ADVERTISEMENT

തിരൂർ∙മലപ്പുറം ജില്ലയിൽ നവകേരള സദസ്സിന് തുടക്കം കുറിച്ച് ബിയാൻകോ കാസിലിൽ നടന്ന പ്രഭാത സദസ്സിൽ 3 പേരുടെ സാന്നിധ്യം ചർച്ചയായി; മുസ്‌ലിം ലീഗ് മുൻ സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മരുമകൻ ഹസീബ് സഖാഫ് തങ്ങൾ, ഡിസിസി അംഗം എ.പി.മൊയ്തീൻ , താനാളൂർ പഞ്ചായത്ത് മുൻ പ്രസിഡന്റും മുസ്‌ലിം ലീഗ് മുൻ ജില്ലാ പ്രവർത്തകസമിതി അംഗവുമായ പി.പി.ഇബ്രാഹീം എന്നിവർ. ഇതിനു പിന്നാലെ,  പാർട്ടി നിർദേശത്തിനു വിരുദ്ധമായി പ്രവർത്തിച്ച് അവമതിപ്പുണ്ടാക്കിയതിന് എ.പി.മൊയ്തീനെ കോൺഗ്രസിന്റെ പ്രാഥമികാംഗത്വത്തിൽനിന്ന് സസ്പെൻഡ് ചെയ്തു.

ഹസീബ് സഖാഫ് തങ്ങൾ പാർട്ടി അംഗമല്ലെന്നും  അദ്ദേഹം പങ്കെടുത്തതിനെ രാഷ്ട്രീയ നേട്ടമായി അവതരിപ്പിക്കുന്നത് സിപിഎമ്മിന്റെ രാഷ്ട്രീയ പാപ്പരത്തമാണെന്നും മുസ്‌ലിം ലീഗ് തിരൂർ മുനിസിപ്പൽ കമ്മിറ്റി പ്രതികരിച്ചു.പി.പി.ഇബ്രാഹീമിന് 15 വർഷമായി പാർട്ടിയുമായി ബന്ധമില്ലെന്നാണ് ലീഗിന്റെ വിശദീകരണം. തദ്ദേശ തിരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാത്തതിനെത്തുടർന്ന് അദ്ദേഹം വിമതനായി മത്സരിച്ചിരുന്നു.അതിനു ശേഷം പാർട്ടിയുമായി ബന്ധപ്പെട്ടിട്ടില്ല.

പ്രഭാത സദസ്സിൽ പ്രസംഗിച്ച ഹസീബ് തങ്ങൾ, കെ റെയിൽ പദ്ധതി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടു. രാഷ്ട്രീയമായി അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും ജനാധിപത്യ രീതിയിൽ തിരഞ്ഞെടുത്ത സർക്കാർ നടത്തുന്ന പരിപാടി ബഹിഷ്കരിക്കുന്നതിൽ അർഥമില്ലെന്ന് അദ്ദേഹം പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.

പകപോക്കൽ നാടിന്

ചേർന്നതല്ലെന്ന് 

മുഖ്യമന്ത്രി

ജനങ്ങളുടെ പൊതുവികാരത്തോടൊപ്പം നിൽക്കുന്നവരോട് പകപോക്കൽ നടപടി സ്വീകരിക്കുന്നത് നാടിനു ചേർന്നതല്ലെന്ന് മുഖ്യമന്ത്രി. പ്രഭാത സദസ്സിൽ പങ്കെടുത്തവർക്കെതിരെ കോൺഗ്രസും മുസ്‌ലിം ലീഗും അച്ചടക്ക നടപടി സ്വീകരിച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം. തെറ്റായ തീരുമാനമെടുത്തതിന്റെ അനന്തര ഫലമാണ് യുഡിഎഫ് അനുഭവിക്കുന്നതെന്നും പിണറായി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com