്ന വനിതാ ശിശുക്ഷേമ വകുപ്പിന്റെ അഭയം ഷെൽറ്റർ ഹോം. കഴിഞ്ഞ ഡിസംബർ മുതൽ ഇതുവരെ മാത്രം ഈ കേന്ദ്രത്തിൽ അഭയം തേടിയെത്തിയത് 21 സ്ത്രീകളും 6 കുട്ടികളുമാണ്. 2014ലാണ് ഷെൽറ്റർ ഹോം ആരംഭിക്കുന്നത്. ഇടക്കാലത്ത് കോവിഡ് വന്നതോടെ അടച്ചിട്ടു.
പിന്നീട് 2022 ഡിസംബർ 10നാണ് വീണ്ടും തുറന്ന് പൂർണതോതിലുള്ള പ്രവർത്തനം തുടങ്ങിയത്. അമ്മയ്ക്കൊപ്പം എത്തുന്ന കുട്ടികൾക്ക് ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ അനുമതിയോടെയാണ് അഭയം നൽകുന്നത്. അമ്മമാർക്കൊപ്പം 12 വയസ്സുവരെയുള്ള ആൺകുട്ടികൾക്കും താമസിക്കാം. കൂടാതെ ഗാർഹിക പീഡനത്തിനിരയായ സ്ത്രീകളെയും പെൺകുട്ടികളെയും ഇവിടെ പ്രവേശിപ്പിക്കും. 2 വർഷം വരെയാണ് താമസിക്കാനുള്ള സൗകര്യം നൽകുന്നത്.
കഴിഞ്ഞ ഒരു വർഷം 12 ഗാർഹിക പീഡന പരാതികളും 7 കുടുംബ പ്രശ്ന പരാതികളും 11 കൗൺസലിങ് കേസുകളും ഇവിടെ റജിസ്റ്റർ ചെയ്തിരുന്നു. കൂടാതെ അഭയം ആവശ്യപ്പെട്ട് എത്തിയ 9 കേസുകളും ഇവിടെ റജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ 18 പരാതികൾ തീർപ്പാക്കുകയും ഒന്ന് ലീഗൽ കൗൺസിലർക്ക് നൽകുകയും ചെയ്തിരുന്നു. ബാക്കിയുള്ളവ കൗൺസലിങ്, മീഡിയേഷൻ തുടങ്ങിയ നടപടി ക്രമങ്ങളിലാണ്.
നിലവിൽ 11 അന്തേവാസികൾ ഇവിടെയുണ്ട്. കലക്ടർ, ജനപ്രതിനിധികൾ, പൊലീസ്, മറ്റു സർക്കാർ വകുപ്പുകൾ, സാമൂഹിക പ്രവർത്തകർ, സന്നദ്ധ സംഘടനകൾ എന്നിവർക്കെല്ലാം ഇവിടേക്ക് അഭയം വേണ്ടവരെ എത്തിക്കാൻ സാധിക്കും. സംസ്ഥാനതലത്തിൽ സന്നദ്ധ സംഘടനകൾ വഴി നടപ്പാക്കുന്ന പദ്ധതി തിരൂരിൽ എംഇഎസ് വനിതാ വിഭാഗം വഴിയാണ് നടത്തുന്നത്.