ADVERTISEMENT

കോട്ടയ്ക്കൽ∙ രാവിലെ ആശങ്കയോടെ തുടങ്ങി, സന്തോഷത്തിന്റെ മധ്യാഹ്നം പിന്നിട്ട് ആവേശത്തിന്റെ സായാഹ്നത്തിൽ സമാപിച്ചതായിരുന്നു ഇന്നലെ നടന്ന നവകേരള സദസ്സുകൾ. ഇന്നലെ രാവിലെ 9ന് മന്ത്രി വി.അബ്ദുറഹിമാന്റെ തിരൂർ പൊറൂരിലെ വീട്ടിൽ മന്ത്രിസഭായോഗം നടക്കുമ്പോൾ കൊല്ലം ഓയൂരിൽ ആറുവയസ്സുകാരി അബിഗേലിനെ കാണാതായിട്ട് മണിക്കൂറുകൾ പിന്നിട്ടിരുന്നു. യോഗം കഴിഞ്ഞു പുറത്തിറങ്ങിയ മന്ത്രിമാർ പൊലീസ് അന്വേഷണം ശരിയായ ദിശയിലാണെന്നു പറ‍ഞ്ഞെങ്കിലും മറ്റു വിശദാംശങ്ങളിലേക്കു കടന്നിരുന്നില്ല. കേരളം മുഴുവൻ ആശങ്കയിലും അബിഗേൽ തിരിച്ചുവരണേയെന്ന പ്രാർഥനയിലും മുഴുകിയിരിക്കുന്ന സമയത്താണ് വള്ളിക്കുന്ന് നിയോജകമണ്ഡലത്തിലെ നവകേരള സദസ്സ് കാലിക്കറ്റ് സർവകലാശാലാ ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ നടന്നത്. 

പിന്നീട് ഉച്ചയോടെ 20 മണിക്കൂറിലേറെ നീണ്ട കാത്തിരിപ്പിനൊടുവിൽ ആ സന്തോഷവാർത്തയെത്തി. അബിഗേലിനെ കണ്ടെത്തിയിരിക്കുന്നു. ഇന്നലെത്തെ രണ്ടാം നവകേരള സദസ്സ് നടക്കുന്ന പരപ്പനങ്ങാടി നഹ സ്റ്റേഡിയത്തിൽ എത്തിയപ്പോൾ കണ്ടത് മൊബൈലിൽ അബിഗേലിന്റെ തിരിച്ചുവരവു വാർത്തകൾ സന്തോഷത്തോടെ കണ്ടിരിക്കുന്ന ജനക്കൂട്ടത്തെയാണ്. സദസ്സിനെ അഭിസംബോധന ചെയ്ത മന്ത്രി അഹമ്മദ് ദേവർകോവിൽ തന്റെ പ്രസംഗത്തിലും ഇക്കാര്യം പരാമർശിച്ചു. ‘സുരക്ഷിതത്വം ഈ സർക്കാരിന്റെ വാഗ്ദാനമാണ്. കൊല്ലത്ത് കാണാതായ കുട്ടിയെ ഉടൻ കണ്ടെത്താനായത് ഈ വാഗ്ദാനത്തിന്റെ നിർവഹണമാണ്. സംസ്ഥാനത്ത് എല്ലാവരും സുരക്ഷിതരാണെന്ന സന്ദേശമാണ് ഇതു നൽകുന്നത്’. നാലോടെ മുഖ്യമന്ത്രിയെത്തി സദസ്സിനെ അഭിസംബോധന ചെയ്തു. പിന്നീട് വേങ്ങര സബാഹ് സ്ക്വയറിലെ മൂന്നാം നവകേരള സദസ്സിലും പങ്കെടുത്ത് കോട്ടയ്ക്കൽ ആയുർവേദ മെഡിക്കൽ കോളജ് മൈതാനത്തേക്ക് മുഖ്യമന്ത്രിയെത്തിയപ്പോൾ നേരം ഇരുട്ടിയിരുന്നു. മൈതാനത്ത് അദ്ദേഹത്തെയും കാത്തുനിന്ന വൻ ജനാവലിക്കു മുൻപിൽ ഗംഭീര പ്രസംഗം നടത്തിക്കഴിഞ്ഞതോടെ നവകേരള സദസ്സിന്റെ ജില്ലയിലെ രണ്ടാംദിന പര്യടനത്തിന് ശുഭപര്യവസാനം.

നവകേരള സദസ്സുകളിൽ കുടുംബശ്രീയുടെ ഭക്ഷ്യമേള

മലപ്പുറം∙ ജില്ലയിൽ നവകേരള സദസ്സിനെ വരവേറ്റു കുടുംബശ്രീയുടെ ഭക്ഷ്യമേളകൾ. വിവിധ നിയോജക മണ്ഡലങ്ങളിലായി നടത്തുന്ന നവകേരള സദസ്സുകളിൽ എല്ലായിടത്തും കുടുംബശ്രീ ഭക്ഷ്യസ്റ്റാളുകൾ ഒരുക്കിയിട്ടുണ്ട്. താനൂർ മണ്ഡലത്തിൽ വിപുലമായ ഫുഡ് ഫെസ്റ്റും നടത്തി. അഞ്ചു ലക്ഷത്തോളം രൂപ ഇതിലൂടെ വിറ്റുവരവ് നേടാനായി. താനൂരിൽ എട്ടു ഭക്ഷ്യസ്റ്റാളുകളും 15 ഉൽപന്ന വിപണന സ്റ്റാളുകളുമുണ്ട്.

