ADVERTISEMENT

നന്നമ്പ്ര ∙ മെഡിക്കൽ ഓഫിസറുൾപ്പെടെ സ്ഥിരം ഡോക്ടർമാർ 2 പേരുമില്ല. ഹെൽത്ത് ഇൻസ്പെക്ടറും ക്ലാർക്കുമില്ല. കുടുംബാരോഗ്യ കേന്ദ്രം നാഥനില്ലാത്ത അവസ്ഥയിൽ. കുടുംബാരോഗ്യ കേന്ദ്രത്തിൽ 2 സ്ഥിരം ഡോക്ടർമാർ ഉൾ‍പ്പെടെ 4 ഡോക്ടർമാരാണുളളത്. ഇതിൽ ഒരാൾ എൻആർഎച്ച്എം ഡോക്ടറും മറ്റൊരാൾ സായാഹ്ന ഒപിക്ക് വേണ്ടി പഞ്ചായത്ത് നിയമിച്ചതുമാണ്. ഇപ്പോൾ സ്ഥിരം ഡോക്ടർമാർ 2 പേരുമില്ലാത്തതിനാൽ താൽക്കാലിക ഡോക്ടർമാരെ ഉപയോഗിച്ചാണ് ആശുപത്രി മുന്നോട്ടു പോകുന്നത്. സായാഹ്ന ഒപിയും ഞായറാഴ്ചയിലെ ഒപിയും നിർത്തിവച്ചിരിക്കുകയാണ്. 

മെഡിക്കൽ ഓഫിസർ ഉന്നത പഠനത്തിനായി ദീർഘാവധിയിൽ പോയി. 15 ദിവസത്തിലേറെയായി പോയിട്ട്. രണ്ടാമത്തെ ഡോക്ടർ അസുഖം കാരണം മെഡിക്കൽ അവധിയിലാണ്. ഒരു മാസമായി അവധിയിലായിട്ട്. 4 മാസത്തേക്കാണ് അവധിക്ക് കൊടുത്തിട്ടുള്ളത്.

ഇപ്പോൾ താൽക്കാലിക ഡോക്ടർമാരാണ് ഒപി നോക്കുന്നത്. ഈ ഡോക്ടർമാർതന്നെയാണ് ഉപകേന്ദ്രങ്ങളിൽ കുത്തിവയ്പിനും പോകേണ്ടത്. കുത്തിവയ്പ് ഉള്ള ദിവസം ഒരു ഡോക്ടർ മാത്രമേ ഉണ്ടാകൂ. ദിവസേന മുന്നൂറിലേറെ പേർ ഒപിയിൽ വരുന്നുണ്ട്. ഈ രോഗികളെ മുഴുവൻ ഒരു ഡോക്ടർ മാത്രം പരിശോധിക്കേണ്ട അവസ്ഥയാണ്. രോഗികളും ഡോക്ടറും പ്രയാസപ്പെടുകയാണ്. പലപ്പോഴും രോഗികളും ജീവനക്കാരും തമ്മിൽ വാക്കേറ്റത്തിനും ബഹളത്തിനും ഇടയാക്കുന്നുണ്ട്. 

സായാഹ്ന ഒപിയും ‍ഞായറാഴ്ച ഒപിയും ഇതു കാരണം മുടങ്ങിക്കിടക്കുകയാണ്. മെഡിക്കൽ ഓഫിസർ ഇല്ലാത്തതിനാൽ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളും നടക്കുന്നില്ല. ഓഫിസിലെ ക്ലാർക്ക്, ഹെൽത്ത് ഇൻസ്പെക്ടർ എന്നീ തസ്തികകളിലും ആളില്ല. സ്ഥലംമാറ്റം ലഭിച്ചു പോയതാണ്. കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർക്ക് ചുമതല നൽകിയിട്ടുണ്ടെങ്കിലും ഇതുവരെ ആശുപത്രിയിൽ വന്നിട്ടില്ല. 

ആശുപത്രിയിൽ സ്ഥിരം ഡോക്ടർമാരെ ഉടനെ നിയമിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റ് പി.കെ.റഹിയാനത്തിന്റെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പ് അധികൃതർക്ക് നിവേദനം നൽകിയിരുന്നു. നടപടി ഉണ്ടായില്ലെങ്കിൽ സമരപരിപാടികളുമായി നീങ്ങാനാണ് തീരുമാനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com