ADVERTISEMENT

മലപ്പുറം ∙ മുൻ വർഷത്തെ അപേക്ഷിച്ച് ജില്ലയിലെ പ്രവാസി നിക്ഷേപത്തിൽ 821 കോടിയുടെ ഇടിവ്. സെപ്റ്റംബർ മുതലുള്ള 3 മാസത്തെ കണക്കുപ്രകാരം ജില്ലയിലെ പ്രവാസി നിക്ഷേപം 13,221.23 കോടിയാണ്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ നിക്ഷേപം 14042.81 കോടിയായിരുന്നു. ആകെ നിക്ഷേപത്തിലും വായ്പയിലും വൻ വർധന രേഖപ്പെടുത്തിയപ്പോഴാണ് പ്രവാസി നിക്ഷേപം ഇടിഞ്ഞത്. അതേസമയം, ഈ വർഷം സെപ്റ്റംബറിനു മുൻപുള്ള 3 മാസത്തെ കണക്കുമായി താരതമ്യപ്പെടുത്തുമ്പോൾ പ്രവാസി നിക്ഷേപത്തിൽ നേരിയ വർധനയുണ്ട്. അന്ന് 13208.89 കോടിയായിരുന്നു നിക്ഷേപം. 12 കോടിയുടെ വർധനയാണ് ഉള്ളത്. ജില്ലാതല ബാങ്കിങ് അവലോകന യോഗത്തിലാണ് കഴിഞ്ഞ പാദത്തിലെ കണക്കുകൾ അവതരിപ്പിച്ചത്.

നിക്ഷേപം കുത്തനെ കൂടി
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ജില്ലയിലെ ബാങ്കുകളിലെ ആകെ നിക്ഷേപത്തിൽ വൻ വർധനയുണ്ട്. 3106.67 കോടി അധിക നിക്ഷേപമാണ് കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് ബാങ്കുകളിലെത്തിയത്. ഇത്തവണ ആകെ നിക്ഷേപം 52144.70 കോടിയാണ്. കഴിഞ്ഞ വർഷം ഇത് 49038.74 കോടിയായിരുന്നു.

ഈ വർഷത്തെ മുൻ പാദത്തെ അപേക്ഷിച്ചും ആകെ നിക്ഷേപത്തിൽ വർധനയുണ്ട്. മുൻ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ ജില്ലയിലെ ബാങ്കുകൾ ഈ വർഷം സെപ്റ്റംബർ പാദത്തിൽ ബാങ്ക് വായ്പയിൽ 3860 കോടിയുടെ വർധനയാണുള്ളത്. കഴിഞ്ഞ മൂന്നു മാസത്തിനിടെ ജില്ലയിലെ ബാങ്കുകൾ 35,317 കോടി വായ്പ നൽകി. ഈ വർഷം കഴിഞ്ഞ പാദത്തെ അപേക്ഷിച്ചും വായ്പയിൽ 463 കോടിയുടെ വർധന രേഖപ്പെടുത്തിയിട്ടുണ്ട്.

100 ന് വായ്പ 67.73 രൂപ
ജില്ലയിലെ നിക്ഷേപ വായ്പാ അനുപാതത്തിലും നേരിയ വർധനയുണ്ട്. നേരത്തേ ഇത് 64.83% ആയിരുന്നെങ്കിൽ നിലവിൽ 67.3 % ആയി. അതായത് ജില്ലയിലെ ബാങ്കുകളിൽ നിക്ഷേപിക്കുന്ന 100 രൂപയിൽ 67.73 വായ്പയായി നൽകുന്നു. കേരള ഗ്രാമീൺ ബാങ്കാണ് നിക്ഷേപ വായ്പാ അനുപാതത്തിൽ മുന്നിൽ. ഇവിടെ നിക്ഷേപിക്കുന്ന 100 രൂപയ്ക്ക് 82.15 രൂപ വായ്പ നൽകുന്നു. നിക്ഷേപ –വായ്പാ അനുപാതം 82.15%. കനറാ ബാങ്ക് ( 75.86), എസ്ബിഐ (42.1), ഫെഡറൽ ബാങ്ക് ( 31.96). സൗത്ത് ഇന്ത്യൻ ബാങ്ക് ( 42.77) എന്നിങ്ങനെയാണ് മറ്റു ബാങ്കുകളെ കണക്ക്. അനുപാതം 60 ശതമാനത്തിനു മുകളിലെത്തിക്കാൻ ബാങ്കുകൾ ശ്രദ്ധിക്കണമെന്ന് യോഗം അഭിപ്രായപ്പെട്ടു.

കലക്ടർ വി.ആർ.വിനോദ് അധ്യക്ഷത വഹിച്ചു. യോഗത്തിൽ ലീഡ് ഡിസ്ട്രിക്ട് ഓഫിസർ വി. സാവിയോ ജോസ്, നബാർഡ് ജില്ലാ ഡവലപ്മെന്റ് മാനേജർ എ. മുഹമ്മദ് റിയാസ്, കനറാ ബാങ്ക് ജി.എം അനൂപ്, ജില്ലാ ലീ‍ഡ് ബാങ്ക് മാനേജർ എം.എ.ടിറ്റൻ തുടങ്ങിയവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com