ADVERTISEMENT

കോട്ടയ്ക്കൽ∙ കലാരസക്കൂട്ടുമായി ഗവ. രാജാസ് ഹയർസെക്കൻഡറി സ്കൂൾ അങ്കണത്തിലെ വേദികൾ ഇന്ന് വീണ്ടും ചിലങ്കയണിയും. ഞായറാഴ്ച അർധരാത്രി ആദ്യദിന മത്സരം പൂർത്തിയാക്കി. സ്കൂളിലെ പാർലമെന്റ് തിരഞ്ഞെടുപ്പും ഹാളിൽ സ്റ്റേജിതര മത്സരവുമായതിനാൽ ഇന്നലെ വൈകുന്നേരം വരെ വേദികൾക്ക് വിശ്രമമായിരുന്നു. ഔദ്യോഗിക ഉദ്ഘാടനത്തിനു മുന്നോടിയായി സ്വാഗതഗാനത്തിന്റെ മാധുരിയോടെയാണ് വീണ്ടും തിരശീല ഉയർന്നത്. 

ഇന്നു മുതൽ 4 പകലിരവുകൾ രാജാങ്കണത്തിലെ വേദികളിൽ നൃത്തവും താളവും സമന്വയിക്കും. പ്രധാന വേദിയിൽ തിരുവാതിരക്കളിയാണ് ഇന്നത്തെ ആദ്യ മത്സരയിനം. വേദി രണ്ടിൽ വട്ടപ്പാട്ടും നാലിൽ അറബനമുട്ടും അരങ്ങുതകർക്കും. ഒരുവശത്ത് നാടകത്തിന് കർട്ടൻ ഉയരുമ്പോൾ മറുവശത്തെ വേദിയിൽ ഭരതനാട്യം ലാസ്യച്ചുവടുകൾ തീർക്കും. മാപ്പിളപ്പാട്ട്, ചവി‌ട്ടുനാടകം, ചെണ്ട, പഞ്ചവാദ്യം തുടങ്ങിയ മത്സരങ്ങളും ഇന്ന് അരങ്ങിലെത്തും. 

കെ.കെ.ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎ കലോത്സവം ഉദ്ഘാടനം ചെയ്തു. ജില്ലാ പ‍ഞ്ചായത്ത് പ്രസിഡന്റ് എം.കെ.റഫീഖ ആധ്യക്ഷ്യം വഹിച്ചു. കലക്ടർ വി.ആർ.വിനോദ്, നഗരസഭാധ്യക്ഷ  ഡോ. കെ.ഹനീഷ, ബെൻസീറ, ജലീൽ മണമ്മൽ, സറീന ഹസീബ്, എൻ.എ.കരീം, ബഷീർ രണ്ടത്താണി, ടി.പി.എം.ബഷീർ, സനില പ്രവീൺ, ടി.കബീർ, കെ.പി.രമേശ് കുമാർ, പി.പി.മുജീബ് റഹ്മാൻ തുടങ്ങിയവർ പ്രസംഗിച്ചു. കലോത്സവം 8ന് സമാപിക്കും. സമാപന സമ്മേളനം കെ.പി.എ.മജീദ് എംഎൽഎ ഉദ്ഘാടനം ചെയ്യും. 

മങ്കട ഉപജില്ല മുന്നിൽ

ജില്ലാ കലോത്സവത്തിന്റെ രണ്ടാംദിനം പിന്നിട്ടപ്പോൾ ഹയർ സെക്കൻഡറി വിഭാഗത്തിൽ 133 പോയിന്റുമായി മങ്കട ഉപജില്ല മുന്നേറുന്നു. ഹൈസ്കൂൾ വിഭാഗത്തിൽ 93 പോയിന്റെടെ വേങ്ങര ഉപജില്ലയാണ് മുന്നിൽ. ഹൈസ്കൂൾ അറബിക് കലോത്സവത്തിൽ 7 ഉപജില്ലകൾ 35 പോയിന്റ് വീതം നേടിയിട്ടുണ്ട്. ഹൈസ്കൂൾ സംസ്കൃത കലോത്സവത്തിൽ 4 ഉപജില്ലകൾക്ക് 25 പോയിന്റ് വീതമുണ്ട് .

യുപി ജനറൽ വിഭാഗത്തിൽ 55 പോയിന്റ് നേടി മങ്കട ഉപജില്ല തന്നെയാണ് മുന്നിൽ. യുപി വിഭാഗം അറബിക് കലോത്സവത്തിൽ 10 ഉപജില്ലകൾക്കു 20 പോയിന്റ് വീതമുണ്ട്. യുപി സംസ്കൃതം കലോത്സവത്തിൽ 4 ഉപജില്ലകൾക്കു 40 പോയിന്റുണ്ട്. ഇന്നലെ 3 വേദികളിലായി ചിത്രരചന പെൻസിൽ, ജലച്ചായം, എണ്ണച്ചായം, കാർട്ടൂൺ, ഹിന്ദി കവിത, കഥ, ഉപന്യാസ രചനകൾ എന്നിവയുടെ മത്സരമാണ് നടന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com