ADVERTISEMENT

കിഴിശ്ശേരി ∙ വയലിലെ കൃഷിയിടത്തിൽ പന്നിശല്യം തടയാൻ സ്ഥാപിച്ച വൈദ്യുതവേലിയിൽനിന്നു വിദ്യാർഥി ഷോക്കേറ്റു മരിച്ച സംഭവത്തിൽ 2 പേർ കസ്റ്റഡിയിൽ. കിഴിശ്ശേരി കുഴിഞ്ഞൊളം സ്വദേശി വെള്ളാലിൽ അബ്ദുൽ റസാഖിന്റെ മകൻ സിനാൻ (17) ആണു മരിച്ചത്. ഞായറാഴ്ച രാത്രി പത്തോടെ കുഴി‍ഞ്ഞൊളം അങ്ങാടിക്കു സമീപത്തെ വയലിലായിരുന്നു അപകടം.

കിഴിശ്ശേരി കുഴിഞ്ഞൊളത്തെ വയലിൽ സ്ഥാപിച്ച കമ്പി. ഈ കമ്പിയുടെ സമീപത്താണ് വിദ്യാർഥിക്കു ഷോക്കേറ്റത്.
കിഴിശ്ശേരി കുഴിഞ്ഞൊളത്തെ വയലിൽ സ്ഥാപിച്ച കമ്പി. ഈ കമ്പിയുടെ സമീപത്താണ് വിദ്യാർഥിക്കു ഷോക്കേറ്റത്.

കൃഷിയിടത്തിൽ സ്ഥാപിച്ച കമ്പിയിലൂടെ അനധികൃതമായാണു വൈദ്യുതി കടത്തിവിട്ടതെന്ന് ഇന്നലെ സ്ഥലത്തെത്തിയ പൊലീസ്, വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. രണ്ടുപേരെ ചോദ്യം ചെയ്യാൻ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു. ഇവിടെ കൃഷി ചെയ്യുന്നവരുമായി ബന്ധപ്പെട്ടവരെയാണു പൊലീസ് ചോദ്യം ചെയ്യുന്നത്.

സിനാനു പുറമേ, സുഹൃത്തുക്കളായ ഷംനാദ്, ഇർഫാൻ എന്നിവരാണ് വയലിലേക്ക് ഇറങ്ങിയിരുന്നത്. ഇവർ വയലിലെ വരമ്പിലൂടെ നടന്നുപോകുമ്പോൾ ആണ് അപകടമെന്നാണു നിഗമനം. സിനാനെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിൽ ഷംനാദിനു ഷോക്കേറ്റിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്ന ഷംനാദിന്റെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ട്. ഇർഫാനും ചെറിയ രീതിയിൽ ഷോക്കേറ്റിരുന്നെങ്കിലും അപകടമുണ്ടായില്ല. ഇർഫാൻ ആണു വിവരം തൊട്ടടുത്ത വീട്ടിലുള്ളവരെ അറിയിച്ചത്. ഉടൻ നാട്ടുകാരെത്തി സിനാനെയും ഷംനാദിനെയും ആശുപത്രിയിലെത്തിച്ചെങ്കിലും സിനാനെ രക്ഷിക്കാനായില്ല.

ഇന്നലെ മഞ്ചേരി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടന്നു. മരണകാരണം ഷോക്കേറ്റാണെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. വയലിൽ കൃഷി നടക്കുന്നതിനാൽ പന്നിശല്യം തടയാനാകാം കമ്പിയിലൂടെ വൈദ്യുതി കടത്തിവിട്ടതെന്നാണു പ്രാഥമിക നിഗമനം. വൈദ്യുതി കടത്തിവിട്ട കമ്പി, ഈ കമ്പിയിലേക്ക് കണക്‌ഷൻ നൽകാൻ ഉപയോഗിച്ച വയർ, കമ്പി കെട്ടിവച്ച മരക്കഷണങ്ങൾ, ഷോക്കേറ്റ വിദ്യാർഥികളുടെ ചെരിപ്പ് എന്നിവ കൃഷിയിടത്തിൽനിന്നു കണ്ടെടുത്തതായി പൊലീസ് അറിയിച്ചു.

