മകുടം ധരിച്ച്, നങ്ങ്യാരായി മകൾ അഞ്ചല, സദസ്സിൽ ഉമ്മ റഹീന; ഫലം വന്നപ്പോൾ ഒന്നാം സ്ഥാനവും

Mail This Article
കോട്ടയ്ക്കൽ ∙ മകുടം ധരിച്ച്, നങ്ങ്യാരായി മകൾ അഞ്ചല വേദിയിൽ തകർത്താടുമ്പോൾ സദസ്സിൽ ഉമ്മ റഹീന വിഡിയോ പിടിക്കുകയായിരുന്നു. 4 മാസം കൊണ്ടാണ് അഞ്ചല നങ്ങ്യാർക്കൂത്ത് പഠിച്ചെടുത്തത്. അഞ്ചല തന്നെയാണ് ഒന്നാമതെത്തിയെന്നറിഞ്ഞപ്പോൾ അവരുടെ ഉള്ളം നിറഞ്ഞു. പ്രതിസന്ധികളെയെല്ലാം വകഞ്ഞുമാറ്റി ഒറ്റയ്ക്കു വളർത്തിയ മകൾ മികവു തെളിയിച്ചപ്പോൾ പറഞ്ഞറിയിക്കാനാകാത്ത അഭിമാനം.
ജില്ലാ കലോത്സവത്തിലെ ഹൈസ്കൂൾ വിഭാഗം നങ്ങ്യാർക്കൂത്തിലാണ് പോട്ടൂർ മോഡേൺ എച്ച്എസ്എസിലെ ഒൻപതാം ക്ലാസുകാരി സി.അഞ്ചല ഒന്നാം സ്ഥാനം നേടിയത്. മൂന്നര വയസ്സുള്ളപ്പോൾ പിതാവ് മരിച്ചതാണ്. തിരൂരിലെ സ്വകാര്യ സ്ഥാപനത്തിൽ അക്കൗണ്ടന്റായ ഉമ്മ റഹീനയാണ് ഏക മകളെ വളർത്തിയത്.
കുഞ്ഞുപ്രായത്തിൽ തന്നെ യുട്യൂബിൽ നോക്കി അഞ്ചല ഭരതനാട്യം അഭ്യസിക്കുമ്പോൾ ഉമ്മ പിന്തുണ നൽകി. നാടോടി നൃത്തവും പഠിച്ചെടുത്തിരുന്നു.
സ്കൂളിലെ കലോത്സവത്തിന്റെ ഭാഗമായി അധ്യാപകർ സ്ക്രീനിങ് നടത്തുന്നതിനിടെയാണ് അഞ്ചലയ്ക്ക് നങ്ങ്യാർക്കൂത്തും വഴങ്ങുന്നുണ്ടെന്ന് കണ്ടത്. ഇതോടെ കലാമണ്ഡലം സംഗീതയുടെ കീഴിൽ പ്രത്യേക പരിശീലനം. ഉമ്മയുടെയും അധ്യാപകരായ ഇന്ദുവിന്റെയും അബ്ബാസിന്റെയും പൂർണ പിന്തുണയും. ചെലവ് കുടുംബത്തിന് ബാധ്യതയാകുമെന്നു കണ്ടതിനാൽ സ്കൂൾ അധികൃതർ തന്നെ അതു വഹിച്ചു. നങ്ങ്യാർക്കൂത്തിലെ കന്നിയങ്കത്തിൽ തന്നെ അഞ്ചല ഉമ്മയുടെയും അധ്യാപകരുടെയും ആഗ്രഹം സഫലമാക്കി. എടപ്പാൾ കുമ്പിടി സ്വദേശിയാണ് അഞ്ചല.കലാമണ്ഡലം സംഗീത നങ്ങ്യാർക്കൂത്ത് പരിശീലിപ്പിച്ച മഞ്ചേരി എച്ച്എംവൈഎച്ച്എസ്‌എസിലെ മേഘ്ന കൃഷ്ണ ഇന്നലെ എച്ച്എസ്എസ് വിഭാഗത്തിലും ജേതാവായി.