തീരനാടിന് നഷ്ടമായത് മികച്ചൊരു ഫുട്ബോൾ താരത്തെ

Mail This Article
താനൂർ∙ തീരനാടിന് ഇന്നലെ നഷ്ടമായത് മികച്ചൊരു ഫുട്ബോൾ താരത്തെ. ഒപ്പം നാട്ടുകാരുടെ മനസ്സിൽ നിറഞ്ഞത് ബോട്ട് ദുരന്തത്തിന്റെ നടുക്കുന്ന ഓർമകളും. തിരയിൽ തട്ടി വള്ളം മറിഞ്ഞ് മരിച്ച കോട്ടിലകത്ത് റിസ്‌വാൻ മേഖലയിലെ കഴിവു തെളിയിച്ച ഫുട്ബോൾ കളിക്കാരനായിരുന്നു. ഒഴിവു വേളകളിൽ പതിവായി തീരത്തെ മൈതാനങ്ങളിലിറങ്ങും. രാവിലെ 9 കഴിഞ്ഞതോടെയാണ് വള്ളം മറിഞ്ഞ വിവരം നാടറിയുന്നത്. ഈ വർഷം മേയ് 7നു 22 പേരുടെ വേർപാടുണ്ടാക്കിയ ദുരന്തത്തിന്റെ നടുക്കം വിട്ടുമാറുന്നതിന് മുൻപാണ് തൂവൽതീരത്ത് മറ്റൊരു അപകടം.
മത്സ്യത്തൊഴിലാളികളുടെ ഒത്തൊരുമയും ടിഡിആർഎഫ് അംഗങ്ങളുടെയും പൊലീസിന്റെയും കഠിന ശ്രമവും മൂലമാണ്, കടലിൽ വീണ തൊഴിലാളിയെ എളുപ്പത്തിൽ കണ്ടെത്താനായതും മറ്റുള്ളവരെ രക്ഷിക്കാൻ പറ്റിയതും. മീൻപിടിത്തത്തിലേർപെട്ടവർ പണി ഉപേക്ഷിച്ച് രക്ഷാപ്രവർത്തനം നടത്തിയതും വേറിട്ട കാഴ്ചയായി.കണ്ടെത്തിയ റിസ്‌വാനുമായി എളാരൻ കടപ്പുറത്തെ സിഎച്ച്സിയിലേക്ക് യുവാക്കൾ കുതിച്ചെങ്കിലും മരണ സ്ഥിരീകരണമാണ് കേൾക്കാനായത്. ഒട്ടേറെ യുവാക്കളും തീരത്ത് തടിച്ചുകൂടിയിരുന്നു. കബറടക്കം വൈകിട്ട് കോർമൻ കടപ്പുറം മുഹ്‌യിദ്ദീൻ പള്ളിയിൽ നടന്നു.