ADVERTISEMENT

പരപ്പനങ്ങാടി∙ അമേരിക്കയുടെ ഏറ്റവും വലിയ വക്താവാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്നും അമേരിക്ക പറയുന്നതനുസരിച്ച് കാര്യങ്ങൾ നീക്കുക മാത്രമാണ് അദ്ദേഹം ചെയ്യുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പരപ്പനങ്ങാടി അവുക്കാദർ കുട്ടി നഹ സ്റ്റേഡിയത്തിൽ നടന്ന തിരൂരങ്ങാടി മണ്ഡലം നവകേരള സദസ്സിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പലസ്തീൻ വിഷയമുണ്ടായപ്പോൾ ഇസ്രയേലിനൊപ്പമാണ് ഞങ്ങൾ എന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. അത് ഇന്ത്യയുടെ ശബ്ദമല്ല. സംഘപരിവാറിന്റെ ശബ്ദമാണ്.

പിണറായി വിജയന്റെ ചിത്രത്തിൽ കരി ഒ‍ായിൽ ഒഴിച്ച നിലയിൽ.
പിണറായി വിജയന്റെ ചിത്രത്തിൽ കരി ഒ‍ായിൽ ഒഴിച്ച നിലയിൽ.

പണ്ടു മുതൽക്കേ വിവിധ നവോത്ഥാന സംഘടനകളുടെ സജീവമായ പ്രവർത്തനം കേരളത്തിന്റെ പ്രത്യേകതയാണ്. ഈ പ്രത്യേകത കൊണ്ടാണ് ഇന്ന് കാണുന്ന ഒരുമയും ഐക്യവും കേരളത്തിലുണ്ടായത്. കേരളത്തിലെ ഒരുമയും ഐക്യവും ചിലർക്ക് ഇഷ്ടമല്ല.‌ മതനിരപേക്ഷത ഇന്ത്യയിൽ ആവശ്യമില്ല എന്നാണ് ഇക്കൂട്ടരുടെ നിലപാട്. ഇന്ത്യ ഒരു മതാധിഷ്ഠിത രാജ്യമാണ് എന്നത് സ്വാതന്ത്ര്യസമര കാലം മുതൽ പറയുന്ന ഇക്കൂട്ടർ സ്വാതന്ത്ര്യസമരത്തിൽ ഒരു പങ്കും വഹിക്കാത്തവരാണ്. കുട്ടികൾ ചരിത്രവും വസ്തുതയും മനസ്സിലാക്കരുതെന്ന ഉദ്ദേശ്യത്തോടെ പാഠപുസ്തകം തിരുത്തുകയാണ് കേന്ദ്ര സർക്കാർ. ഇതിനെയെല്ലാം ആദ്യമായി എതിർത്ത സംസ്ഥാനം കേരളമാണെന്നും അദ്ദേഹം പറഞ്ഞു. വർഗീയതക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കുക എന്നതാണ് മതനിരപേക്ഷതയുടെ ഉരകല്ല്. 

എന്നാൽ പ്രതിപക്ഷത്തിന് ഇതിന് സാധിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ രാവിലെ 9ന് മന്ത്രി വി.അബ്ദുറഹിമാന്റെ തിരൂർ പൊറൂരിലെ വീട്ടിൽ നടന്ന മന്ത്രിസഭായോഗത്തിനു ശേഷമായിരുന്നു നവകേരളസദസ്സുകൾക്കു തുടക്കമായത്. വള്ളിക്കുന്ന് നിയോജകമണ്ഡലത്തിലെ നവകേരളസദസ്സ് കാലിക്കറ്റ് സർവകലാശാലാ ഓപ്പൺ എയർ ഓഡിറ്റോറിയത്തിലും തിരൂരങ്ങാടി മണ്ഡലത്തിലേത് പരപ്പനങ്ങാടി അവുക്കാദർ കുട്ടി നഹ സ്റ്റേഡിയത്തിലും വേങ്ങരയിലേത് സബാഹ് സ്ക്വയറിലും കോട്ടയ്ക്കൽ മണ്ഡലത്തിലേത് ആയുർവേദ കോളജ് മൈതാനത്തും നടന്നു. ഇന്നലെ നടന്ന വിവിധ നവകേരള സദസ്സുകളിലായി മുഖ്യമന്ത്രി പിണറായി വിജയനു പുറമേ,  മന്ത്രിമാരായ അഹമ്മദ് ദേവർകോവിൽ, സജി ചെറിയാൻ, ജി.ആർ. അനിൽ, വീണാ ജോർജ്, എ.കെ.ശശീന്ദ്രൻ, കെ.രാജൻ, എം.ബി.രാജേഷ്, കെ.കൃഷ്ണൻകുട്ടി, ജെ.ചിഞ്ചുറാണി, റോഷി അഗസ്റ്റിൻ, കെ.എൻ. ബാലഗോപാൽ, പി.പ്രസാദ് തുടങ്ങിയവർ പ്രസംഗിച്ചു.