മലപ്പുറത്തിന്റെ തനതു വിഭവങ്ങളായ പത്തിരി, ഇറച്ചി,പുട്ട്, പലഹാരങ്ങൾ, കൂടാതെ തേൻ നെല്ലിക്ക, ഉപ്പിലിട്ടത്, അച്ചാറുകൾ, പൊടികൾ എന്നിവയും വിവിധ രുചികളിലുള്ള പപ്പടം, സോപ്പ്, ഹെയർ ഓയിൽ, കളിപ്പാട്ടങ്ങൾ, കരകൗശല വസ്തുക്കൾ എന്നിവയും ലഭിക്കുമെന്ന് കുടുംബശ്രീ ജില്ലാ മിഷൻ കോഓർഡിനേറ്റർ ജാഫർ.കെ.കക്കൂത്ത് പറഞ്ഞു.

അമേരിക്കയുടെ ഏറ്റവും വലിയ വക്താവ് മോദി: മുഖ്യമന്ത്രി

പരപ്പനങ്ങാടി∙ അമേരിക്കയുടെ ഏറ്റവും വലിയ വക്താവാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്നും അമേരിക്ക പറയുന്നതനുസരിച്ച് കാര്യങ്ങൾ നീക്കുക മാത്രമാണ് അദ്ദേഹം ചെയ്യുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പരപ്പനങ്ങാടി അവുക്കാദർ കുട്ടി നഹ സ്റ്റേഡിയത്തിൽ നടന്ന തിരൂരങ്ങാടി മണ്ഡലം നവകേരള സദസ്സിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പലസ്തീൻ വിഷയമുണ്ടായപ്പോൾ ഇസ്രയേലിനൊപ്പമാണ് ഞങ്ങൾ എന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. അത് ഇന്ത്യയുടെ ശബ്ദമല്ല. സംഘപരിവാറിന്റെ ശബ്ദമാണ്. പണ്ടു മുതൽക്കേ വിവിധ നവോത്ഥാന സംഘടനകളുടെ സജീവമായ പ്രവർത്തനം കേരളത്തിന്റെ പ്രത്യേകതയാണ്. ഈ പ്രത്യേകത കൊണ്ടാണ് ഇന്ന് കാണുന്ന ഒരുമയും ഐക്യവും കേരളത്തിലുണ്ടായത്. കേരളത്തിലെ ഒരുമയും ഐക്യവും ചിലർക്ക് ഇഷ്ടമല്ല.‌ മതനിരപേക്ഷത ഇന്ത്യയിൽ ആവശ്യമില്ല എന്നാണ് ഇക്കൂട്ടരുടെ നിലപാട്. ഇന്ത്യ ഒരു മതാധിഷ്ഠിത രാജ്യമാണ് എന്നത് സ്വാതന്ത്ര്യസമര കാലം മുതൽ പറയുന്ന ഇക്കൂട്ടർ സ്വാതന്ത്ര്യസമരത്തിൽ ഒരു പങ്കും വഹിക്കാത്തവരാണ്. കുട്ടികൾ ചരിത്രവും വസ്തുതയും മനസ്സിലാക്കരുതെന്ന ഉദ്ദേശ്യത്തോടെ പാഠപുസ്തകം തിരുത്തുകയാണ് കേന്ദ്ര സർക്കാർ. ഇതിനെയെല്ലാം ആദ്യമായി എതിർത്ത സംസ്ഥാനം കേരളമാണെന്നും അദ്ദേഹം പറഞ്ഞു. വർഗീയതക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കുക എന്നതാണ് മതനിരപേക്ഷതയുടെ ഉരകല്ല്. 

എന്നാൽ പ്രതിപക്ഷത്തിന് ഇതിന് സാധിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ രാവിലെ 9ന് മന്ത്രി വി.അബ്ദുറഹിമാന്റെ തിരൂർ പൊറൂരിലെ വീട്ടിൽ നടന്ന മന്ത്രിസഭായോഗത്തിനു ശേഷമായിരുന്നു നവകേരളസദസ്സുകൾക്കു തുടക്കമായത്. വള്ളിക്കുന്ന് നിയോജകമണ്ഡലത്തിലെ നവകേരളസദസ്സ് കാലിക്കറ്റ് സർവകലാശാലാ ഓപ്പൺ എയർ ഓഡിറ്റോറിയത്തിലും തിരൂരങ്ങാടി മണ്ഡലത്തിലേത് പരപ്പനങ്ങാടി അവുക്കാദർ കുട്ടി നഹ സ്റ്റേഡിയത്തിലും വേങ്ങരയിലേത് സബാഹ് സ്ക്വയറിലും കോട്ടയ്ക്കൽ മണ്ഡലത്തിലേത് ആയുർവേദ കോളജ് മൈതാനത്തും നടന്നു. ഇന്നലെ നടന്ന വിവിധ നവകേരള സദസ്സുകളിലായി മുഖ്യമന്ത്രി പിണറായി വിജയനു പുറമേ,  മന്ത്രിമാരായ അഹമ്മദ് ദേവർകോവിൽ, സജി ചെറിയാൻ, ജി.ആർ. അനിൽ, വീണാ ജോർജ്, എ.കെ.ശശീന്ദ്രൻ, കെ.രാജൻ, എം.ബി.രാജേഷ്, കെ.കൃഷ്ണൻകുട്ടി, ജെ.ചിഞ്ചുറാണി, റോഷി അഗസ്റ്റിൻ, കെ.എൻ. ബാലഗോപാൽ, പി.പ്രസാദ് തുടങ്ങിയവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com