ADVERTISEMENT

തേഞ്ഞിപ്പലം ∙ ദേശീയപാത നിർമാണത്തെ തുടർന്നുള്ള വഴിക്കുരുക്കിൽ നിന്ന് ചേലേമ്പ്ര പൈങ്ങോട്ടൂർമാട് മേഖലയുടെ മോചനത്തിനായി അടിപ്പാത നിർമിക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികൾ എൻഎച്ച് അതോറിറ്റി ഉദ്യോഗസ്ഥരെ വളഞ്ഞു. 

പി.അബ്ദുൽ ഹമീദ് എംഎൽഎ അറിയിച്ചതനുസരിച്ച് ഇന്നലെ എൻഎച്ച് അതോറിറ്റി ലെയ്സൺ ഓഫിസർ പി.പി.എം.അഷ്റഫിന്റെ നേതൃത്വത്തിൽ വിഷയം പഠിക്കാൻ ഉദ്യോഗസ്ഥർ എത്തിയപ്പോൾ ചുറ്റിലും വളഞ്ഞ് ജനം അടിപ്പാത അനിവാര്യമെന്ന് ബോധ്യപ്പെടുത്തുകയായിരുന്നു. 

എന്നാൽ, കാക്കഞ്ചേരിയിലും ചെട്യാർമാട്ടും പാലമുള്ളതിനാൽ പൈങ്ങോട്ടൂ‍ർമാട്ടിൽ പുതിയൊരു പാലം അനുവദിക്കാനാകില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ജനങ്ങൾ അനുകൂലതീരുമാനം നേടിയെടുത്താൽ തങ്ങൾക്ക് സന്തോഷമേയുള്ളുവെന്ന നിലയ്ക്കാണ് ഉദ്യോഗസ്ഥർ ഇക്കാര്യം അറിയിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് എ.പി.ജമീല, വൈസ് പ്രസിഡന്റ് കെ.പി. ദേവദാസ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ആക്‌ഷൻ കമ്മിറ്റി ഭാരവാഹികൾ കൂടിക്കാഴ്ച നടത്തിയത്. 

പിന്നീട് പി.അബ്ദുൽ ഹമീദ് എംഎൽഎയുടെ നേതൃത്വത്തിൽ കലക്ടർ വി.ആർ.വിനോദിനെ പ്രശ്നങ്ങൾ ധരിപ്പിച്ചു. സ്ഥലം സന്ദർശിക്കാമെന്ന് കലക്ടർ ഉറപ്പ് നൽകി. ഇക്കാര്യത്തിൽ ചെയ്യാവുന്നതല്ലാം ചെയ്യാമെന്നും അന്തിമ തീരുമാനം എടുക്കേണ്ടത് എൻഎച്ച് അതോറിറ്റി ആണെന്നും കലക്ടർ അറിയിച്ചു. മുസ്‌ലിം ലീഗ് ചേലേമ്പ്ര പഞ്ചായത്ത് സെക്രട്ടറി കെ.റഫീഖ്, പഞ്ചായത്തംഗം ജംഷീദാ നുറുദ്ധീൻ, ടി.കെ.മുഹമ്മദ് കുട്ടി, ടി.നാസർ, സി.മുജീബ് എന്നിവരും എംഎൽഎക്കൊപ്പം കലക്ടറെ കണ്ടു.

പൈങ്ങോട്ടൂർമാട് മേഖലരണ്ടായി വിഭജിക്കപ്പെടും

∙ എൻഎച്ച് 6 വരി പാത 6 മീറ്ററോളം ഉയരുന്നതോടെ ചേലേമ്പ്ര പൈങ്ങോട്ടൂർമാട് മേഖല രണ്ടായി വിഭജിക്കപ്പെടും. 45 മീറ്റർ മാത്രം ദൂരമുള്ള 2 വശങ്ങളിലേക്കും എത്താ‍ൻ 2 കിലോമീറ്ററിലേറെ ചുറ്റി എത്തേണ്ടി വരും. പരിസര അങ്ങാടികളിലെ മേൽപാലം പൈങ്ങോട്ടൂർമാട്ടിൽ അടിപ്പാത അനുവദിക്കുന്നതിന് സാങ്കേതികതടസ്സമായി ഉണ്ടെന്നാണ് അധികൃതരുടെ നിലപാട്.

പൈങ്ങോട്ടൂർ ഗ്രാമീണ റോഡ് പല മരാമത്ത് റോഡുകളിലേക്കുമുള്ള എളുപ്പ വഴിയാണ്. കോഴിക്കോട് ജില്ലയിലെ കടലുണ്ടി, മണ്ണൂർ ഭാഗങ്ങളിൽ എളുപ്പം എത്താവുന്ന റോഡ്. പൈങ്ങോട്ടൂരിൽ കെട്ടിപ്പൊക്കിയാണ് റോഡ് നിർമാണമെന്ന് ജനം അറിയാൻ വൈകിയതും തിരിച്ചടിയായി. 

എം.പി.അബ്ദുസ്സമദ് സമദാനി എംപി വഴി പാർലമെന്റിലും പി.അബ്ദുൽ ഹമീദ് എംഎൽഎ വഴി നിയമസഭയിലും പ്രശ്നം എത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചതായി ചേലേമ്പ്ര പഞ്ചായത്ത് മുസ്‍ലിം ലീഗ് സെക്രട്ടറി കെ.റഫീഖ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com