ADVERTISEMENT

കോട്ടയ്ക്കൽ ∙ ജില്ലാ സ്കൂൾ കലോത്സവം നടക്കുന്ന രാജാസ് ഹയർസെക്കൻഡറി സ്കൂളിലെ സ്മൃതിവനത്തിലെ ഇരിപ്പിടങ്ങളിലെല്ലാം തിരക്കാണ്. വന്നവരാരും അത്രപെട്ടെന്നു തിരികെ പോകുന്നില്ല. ഖസാക്കിന്റെ ഇതിഹാസവും ഞാറ്റുപുരയിലെ ഏകാധ്യാപക വിദ്യാലയവും ധർമപുരാണത്തിലെ പ്രജാപതിയുമെല്ലാം ഇവിടെയിരിക്കുന്നവരുടെ ചിന്തകളിലെത്തുന്നുണ്ട്. ചുരം കടന്നെത്തുന്ന പാലക്കാടൻ കാറ്റിനെ ഓർമിപ്പിക്കും പോലെയാണ് സ്മൃതിവനത്തിന്റെ തണലിലൂടെ മന്ദമാരുതൻ തഴുകി കടന്നുപോകുന്നത്. 

ഈ സ്കൂളിൽ 1941 – 42 കാലഘട്ടത്തിൽ രണ്ടാം ഫോറത്തിൽ ഒ.വി.വിജയൻ പഠിച്ചിരുന്നു. അദ്ദേഹത്തിന്റെ അച്ഛൻ വേലുക്കുട്ടി എംഎസ്പിയിലെ ഉദ്യോഗത്തിന് എത്തിയതോടെയാണ് വിജയൻ ഇവിടെ പഠനം നടത്തിയത്. ഇതിന്റെ ഓർമയ്ക്ക് വിദ്യാരംഗം കലാസാഹിത്യവേദി 2013ലാണ് സ്കൂളിൽ ഒ.വി വിജയൻ സ്മൃതിവനം നിർമിച്ചത്. ചിത്രകലാ അധ്യാപകനായ ഇന്ത്യനൂർ ബാലകൃഷ്ണൻ നിർമിച്ച ഒ.വി.വിജയന്റെ ശിൽപം ഇവിടെയുണ്ട്. കയ്യിലൊരു പൂച്ചയുമായി നിൽക്കുന്ന വിജയനാണ് ശിൽപത്തിലുള്ളത്.

അദ്ദേഹത്തിന് പൂച്ചകളെ ഏറെ ഇഷ്ടമായിരുന്നത്രേ. ഡൽഹിയിൽ താമസിക്കുമ്പോൾ അദ്ദേഹം വളർത്തിയിരുന്ന  പൂച്ചയെ നഷ്ടപ്പെട്ടു. അതിൽ അദ്ദേഹത്തിനു വലിയ സങ്കടമുണ്ടായിരുന്നു. പിന്നീട് പൂച്ചയെ തിരികെക്കിട്ടുകയും ചെയ്തു. ഈ കഥയാണ് ബാലകൃഷ്ണൻ പൂച്ചയുമായി നിൽക്കുന്ന ശിൽപം തയാറാക്കാൻ കാരണം. 

‘പുറത്ത് വിസ്മൃതിയുടെ ലഹരിയിൽ മുഴുകിയ രാത്രി – ഖസാക്കിലെ കരിമ്പനകളിൽ കാറ്റുപിടിച്ചു. ദൂരെ ദൂരെ ഈരച്ചൂട്ടുകൾ മിന്നി മിന്നി കടന്നുപോയി’ – എന്നും ശിൽപത്തിൽ എഴുതിയിട്ടുണ്ട്. ഇരിപ്പിടങ്ങളും മറ്റ് ചെറുശിൽപങ്ങളുമെല്ലാം ഇവിടെയുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com