നാടുകാണി– ഗൂഡല്ലൂർ– മുതുമല– മസിനഗുഡിയിലൂടെ ഒരു പകൽ; ത്രില്ലടിപ്പിക്കുന്ന വനയാത്ര

Mail This Article
ഗൂഡല്ലൂർ ജംക്‌ഷനിലെത്തുമ്പോൾ ബോർഡിൽ ഇടത് ഭാഗത്തേക്ക് മൈസൂരുവെന്നും വലതു ഭാഗത്തേക്ക് ഊട്ടി എന്നും കാണാം. രണ്ടു വഴി പോയാലും കാനന ഭംഗിയും കാട്ടുമൃഗങ്ങളും തേയിലത്തോട്ടങ്ങളും കോടമഞ്ഞും നിറഞ്ഞ യാത്ര ആസ്വദിക്കാം......
എത്ര യാത്ര ചെയ്താലും മതിവരാത്ത റൂട്ടാണ് നാടുകാണി ചുരം കയറി നീലഗിരിയിലേക്കുള്ള യാത്ര. ഈ യാത്ര ഒരു ലഹരി തന്നെ ആയവർ ധാരാളമാണ്. ഒഴിവു കിട്ടിയാൽ മറ്റൊന്നും നോക്കാതെ വാഹനം എടുത്ത് ചുരത്തിനു വച്ചുപിടിക്കും. ആനമറി കഴിഞ്ഞ് ഒന്നാം വളവിലെത്തുമ്പോൾതന്നെ ത്രില്ലാകും. വളവ് കഴിഞ്ഞ് അൽപം മുന്നോട്ടുചെന്നാൽ നാടുകാണി ചുരത്തിലെ കാഴ്ചയുടെ ഏറ്റവും മനോഹരമായ സ്ഥലമാണ് ‘വ്യൂ പോയിന്റ്’.

ഇവിടെനിന്നു നോക്കിയാൽ പച്ചപുതച്ച താഴ്‌വാരവും പശ്ചിമഘട്ട മലനിരകളും കാണാം. അതിരാവിലെയും സന്ധ്യാ സമയത്തും കോടമൂടി കാഴ്ചയ്ക്ക് കൂടുതൽ സൗന്ദര്യമാകും. പിന്നീട് മുന്നോട്ടുള്ള യാത്രയിൽ തേൻപാറയും കല്ലളയും തണുപ്പൻചോലയും എല്ലാം കാഴ്ചയെ ആസ്വാദ്യമാക്കും.
ഇതിനിടയിൽ പാതയോരത്ത് ആനക്കൂട്ടത്തെയും കാണാം. അടുത്തിടെയായി മിക്ക ദിവസങ്ങളിലും ചുരം പാതയിൽ ആനകളുണ്ട്. ചുരം കയറി നാടുകാണി ജംക്‌ഷനിൽനിന്ന് ഇടത് തിരിഞ്ഞാൽ ദേവാല, പന്തല്ലൂർ, ചേരമ്പാടി വഴി വയനാട്ടിലേക്ക് പോകാം. ഇനി വലത് തിരിഞ്ഞാണെങ്കിൽ ഗൂഡല്ലൂരിലെത്തും. ഗൂഡല്ലൂർ ജംക്‌ഷനിലെത്തുമ്പോൾ ബോർഡിൽ ഇടത് ഭാഗത്തേക്ക് മൈസൂരുവെന്നും വലതു ഭാഗത്തേക്ക് ഊട്ടി എന്നും കാണാം.

രണ്ടു വഴി പോയാലും കാനന ഭംഗിയും കാട്ടുമൃഗങ്ങളും തേയിലത്തോട്ടങ്ങളും കോടമഞ്ഞും തണുപ്പും എല്ലാം ഉണ്ട്. മൈസൂരു റൂട്ടിൽ 20 കിലോമീറ്റർ സഞ്ചരിച്ചാൽ മുതുമല കടുവ സങ്കേതത്തിലെത്തും. ഇവിടത്തെ ആന വളർത്തുകേന്ദ്രവും സന്ദർശിക്കാം. കാനന യാത്രയ്ക്കും സൗകര്യമുണ്ട്. വനപാതയിലെ യാത്രയ്ക്കിടയിൽ ആനയും പുള്ളിമാനും മയിലും ഒക്കെയാണ് കൂടുതലായി കാണുക.

എന്നാൽ, വനം വകുപ്പിന്റെ വാഹനത്തിൽ ടിക്കറ്റെടുത്ത് കാടിനുള്ളിലൂടെയുള്ള സവാരിയിൽ കടുവ, പുലി, കരടി, കാട്ടുപോത്ത് എന്നിവയെല്ലാം കാണാൻ സാധ്യതയുണ്ട്. മുതുമലയിലയിൽനിന്നു മസിനഗുഡി വഴി കല്ലട്ടി ചുരം കയറി നടുവട്ടം വന്ന് തിരിച്ച് ഗൂഡല്ലൂരിലെത്തി നാട്ടിലേക്ക് മടങ്ങാം. നിലമ്പൂരിൽനിന്നു പുറപ്പെടുന്ന സഞ്ചാരികൾക്ക് ഒരു പകൽ സമയത്തിൽ ഈ സ്ഥലങ്ങളെല്ലാം യാത്ര ചെയ്ത് ആസ്വദിച്ച് തിരിച്ചെത്താൻ സാധിക്കും,

രാത്രിയാത്രയ്ക്ക് വിലക്കുണ്ട്
∙ മുതുമല - ബന്ദിപ്പൂർ വനമേഖലയിലെ രാത്രി യാത്രയ്ക്ക് വിലക്കുണ്ട്. രാത്രി 9 മുതൽ രാവിലെ 6 വരെയാണ് യാത്രാ വിലക്ക്. ഗൂഡല്ലൂരിൽ നിന്നെത്തുന്ന വാഹനങ്ങൾ തൊറപ്പള്ളി ചെക്പോസ്റ്റിലും ഗുണ്ടൽപേട്ട് ഭാഗത്ത് നിന്നെത്തുന്ന വാഹനങ്ങൾ മേൽകനഹള്ളി ചെക്പോസ്റ്റിലുമാണ് തടയുന്നത്.