ADVERTISEMENT

 പ്രകൃതിയുടെ വരദാനമായ നിലമ്പൂരിലെ ടൂറിസം കേന്ദ്രങ്ങൾ സഞ്ചാരികളെ മാടി വിളിക്കുന്നു.....

ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന മനുഷ്യനിർമിത തേക്ക് തോട്ടം, ഒരേയൊരു തേക്ക് മ്യൂസിയം, കരുളായിയിലെ കരിമ്പുഴ വന്യജീവി സങ്കേതം, നിലമ്പൂരിന്റ ഹിൽ സ്റ്റേഷനായ കക്കാടംപൊയിൽ. മലയാേരത്ത് അനുദിനം വികസിക്കുന്ന ടൂറിസം കേന്ദ്രങ്ങളുടെ പട്ടിക നീളുകയാണ്. വിനോദസഞ്ചാരികളെ സ്വീകരിക്കുന്നതിന് സർവസന്നാഹങ്ങളാണ് ടൂറിസം വകുപ്പും നിലമ്പൂർ ടൂറിസം ഓർഗനൈസേഷനും ഒരുക്കം നടത്തുന്നത്.

കനോലി ഇക്കോ ടൂറിസം കേന്ദ്രം
കെഎൻജി സംസ്ഥാനാന്തര പാതയിൽ അരുവാക്കോട് നിലമ്പൂരിന്റെ പ്രവേശന കവാടത്തിലാണ് കനോലി ഇക്കാേ ടൂറിസം കേന്ദ്രം. കുതിരപ്പുഴ, ചാലിയാർ എന്നിവയുടെ തീരത്തെ 13 ഏക്കറിൽ പുഴയോര നടപ്പാത, കുട്ടികളുടെ പാർക്ക്, ശലഭോദ്യാനം, നക്ഷത്ര വനം, വംശനാശ ഭീഷണിയുള്ള സസ്യങ്ങളുടെ തോട്ടം, ഔഷധ സസ്യങ്ങൾ, അലങ്കാര ചെടികൾ എന്നിവയുടെ ഉദ്യാനം തുടങ്ങിയ ഒരുക്കിയിരിക്കുന്നു.

ചാലിയാറിനക്കരെയാണ് ലോകത്ത് മനുഷ്യൻ നട്ടുവളർത്തിയതിൽ ഏറ്റവും പഴക്കം ചെന്ന കനോലി തേക്ക് തോട്ടം. രാജ്യാന്തര സഞ്ചാരികൾ ഉൾപ്പെടെ സന്ദർശകരെ കേന്ദ്രത്തിലേക്ക് പ്രധാനമായി ആകർഷിക്കുന്നത് തോട്ടമാണ്. 2019 ലെ പ്രളയത്തിൽ തൂക്കുപാലം തകർന്നതിനാൽ ഇപ്പോൾ പ്രവേശനമില്ല. ടൂറിസം ഇൻഫർമേഷൻ സെന്റർ, ഇക്കോ ഷോപ്പ് എന്നിവ പ്രവർത്തിക്കുന്നു.

nilambur-tourism-centers3
1) നിലമ്പൂർ കനോലി ഇക്കാേ ടൂറിസം കേന്ദ്രത്തിൽ കെഎൻജി പാതയിലെ പ്രകൃതി ഭംഗി. (2) നിലമ്പൂർ കനോലി ഇക്കോ ടൂറിസം കേന്ദ്രം പ്രവേശനകവാടം.

ഡിഎഫ്ഒ ബംഗ്ലാവ്,ആകാശ നടപ്പാത|
കെഎൻജി പാതയിൽ നിലമ്പൂർ ചന്തക്കുന്നിൽ കുന്നിൻ മുകളിലെ ഡിഎഫ്ഒ ബംഗ്ലാവ് നൂറ്റാണ്ട് മുൻപ് ബ്രിട്ടിഷുകാരായ ഡിഎഫ്ഒമാർക്ക് താമസിക്കാൻ നിർമിച്ചതാണ്. മഹാഗണിത്തോട്ടം, ബംഗ്ലാവ് പരിസരത്തെ സ്കൈ വാക്ക്, ചാലിയാർ വ്യൂ പോയിന്റ് എന്നിവ മനംകവരുന്നു.

