ADVERTISEMENT

കൊണ്ടോട്ടി ∙ ‘ഈ ഫോട്ടോയിൽ അറ്റത്തിരിക്കുന്നതാണു മാഷ്’ പ്രിയപ്പെട്ട അധ്യാപകൻ അഹമ്മദ് നൂഹുവിനു കൈമാറിയ ഉപഹാരത്തിൽ ചേർത്ത ചിത്രത്തിലേക്കു ചൂണ്ടി ഐഎസ്ആർഒയുടെ ചന്ദ്രയാൻ 3 മിഷൻ ഡയറക്ടർ എസ്.മോഹനകുമാർ പറഞ്ഞു.1979ൽ തിരുവനന്തപുരം തൈക്കാട് ഗവ.മോഡൽ സ്കൂളിൽ പത്താം ക്ലാസിൽ പഠിച്ച 13 പേരാണ് അവരെ കണക്കിന്റെ കളികൾ പഠിപ്പിച്ച അഹമ്മദ് നൂഹു (77) എന്ന അധ്യാപകനെ കാണാനെത്തിയത്. ക്ലാസുകൾ കഴിഞ്ഞ് പലവഴി പിരിയുംമുൻപ് അവരെടുത്ത ഫോട്ടോ ആയിരുന്നു ആ ഉപഹാരത്തിൽ. 

തിരുവനന്തപുരം തൈക്കാട് സ്വദേശിയായ അഹമ്മദ് നൂഹു 2001ൽ പ്രിൻസിപ്പൽ ആയാണു വിരമിച്ചത്. ഭാര്യ സുലൈഹ മരിച്ചതിനു ശേഷം 3 വർഷമായി മകൾ ഡോ. അനീഷ അഹമ്മദിനും മരുകമൻ ഡോ.ചുണ്ടക്കാടൻ മുഹമ്മദ് സിദ്ദീഖിനും ഒപ്പം കൊണ്ടോട്ടിയിലാണ് താമസം.

ചന്ദ്രയാൻ ദൗത്യ വിജയത്തിനു ശേഷം തൈക്കാട് സ്കൂളിൽ നൽകിയ സ്വീകരണത്തിൽ പൂർവവിദ്യാർഥിയായ എസ്.മോഹനകുമാർ കണക്ക് അധ്യാപകൻ അഹമ്മദ് നൂഹുവിനെക്കുറിച്ച് പ്രത്യേകം എടുത്തു പറഞ്ഞിരുന്നു. അക്കാര്യമറിഞ്ഞ്, അഹമ്മദ് നൂഹുവിന്റെ സുഹൃത്തും അയൽവാസിയുമായ കെ.എം.മഹ്മൂദിന്റെ ഇടപെടലാണ് ഇന്നലത്തെ സംഗമത്തിൽ എത്തിച്ചത്.

എസ്.മോഹനകുമാറിനെക്കൂടാതെ, ബാങ്ക് ഉദ്യോഗസ്ഥരായും ഡോക്ടറായും മറ്റും വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന പി.മുരളീധരൻ, കെ.പി.രാജൻ, കെ.എസ്.ഹരികുമാർ, വി.വി.ഹരിലാൽ, പി.വി.സുരേഷ്കുമാർ, ജി.റജി, എസ്.രമേഷ്, എ.കെ.അനിൽ, എസ്.എസ്.ശ്യാം, ഡോ.എസ്.സതീഷ്, അഫ്താബ് കരീം, ഷാഹുൽ ഹമീദ് എന്നിവരാണ് ഇന്നലെ കൊണ്ടോട്ടിയിലെത്തിയത്. ഹൈസ്കൂളിലെ 3 വർഷവും അവരുടെ കണക്ക് അധ്യാപകനായിരുന്നു അഹമ്മദ് നൂഹു. നടൻ മോഹൻലാൽ, ഗണേഷ്കുമാർ എംഎൽഎ തുടങ്ങിയവരും അഹമ്മദ് നൂഹുവിന്റെ പഠിതാക്കളായിരുന്നു. വൈകിട്ട് 3ന് എത്തിയ ‘വിദ്യാർഥിസംഘം’ മുൻ അധ്യാപകനൊപ്പം മണിക്കൂറുകൾ ചെലവഴിച്ചു മടങ്ങി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com