രണ്ടാം ദിവസവും മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ് പ്രതിഷേധം

നവകേരള സദസ്സിന്റെ ജില്ലയിലെ പര്യടനത്തിന്റെ രണ്ടാം ദിവസവും മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസ്,യൂത്ത് ലീഗ് പ്രതിഷേധം.    തേഞ്ഞിപ്പലത്തും വേങ്ങരയിലുമായി മുപ്പതോളം പ്രവർത്തകരെ കരുതൽ കസ്റ്റഡിയിലെടുത്തു.പരപ്പനങ്ങാടിയിൽ മുഖ്യമന്ത്രിക്കു നേരെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് ഭാരവാഹികളെ കസ്റ്റഡിയിലെടുത്തു.പരപ്പനങ്ങാടിയിൽനിന്നു വേങ്ങരയിലേക്ക് പോകുമ്പോൾ ചെമ്മാട്ടാണ് യൂത്ത് ലീഗുകാർ കരിങ്കൊടി കാണിച്ചത്. 

തേഞ്ഞിപ്പലത്ത് കരിങ്കൊടി പ്രതിഷേധം ഒഴിവാക്കുന്നതിനായി 27 യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ്, കെഎസ്‌യു,എംഎസ്എഫ് പ്രവർത്തകരെ പൊലീസ് കരുതൽ കസ്റ്റഡിയിലെടുത്തു.മുഖ്യമന്ത്രി എത്തുന്നതിന് 2 മണിക്കൂർ മുൻപാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. പിന്നീട് ഇവരെ വിട്ടയച്ചു. 

ചിത്രത്തിൽ കരി ഓയിൽ 

വള്ളിക്കുന്ന് നിയോജക മണ്ഡലം നവകേരള സദസ്സ് നടന്ന സർവകലാശാലാ ക്യാംപസ് കവാടത്തിൽ സ്ഥാപിച്ച കമാനത്തിലെ മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രത്തിൽ രാത്രി അജ്ഞാതർ കരി ഓയിൽ ഒഴിച്ചു.പുലർച്ചെ 3 മണിവരെ സംഘാടകരും പൊലീസും സ്ഥലത്തുണ്ടായിരുന്നു.ഇവർ പോയതിനു ശേഷമാണ് സംഭവം. രാവിലെ 9ന് വേദിയിലെത്തിയ സംഘാടകരിൽ ചിലരാണ്, ചിത്രത്തിൽ കരി ഓയിൽ ഒഴിച്ചത് ശ്രദ്ധിച്ചത്. തുടർന്ന് ചിത്രങ്ങൾ നീക്കം ചെയ്തു.

നവകേരള സദസ്സിൽ ലഭിച്ച പരാതികൾ

ആകെ പരാതികൾ: 31,582
ഇന്നലെ മാത്രം: 16,732
∙ വള്ളിക്കുന്ന്- 4778
∙ തിരൂരങ്ങാടി- 4314
∙ കോട്ടയ്ക്കൽ- 3673
∙ വേങ്ങര- 3967

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com