തേക്കിനെക്കുറിച്ച് സർവ അറിവ് പ്രദാനം ചെയ്യുന്ന മ്യൂസിയം കെഎൻജി പാതയിൽ കരിമ്പുഴയിലാണ്. കുട്ടികളുടെ പാർക്ക്, ജൈവ വിഭവാേദ്യാനം, ശലഭോദ്യാനം, ഓർക്കിഡ്, ഫേൺ ഹൗസുകൾ, ഔഷധ സസ്യത്തോട്ടം, വിവിധ ഇനം മുളകൾ, ചൂരൽ എന്നിവയുടെ കാട് തുടങ്ങിയവ അതിമനോഹരമാണ് 

ആഢ്യൻപാറ വെള്ളച്ചാട്ടം, വൈദ്യുതനിലയം
ചാലിയാർ പഞ്ചായത്തിൽ കാഞ്ഞിരപ്പുഴയിലെ ആഢ്യൻപാറ വെള്ളച്ചാട്ടം ഡിടിപിസിയുടെ കീഴിലാണ്.  മനോഹരമായ ഉദ്യാനം, പാർക്ക് എന്നിവ ഒരുക്കിയിരിക്കുന്നു. ജില്ലയിലെ ഏക ചെറുകിട ജലവൈദ്യുത നിലയം ഉൾപ്പെടുന്ന ക്രീം കാസ്കേഡ് ഹൈഡൽ ടൂറിസം കേന്ദ്രം സമീപത്താണ്. വൈദ്യുതി ഉൽപാദനം നേരിട്ട് കാണാൻ സൗകര്യം ഉണ്ട്.

കരിമ്പുഴ വന്യജീവിസങ്കേതം
നിലമ്പൂരിൽ നിന്ന് 15 കീലോമീറ്റർ അകലെ കരുളായി നെടുങ്കയത്താണ് കരിമ്പുഴ വന്യജീവി സങ്കേതം. നെടുങ്കയം ബംഗ്ലാവ്, ഇരുമ്പ് പാലങ്ങൾ, ഫോറസ്റ്റ് എൻജിനീയർ ഡോസന്റെ ശവകുടീരം, ആനപ്പന്തി, തേക്ക് തടി ഡിപ്പോ എന്നിവ ബ്രിട്ടിഷ് പാരമ്പര്യത്തിന്റെയും പഴയകാല പ്രതാപത്തിന്റെയും സ്മരണകളുണർത്തുന്നു. ഉൾവനത്തിലാണ് ചാേലനായ്ക്കരുടെ സങ്കേതങ്ങൾ.

കക്കാടംപൊയിൽ
നിലമ്പൂരിൽ നിന്ന് 21 കിലോമീറ്റർ യാത്ര ചെയ്താൽ എത്തുന്ന സമുദ്രനിരപ്പിൽന്ന് 3500 അടി ഉയരത്തിലുള്ള കക്കാടംപൊയിൽ ഹിൽ സ്റ്റേഷൻ കോഴിക്കോട്, മലപ്പുറം,  വയനാട് ജില്ലകളുടെ സംഗമ സ്ഥാനമാണ്. കാനന ഭംഗിയും കുറുവൻപുഴയിലെ കോഴിപ്പാറ ഉൾപ്പെടെ ചെറുതും വലുതുമായ വെള്ളച്ചാട്ടങ്ങൾ, കുരിശുമല കയറ്റം, പഴശ്ശി ഗുഹ, വാട്ടർ തീം പാർക്ക്, റിസോർട്ടുകൾ തുടങ്ങിയവ കക്കാടം പൊയിലിനെ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാക്കി മാറ്റുന്നു. 

nilambur-tourism-centers2
നിലമ്പൂർ ചന്തക്കുന്ന് ഡിഎഫ്ഒ ബംഗ്ലാവ് പരിസരത്തെ ആകാശ നടപ്പാത.

നിലമ്പൂരിൽ നിന്ന് പന്തീരായിരം വനമേഖലയുടെ മനോഹാരിത ആസ്വദിച്ച് യാത്ര ചെയ്യാൻ കാേഴിപ്പാറ വരെ ബസ് സർവീസുണ്ട്.  നിലമ്പൂരിൽ കരിമ്പുഴ, കാഞ്ഞിരപ്പുഴ ചാലിയാർ എന്നിവയുടെ സംഗമ സ്ഥാനമായ ചാലിയാർ മുക്ക്, കരുവാരക്കുണ്ട് കേരളാംകുണ്ട് വെള്ളച്ചാട്ടം, ചാലിയാർ ഇടിവണ്ണയിലെ കരിമ്പായിക്കോട്ടമല, നാടുകാണി ചുരം പാത, അമരമ്പലം ടികെ കോളനിയിലെ പൂത്തോട്ടം കടവ്, എടവണ്ണ ആമസാേൺ വ്യൂ പോയിന്റ്, ഒലി വെള്ളച്ചാട്ടം, മുണ്ടേരിയിൽ കൃഷി വകുപ്പിന്റെ വിത്ത് കൃഷിത്തോട്ടം, നിലമ്പൂർ - ഷൊർണൂർ ട്രെയിൻ യാത്ര തുടങ്ങിയവ സഞ്ചാരികൾക്ക് മറക്കാനാകാത്ത അനുഭവങ്ങളാണ് സമ്മാനിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com