നവകേരള സദസ്സിലേക്ക് വൻ ജനത്തിരക്ക്; ജനക്കൂട്ടം നിറഞ്ഞ് ഫിഷിങ് ഹാർബർ
Mail This Article
പൊന്നാനി ∙ ജനക്കൂട്ടം തിങ്ങി നിറഞ്ഞ് പൊന്നാനി ഫിഷിങ് ഹാർബർ.. നവകേരള സദസ്സിലേക്ക് മണിക്കൂറുകൾക്ക് മുൻപേ പതിനായിരങ്ങളെത്തി. പന്ത്രണ്ടു മണിയോടെയാണ് മുഖ്യമന്ത്രിയെത്തിയതെങ്കിലും രാവിലെ 8 മുതൽ ഫിഷിങ് ഹാർബർ പ്രദേശത്തേക്ക് ആൾക്കൂട്ടമെത്തിയിരുന്നു. പരാതികൾ നൽകുന്ന കൗണ്ടുറുകൾക്കു മുൻപിലും വലിയ തിരക്കുണ്ടായിരുന്നു. പരാതികളും അഭിപ്രായങ്ങളുമായി 4199 അപേക്ഷകളാണ് ഇന്നലെ ലഭിച്ചത്. ഇന്ന് സിവിൽ സ്റ്റേഷനിൽ അപേക്ഷകളുടെ തുടർ നടപടികൾ തുടങ്ങും. താലൂക്ക് ഓഫിസിൽ വച്ചാണ് പരാതികൾ തരംതിരിച്ച് ഡേറ്റാ എൻട്രി ചെയ്യുന്നത്.
അപേക്ഷകളുടെ തുടർ നടപടികൾ സംബന്ധിച്ച വിവരങ്ങൾ അപേക്ഷകന്റെ ഫോണിലേക്ക് എത്തും. ഹാർബറിലെ പൊള്ളുന്ന വെയിൽ അതിജീവിച്ചും ആളുകൾ സദസ്സിന് മുൻപിൽ തടിച്ചു കൂടി നിൽക്കുകയായിരുന്നു. മുഖ്യമന്ത്രി വേദിയിലേക്ക് എത്തുന്നതിനു മുൻപ് മന്ത്രിമാരായ വി.ശിവൻകുട്ടി, പി.പ്രസാദ്, കെ.രാധാകൃഷ്ണൻ എന്നിവർ വേദിയിലേക്കെത്തിയിരുന്നു.
കേന്ദ്ര വിഹിതം തടഞ്ഞു വച്ച് സംസ്ഥാനത്തെ ബിജെപി സർക്കാർ പ്രതിരോധത്തിലാക്കാൻ ശ്രമിക്കുകയാണെന്ന ആരോപണം മുൻനിർത്തി കേന്ദ്ര സർക്കാരിനെയും സദസ്സിൽ നിന്ന് വിട്ടു നിന്ന പ്രതിപക്ഷത്തെയും വിമർശിച്ചാണ് മൂന്ന് മന്ത്രിമാരും പ്രസംഗിച്ചത്.
മൂന്നാമതായി മന്ത്രി കെ.രാധാകൃഷ്ണൻ പ്രസംഗിച്ചു തീരുമ്പോഴേക്കും മുഖ്യമന്ത്രിയടക്കമുള്ള മറ്റ് മന്ത്രിമാരുള്ള ബസ് ഹാർബറിലേക്കു കടന്നു വന്നു. പി.നന്ദകുമാർ എംഎൽഎ ആധ്യക്ഷ്യം വഹിച്ചു. ഫിഷറീസ് ഡിഡി പി.കെ.രജ്ഞിനി, തഹസിൽദാർ കെ.ജി.സുരേഷ് കുമാർ എന്നിവർ പ്രസംഗിച്ചു.
കേന്ദ്രവിഹിതം കുടിശ്ശിക വച്ചിരിക്കുന്നു:പിണറായി വിജയൻ
കേന്ദ്രവിഹിതം തരാത്ത ബിജെപി സർക്കാരിന്റെ ദുരുദ്ദേശം ജനങ്ങളോട് തുറന്നു പറയുകയാണ് നവകേരള യാത്രയുടെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനം നടപ്പാക്കിയ പദ്ധതികൾക്കു പോലും കേന്ദ്രവിഹിതം തരാതെ കുടിശ്ശിക വച്ചിരിക്കുകയാണ്. സംസ്ഥാനത്തെ ജനങ്ങളെ ദ്രോഹിക്കുന്ന കേന്ദ്ര നിലപാടിൽ യുഡിഎഫിന് പ്രശ്നങ്ങളൊന്നുമില്ല. അതൊന്നും അവരെ ബാധിക്കുന്നില്ലെന്ന മട്ടിലാണ് പ്രതിപക്ഷം. മറിച്ചായിരുന്നെങ്കിൽ ഇൗ യാത്രയ്ക്കൊപ്പം പ്രതിപക്ഷം ഉണ്ടാകുമായിരുന്നെന്നും മുഖ്യമന്ത്രി പൊന്നാനിയിൽ പറഞ്ഞു.
പ്രതിപക്ഷ നേതാവ് വ്യക്തിഹത്യ നടത്തുന്നു:മന്ത്രി വി.ശിവൻകുട്ടി
വ്യക്തിഹത്യ നടത്തുന്ന പ്രതിപക്ഷ നേതാവാണ് കേരളത്തിലുള്ളത്. ഇക്കാര്യത്തിൽ കുഞ്ഞാലിക്കുട്ടിയുടെ അഭിപ്രായമറിയാൻ തനിക്ക് താൽപര്യമുണ്ടെന്ന് മന്ത്രി വി.ശിവൻകുട്ടി. പ്രതിപക്ഷ നേതാവിനെ ആഞ്ഞടിച്ചും ലീഗിനെ തലോടുന്ന രീതിയിലുമാണ് വി.ശിവൻ കുട്ടി പ്രസംഗിച്ചത്. സംസ്ഥാനത്ത് സകല മേഖലകളിലും രണ്ടാം പിണറായി സർക്കാർ വൻമുന്നേറ്റമുണ്ടാക്കിയെന്നും ശിവൻ കുട്ടി പറഞ്ഞു.