ADVERTISEMENT

തിരൂരങ്ങാടി ∙ മുന്നറിയിപ്പ് നൽകാതെ മണ്ണട്ടാംപാറ അണക്കെട്ടിന്റെ ഷട്ടർ താഴ്ത്തിയതിനെ തുടർന്ന് വെഞ്ചാലി വയലിൽ വെള്ളം കയറി.   കൃഷിക്കൊരുങ്ങിയ കർഷകർ ദുരിതത്തിലായി. മണ്ണട്ടാംപാറ അണക്കെട്ടിന്റെ ഷട്ടർ കഴിഞ്ഞ ദിവസം ജലസേചന വകുപ്പിന്റെ നേതൃത്വത്തിൽ അടച്ചത് കാരണം തിരൂരങ്ങാടി, നന്നമ്പ്ര മേഖലകളിലെ കൃഷിക്കായി ഒരുക്കിയ വയലുകളിലേക്ക് വെള്ളം കയറിയിരുന്നു.   സാധാരണ ഷട്ടർ അടക്കുമ്പോൾ കർഷകർക്ക് മുൻകൂട്ടി വിവരം നൽകാറുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ വെഞ്ചാലി വിസിബി, വട്ടച്ചറി വിസിബി എന്നിവിടങ്ങളിൽ കർഷകരുടെ നേതൃത്വത്തിൽ പലക വച്ച് അടക്കും. ഇതിന് ശേഷമാണ് മണ്ണട്ടാംപാറ ഷട്ടർ അടക്കാറുള്ളത്. 

ഇത്തവണ മുൻകൂട്ടി വിവരം നൽകാതെയാണ് അടച്ചത്. ഇതേ തുടർന്ന് വെഞ്ചാലി പാടശേഖരത്തിലും മോര്യാ കാപ്പ് പാടശേഖരത്തിലും ജലനിരപ്പ് ഉയർന്നു. ഷട്ടർ അടക്കുന്നതോടെ വെള്ളം പുഴ വഴി ഇവിടേക്ക് എത്തിച്ചേരുകയാണ്. ഈ മാസാവസാനം നെൽക്കൃഷിയിറക്കുന്നതിനായി പാടങ്ങളിൽ ഒരുക്കങ്ങൾ നടത്തുകയായിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിതമായി വെള്ളമെത്തിയത്. വയലിൽ വെള്ളമുള്ളതിനാൽ കൃഷിയിറക്കാൻ സാധിക്കില്ല. 

വെള്ളം വറ്റിച്ച ശേഷമേ ഇനി കൃഷിയിറക്കാൻ സാധിക്കൂ. വെ‍ഞ്ചാലിയിലെ പമ്പ് ഹൗസ് വഴി വെള്ളം പമ്പ് ചെയ്യാൻ ആരംഭിച്ചെങ്കിലും ഇതിന് സമയമെടുക്കും. ഉദ്യോഗസ്ഥരുടെ നിരുത്തരവാദിത്വം കാരണം കൃഷിയിറക്കൽ വൈകേണ്ട അവസ്ഥയിലാണെന്ന് പാടശേഖര സമിതി ഭാരവാഹികൾ പറഞ്ഞു. കൃഷിയിറക്കാൻ വൈകിയാൽ വിളവും വൈകും. 

പാടശേഖര സമിതി ഭാരവാഹികളുടെ നേതൃത്വത്തിൽ ജലസേചന വിഭാഗം അസി. എൻജിനീയറെ കണ്ടപ്പോൾ അറിയിക്കാൻ വിട്ടുപോയെന്നാണു പറഞ്ഞത്. ഇവിടെ സ്ഥിരം അസി. എൻജിനീയർ ഇല്ലാത്തതിനാൽ പകരം മറ്റൊരാൾക്ക് ചുമതല നൽകിയിരിക്കുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com