വൈദ്യുതി കടത്തിവിട്ടത് കണ്ണിൽപെടാത്ത കമ്പിയിലൂടെ

വയലിലെ കൃഷിയിടത്തിലൂടെ വൈദ്യുതി കടത്തിവിട്ടത് ശ്രദ്ധയിൽപെടാത്ത നേർത്ത കമ്പിയിലൂടെയാണ്. എന്നാൽ ഈ കമ്പികളിലേക്ക് വൈദ്യുതി കണക്‌ഷൻ നൽകിയത് എവിടെനിന്നാണെന്നു സ്ഥിരീകരിച്ചിട്ടില്ല. അതിനുള്ള സാധ്യതകൾ ഇന്നലെ സ്ഥലം പരിശോധിച്ച കെഎസ്ഇബി സേഫ്റ്റി ഓഫിസർമാർ പൊലീസിന്റെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ട്. 

സമീപത്തിലൂടെ കടന്നുപോകുന്ന കെഎസ്ഇബിയുടെ പ്രധാന ലൈൻ, സമീപത്തെ വീട്, പമ്പ് ഹൗസ് എന്നിവ ഉദ്യോഗസ്ഥർ പരിശോധിച്ചു. പരിശോധനാ റിപ്പോർട്ട് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കു സമർപ്പിക്കുമെന്ന് ഇന്നലെ സ്ഥലത്തെത്തിയ ഉദ്യോഗസ്ഥർ പറഞ്ഞു. 

അപകടം നടന്ന സ്ഥലത്തിനു ചുറ്റും കൃഷിയിടമായതിനാൽ ഇതുവഴി സാധാരണ കാൽനടയാത്രക്കാർ പോകാറില്ല. ഈ ഭാഗത്ത് പാട്ടത്തിനെടുത്ത് പലരും കൃഷി ചെയ്യുന്നുണ്ട്. വിദ്യാർഥികൾ എന്തിനാണു വയലിലേക്ക് പോയതെന്നു വ്യക്തമല്ല. എങ്കിലും ഇത്തരത്തിൽ കമ്പിയിലൂടെ വൈദ്യുതി കടത്തിവിട്ടാൽ അപകട സാധ്യത ഏറെയാണെന്നു സ്ഥലത്തെത്തിയ സുരക്ഷാ ഓഫിസർമാർ പറഞ്ഞു.

പമ്പ് ഹൗസിലേക്കുള്ളകണക്‌ഷൻ വിഛേദിച്ചു

ദുരന്തമുണ്ടായ വയൽപ്രദേശത്തുള്ള പമ്പ് ഹൗസിലേക്കുള്ള വൈദ്യുതി കണക്‌ഷൻ വിഛേദിച്ചു. ഞായറാഴ്ച രാത്രി പത്തരയോടെയാണു പൊലീസിൽ വിവരം ലഭിക്കുന്നത്. ഉടൻ പൊലീസ് ഉദ്യോഗസ്ഥനെ സ്ഥലത്ത് ഡ്യൂട്ടിയിൽ നിയോഗിച്ചു. അപകടം നടന്ന സ്ഥലത്തേക്ക് മറ്റുള്ളവർ പ്രവേശിക്കുന്നതു തടയാൻ പൊലീസ് പ്രാഥമിക നടപടികൾ സ്വീകരിക്കുകയും ചെയ്തു.

ഡിവൈഎസ്പി മൂസ വള്ളിക്കാടൻ, എസ്ഐ ഫാദിൽ റഹ്മാൻ തുടങ്ങിയവർ സംഭവസ്ഥലത്തെത്തി. നാട്ടുകാരിൽനിന്നും രക്ഷപ്പെട്ട കുട്ടികളിൽനിന്നും പൊലീസ് പ്രാഥമിക വിവരങ്ങൾ തേടി. സിനാന്റെ കബറടക്കം കുഴിഞ്ഞൊളം ജുമാ മസ്ജിദിൽ ഇന്നലെ വൈകിട്ട് മൂന്നരയ്ക്കു വൻ ജനാവലിയുടെ സാന്നിധ്യത്തിൽ നടന്നു. വെന്നിയൂരിൽ ദർസ് വിദ്യാർഥിയാണു സിനാൻ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com