ADVERTISEMENT

വണ്ടൂർ ∙ അങ്ങാടിയുടെ ഹൃദയഭാഗത്തു മഞ്ചേരി റോഡിന്റെ തുടക്കത്തിൽ 4 വകുപ്പുകളുടെ കീഴിലായി ഒന്നരയേക്കറോളം സ്ഥലമുണ്ട്. ചിതറിക്കിടക്കുന്ന കാര്യാലയങ്ങൾ വകുപ്പുകളുടെ ഏകോപനത്തിലൂടെ സിവിൽസ്റ്റേഷൻ മാതൃകയിൽ ഒരു മേൽക്കൂരയ്ക്കു കീഴിലാക്കിയാൽ വണ്ടൂരിന്റെ മുഖം കൂടുതല്‍ സുന്ദരമാകും. വിവിധ ആവശ്യങ്ങൾക്കെത്തുന്നവർക്കു സൗകര്യമാകും. ഗതാഗതത്തിരക്കിൽ വീർപ്പുമുട്ടുന്ന ജംക്‌ഷനിൽ വാഹനങ്ങൾ നിർത്തിയിടാനും യാത്രക്കാർക്കു സുരക്ഷിതമായി ഇരിക്കാനും എല്ലാം സ്ഥലം കണ്ടെത്താനാകും.

വില്ലേജ് ഓഫിസിന് 6.42 സെന്റ്

വണ്ടൂർ വില്ലേജ് ഓഫിസിനു അങ്ങാടിയുടെ തുടക്കത്തിൽ തന്നെ 6.42 സെന്റ് സ്ഥലമാണ് ഉള്ളത്. കാലഹരണപ്പെട്ടു ദ്രവിച്ചു ചോർന്നൊലിക്കുന്ന കെട്ടിടത്തിലാണ് ഇപ്പോഴും പ്രവർത്തനം തുടരുന്നത്. എത്തുന്ന ആളുകളുടെ ഇരുചക്ര വാഹനങ്ങൾ റോഡിലാണു നിർത്തിയിടുന്നത്. വലിയ വാഹനങ്ങളാണെങ്കിൽ ദൂരെ എവിടെയെങ്കിലും നിർത്തിയിട്ടു നടന്നുവരണം.

പഴയ പഞ്ചായത്ത് ഓഫിസിനു 6.50 സെന്റ്

നേരത്തേ പഞ്ചായത്ത് ഓഫിസ് പ്രവർത്തിച്ചിരുന്ന കെട്ടിടമുണ്ടായിരുന്ന സ്ഥലം 6.50 സെന്റുണ്ട്. പഴയ കെട്ടിടം പൊളിച്ചുമാറ്റി വ്യാപാര ആവശ്യത്തിനു വാടകയ്ക്കു കൊടുക്കാൻ പറ്റുന്ന വിധത്തിൽ പുതിയ രണ്ടുനില കെട്ടിടത്തിന്റെ പണി നടക്കുന്നു.

സബ്റജിസ്ട്രാർ ഓഫിസിന്റെ 22.75 സെന്റ്

വണ്ടൂർ സബ്റജിസ്‌ട്രാർ ഓഫിസിനു അങ്ങാടിയിൽ 22.75 സെന്റ് സ്ഥലമുണ്ട്. ഇവിടെ നിലവിലുള്ള 2 കെട്ടിടങ്ങൾ കാലഹരണപ്പെട്ടതുമൂലം പ്രവർത്തനം റോഡിന്റെ എതിർവശത്തെ വാടകമുറിയിലേക്കു മാറ്റിയിരിക്കുകയാണ്. പുതിയ കെട്ടിടം നിർമിക്കാൻ റജിസ്ട്രേഷൻ വകുപ്പു തുക അനുവദിക്കുന്നതു പ്രതീക്ഷിച്ചിരിക്കുകയാണ് ഉദ്യോഗസ്ഥര്‍.

പൊലീസ് കാര്യാലയങ്ങൾക്കു 96.37 സെന്റ്

കൂടുതൽ സ്ഥലമുള്ളത് പൊലീസ് കാര്യാലയങ്ങൾക്കാണ്. ഒരേക്കറോളം സ്ഥലത്തു പൊലീസ് സ്റ്റേഷൻ, സിഐ ഓഫിസ്, ക്വാര്‍ട്ടേഴ്സുകൾ എന്നിവ ചിതറിക്കിടക്കുന്നു. തൊണ്ടിവാഹനങ്ങൾ നിറഞ്ഞു ഇഴജന്തുക്കളുടെയും തെരുവുനായ്ക്കളുടെയും താവളമായി ബാക്കി സ്ഥലം മുഴുവൻ കാടുപിടിച്ചു കിടക്കുകയാണ്. ബ്രിട്ടിഷുകാരുടെ ഭരണകാലത്തു ഫര്‍ഖ ആസ്ഥാനമായിരുന്ന വണ്ടൂരിലെ മുസാവരി ബംഗ്ലാവാണു ഇപ്പോഴത്തെ സിഐ ഓഫിസ്. ഈ കെട്ടിടം ചരിത്ര പ്രാധാന്യത്തോടെ നിലനിര്‍ത്തുകയും ചെയ്യാം.

ശാസ്ത്രീയ രീതിയിൽ കൃത്യമായ ആസൂത്രണത്തിലൂടെ ബഹുനില കെട്ടിടം നിർമിച്ചാൽ അരയേക്കറിനകത്തു കാര്യാലയങ്ങൾ എല്ലാമൊതുക്കാനാകും. പൊന്നും വിലയുള്ള ഒരേക്കറോളം സ്ഥലം നാടിനു മുതൽക്കൂട്ടാകുന്ന വിധത്തിൽ ഇതേ കാര്യാലയങ്ങളുടെ വിവിധ വികസന ആവശ്യങ്ങൾക്കുപയോഗിക്കാം.

വിവിധ വകുപ്പുകളുടെ കീഴിലല്ലേ എന്നൊക്കെ ഒഴുക്കൻ മട്ടിൽ പറഞ്ഞിരുന്നിട്ടു കാര്യമില്ല. നാളെ നവകേരള സദസ്സിനു മുഖ്യമന്ത്രിയും മന്ത്രിമാരും വണ്ടൂരിലെത്തുമ്പോൾ ശ്രദ്ധയിൽ പെടുത്തി കൂട്ടായ ശ്രമമുണ്ടായാൽ ജനമനസ്സിനൊപ്പം അധികൃതരും കൈകോർത്തേക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com