ADVERTISEMENT

വേങ്ങര ∙ ആംബുലൻസിൽ കിടന്ന്, അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ജനസമ്പർക്ക പരിപാടിയിൽ; ഇന്നലെ ചക്രക്കസേരയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നവകേരള സദസ്സിൽ. ഇരുമുഖ്യമന്ത്രിമാരുമായും സംസാരിക്കാനും സങ്കടങ്ങൾ പങ്കുവയ്ക്കാനും അവസരം ലഭിച്ച സന്തോഷത്തിൽ കരുവാൻകല്ല് സ്വദേശി പി.സീനത്ത് (45). 19 വർഷം മുൻപ് തളർന്ന ശരീരമെങ്കിലും ഉറച്ച മനസ്സോടെ മുന്നേറുന്ന അവർക്ക് ഇന്നലെ വേങ്ങരയിലെ വേദിക്കരികിൽ വച്ചാണ് മുഖ്യമന്ത്രിയുമായി സംസാരിക്കാൻ അവസരം ലഭിച്ചത്. 8 ശസ്ത്രക്രിയകൾക്കാണ് ഈ കാലത്തിനിടെ ഇവർ വിധേയയായത്. 

സുഷുമ്ന നാഡിയിലുണ്ടായ മുഴയാണ് സീനത്തിന്റെ ജീവിതം മാറ്റിമറിച്ചത്. 2004ൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തിയെങ്കിലും അരയ്ക്കു കീഴെ തളർന്ന് കിടപ്പിലാകാനായിരുന്നു വിധി. 2013ലും 2015ലും മലപ്പുറത്ത് നടന്ന ഉമ്മൻ ചാണ്ടിയുടെ ജനസമ്പർക്ക പരിപാടിയിലാണ് സീനത്ത് പങ്കെടുത്തത്. ആംബുലൻസിൽ സ്ട്രെച്ചറിൽ കിടന്നപ്പോൾ ഉമ്മൻ ചാണ്ടി അങ്ങോട്ടു വന്നു കണ്ടത് വലിയ സന്തോഷമായി.  ചികിത്സാ സഹായമായി  ആദ്യ തവണ 2 ലക്ഷം രൂപയുടെയും രണ്ടാം തവണ ഒന്നര ലക്ഷം രൂപയുടെയും ചെക്കും അദ്ദേഹം കൈമാറി. 

ഇതിനിടെ 3 വർഷം മുൻപാണ് കാൻസറിന്റെ രൂപത്തിൽ വീണ്ടും കടുത്ത നാളുകളെത്തിയത്. 6 മാസങ്ങൾക്കു മുൻപ് നടന്ന മറ്റൊരു ശസ്ത്രക്രിയയ്ക്ക് എൽഡിഎഫ് സർക്കാരും ഒന്നര ലക്ഷം രൂപ സഹായം അനുവദിച്ചു. ഇതിന് നന്ദി അറിയിക്കാനും തുടർ ചികിത്സയ്ക്ക് സഹായം തേടാനുമാണ് ഇന്നലെ സീനത്ത് നവകേരള സദസ്സ് വേദിയിലെത്തിയത്. ഭർത്താവ് അബ്ദുറഷീദ് ആണ് കൊണ്ടു വന്നത്. ഇന്നലെ ആദ്യം മന്ത്രി വീണാ ജോർജ് വിശദമായി സംസാരിച്ചു. കാര്യങ്ങൾ പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പു നൽകി. പ്രസംഗം കഴിഞ്ഞ് വേദി വിടുമ്പോഴാണ് മുഖ്യമന്ത്രി പിണറായി വിജയൻ അരികിലെത്തി കുശലാന്വേഷണം നടത്തിയത്. വീട്ടിലേക്കുള്ള വഴിയില്ലാത്തതിനെക്കുറിച്ച് പരാതി അറിയിക്കാനെത്തിയ പേമാട്ടുപാറ സ്വദേശി ഭിന്നശേഷിക്കാരിയായ ഷൈലജയെയും മുഖ്യമന്ത്രി കണ്ടു.

ഉമ്മൻ ചാണ്ടി കാൻസർ ബാധിച്ച് ചികിത്സയിലായപ്പോൾ വിളിച്ചിരുന്നതായും പരസ്പരം ആശ്വസിപ്പിച്ചിരുന്നതായും സീനത്ത് പറഞ്ഞു. ഇന്നലെ പിണറായി വിജയൻ വേദിയിലേക്ക് കടന്നു വരുമ്പോൾ ആവേശം കൊണ്ട് കൈകൊട്ടിയാണ് സ്വീകരിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com