ADVERTISEMENT

എടപ്പാൾ ∙ സംസ്ഥാനപാതയിലെ എടപ്പാൾ നടുവട്ടം കാലടിത്തറയിൽ കാറും ബസും കൂട്ടിയിടിച്ച് 8 പേർക്ക് പരുക്ക്. പരുക്കേറ്റ കോലളമ്പ് സ്വദേശികളായ ഫാത്തിമ നിദ (15), ദേവിക (14), നയന (15) വളാഞ്ചേരി സ്വദേശി വിനോദ് (35), എടപ്പാൾ സ്വദേശി നിദ (19) എന്നിവരെ എടപ്പാളിലെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവർക്ക് പ്രാഥമിക ചികിത്സ നൽകി. 

തട്ടാൻപടിക്കു സമീപം ബസ് കടയിലേക്ക് ഇടിച്ചുകയറിയപ്പോൾ.
തട്ടാൻപടിക്കു സമീപം ബസ് കടയിലേക്ക് ഇടിച്ചുകയറിയപ്പോൾ.

ഇന്നലെ വൈകിട്ട് അഞ്ചോടെയാണ് അപകടം ഉണ്ടായത്. തൃശൂർ ഭാഗത്തുനിന്ന് വന്ന കാർ എതിരെ വന്ന ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തൽ കാർ പൂർണമായി തകർന്നു. ബസിന്റെ മുൻഭാഗവും തകർന്നിട്ടുണ്ട്. ആരുടെയും പരുക്ക് ഗുരുതരമല്ല.

ഡ്രൈവർക്ക് തലചുറ്റൽ; ബസ് കടയിലേക്ക് ഇടിച്ചുകയറി

ഡ്രൈവർക്ക് തലചുറ്റൽ അനുഭവപ്പെട്ടതിനെ തുടർന്ന് നിയന്ത്രണംവിട്ട സ്വകാര്യ ബസ് റോഡരികിലെ ഫർണിച്ചർ കടയിലേക്ക് ഇടിച്ചുകയറി. അപകടത്തിൽ ആർക്കും പരുക്കില്ല. ഇന്നലെ രാവിലെ പത്തോടെ എടപ്പാൾ തട്ടാൻപടിക്കു സമീപത്താണ് അപകടം. പൊന്നാനിയിൽനിന്ന് പട്ടാമ്പിയിലേക്കു പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. 

ഡ്രൈവർക്ക് ചെവിയുടെ ബാലൻസ് നഷ്ടമായതിനെ തുടർന്ന് തലചുറ്റൽ അനുഭവപ്പെടുകയായിരുന്നു. ഇതോടെ ബസ് ഇടതുവശത്തെ കടയിലേക്ക് ഇടിച്ചുകയറി. കടയുടെ മുൻവശവും റോഡരികിലെ വൈദ്യുത ലൈനുകളും തകർന്നു. കടയുടെ മുൻവശത്ത് ആരുമില്ലാതിരുന്നത് അപായം ഒഴിവാക്കി.

ചിയാനൂർ പാടത്ത് ഓട്ടോകൾ ഇടിച്ച് 10 പേർക്കു പരുക്ക്

സംസ്ഥാനപാതയിൽ ചിയാനൂർ പാടത്ത് ഓട്ടോറിക്ഷകൾ ഇടിച്ചു നിയന്ത്രണംവിട്ടു മറിഞ്ഞു 10 പേർക്ക് പരുക്കേറ്റു.    വേഗത്തടകൾക്കു സമീപം മുൻപിലെ ഓട്ടോയിൽ പിറകിൽ വന്ന ഓട്ടോ ഇടിക്കുകയായിരുന്നു.  മുൻപിലെ ഓട്ടോ നിർത്തിയിട്ട ലോറിയിൽ ഇടിച്ചാണു നിന്നത്. 

 കോലിക്കര സ്വദേശികളായ തെക്കേക്കര അബ്ദുറഹ്മാൻ (60), മാമ്പയിൽ അഷ്റഫ് (50), ഭാര്യ റഹീന (30), ബന്ധുക്കളായ ഇത്താച്ചു (80), ഹന്ന ഫാത്തിമ (13), അസം സ്വദേശികളായ ഖൈറുൽ ഇസ്‌ലാം (27), ഭാര്യ ഹസീന (26), ഇവരുടെ ബന്ധുക്കളായ ഷാസിത് അഹമ്മദ് (23), സബീക് നഹർ (28), ഫുൾ ബാനു (അഞ്ച്) എന്നിവരെ പരുക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 കാടാമ്പുഴ താമസിക്കുന്ന അസം സ്വദേശികൾ തൃശൂരിലേക്കു പോകുന്നതിനിടെയാണ് അപകടം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com