ADVERTISEMENT

കാരാട്∙ ചാലിയാറിൽ ഞായറാഴ്ച ഉണ്ടായ അപകടത്തിൽ നിന്ന് നാല് പേരെ രക്ഷപ്പെടുത്തിയ സന്തോഷത്തിൽ നാട്ടുകാരനും മേലാറ്റൂർ സ്കൂളിലെ ജീവനക്കാരനുമായ കാരാട് സ്വദേശി തോട്ടത്തിൽ കെ.അനിൽ കുമാർ. സംഭവത്തെക്കുറിച്ച് അനിൽകുമാർ പറയുന്നത് ഇങ്ങനെ:  ‘അപകടം നടന്ന സ്ഥലത്തിനടുത്ത്  പുഴയിൽനിന്ന് കുടുംബവുമൊന്നിച്ച് കക്ക (എരുന്ത്) പെറുക്കുകയായിരുന്നു. ഞാനും മകളും തോണിയിലായിരുന്നു. 

തിരിച്ചു പോകാനാണ് തോണിയിൽ കയറിയത്. അതിനിടെ ദൂരെ മൺതിട്ടയിൽ ഇരുന്ന കുടുംബത്തിലെ  കുട്ടികൾ പുഴയിലേക്ക് നടന്നു പോകുന്നത് കണ്ടു. അവരുടെ കുടുംബാംഗങ്ങൾ അത് കാണുന്നുണ്ടാവുമെന്ന് കരുതി. പെട്ടെന്ന് കൂട്ടനിലവിളി ഉയർന്നു. നോക്കുമ്പോൾ പുഴയിൽ 2 കുട്ടികളുടെ കൈകൾ മാത്രം പൊങ്ങി നിൽക്കുന്നതു കണ്ടു.  മറ്റൊന്നും ആലോചിച്ചില്ല. നീട്ടി തുഴയെറിഞ്ഞു.  കണ്ണടച്ച് തുറക്കും മുൻപേ സ്ഥലത്തെത്തി.

മുങ്ങിപ്പൊങ്ങിയ നാല് പേർ തോണിയിൽ പിടിച്ചുതൂങ്ങി. സർവ ശക്തിയുപയോഗിച്ച് തുഴഞ്ഞ് അവരെ കരയിലെത്തിച്ചു . അപ്പോഴാണ് രണ്ട് പേർ കൂടി വെള്ളത്തിലുണ്ടെന്ന വിവരം അവർ  പറഞ്ഞത്. അപ്പോഴേക്ക് നിലവിളികേട്ട് ഓടി വന്നവരും രക്ഷാപ്രവർത്തനത്തിൽ പങ്കു ചേർന്നു. രണ്ടു പേരെ രക്ഷിക്കാനായില്ല. അതിൽ സങ്കടമുണ്ട്.’  അനിൽ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com