ADVERTISEMENT

മലപ്പുറം∙ തുലാവർഷത്തിൽ ലഭിച്ച അധികമഴ ജില്ലയെ കടുത്ത വരൾച്ചഭീഷണിയിൽനിന്നു രക്ഷിച്ചെങ്കിലും വേനലിൽ ശുദ്ധജലക്ഷാമം നേരിടേണ്ടി വന്നേക്കാം. കഴിഞ്ഞ വർഷം ജില്ലയിൽ 30% മഴക്കുറവാണു രേഖപ്പെടുത്തിയത്. ആകെ ലഭിക്കേണ്ടിയിരുന്ന മഴ 2726 മില്ലിമീറ്റർ. ലഭിച്ചത് 1911.6 മില്ലിമീറ്റർ. മലപ്പുറത്തെ മഴക്കുറവ് സംസ്ഥാന ശരാശരിയെ അപേക്ഷിച്ച് 6% കൂടുതലാണ്. സംസ്ഥാനത്താകെ മഴക്കുറവ് 24% ആണ്. 

രക്ഷിച്ചത് തുലാമഴ
സംസ്ഥാനത്ത് സാധാരണ ലഭിക്കുന്ന മഴയുടെ 70–80% പെയ്യുന്നത് ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള തെക്കുപടിഞ്ഞാറൻ കാലവർഷത്തിലാണ്. എന്നാൽ, ഇത്തവണ തെക്കുപടിഞ്ഞാറൻ കാലവർഷം അവസാനിക്കുമ്പോൾ മലപ്പുറം ജില്ലയിലെ മഴക്കുറവ് 50 ശതമാനത്തിന് അടുത്തായിരുന്നു. ഒക്ടോബർ മുതൽ ഡിസംബർ വരെ നീളുന്ന തുലാവർഷക്കാലത്ത് ലഭിച്ച അധിക മഴയാണ് സംസ്ഥാനത്തെ മറ്റു ജില്ലകൾക്കെന്ന പോലെ മലപ്പുറത്തിനും തുണയായത്. തുലാവർഷത്തിൽ ജില്ലയിൽ സാധാരണ ലഭിക്കേണ്ട മഴ 459 മില്ലിമീറ്ററാണ്. ഇത്തവണ ലഭിച്ചത് 509 മി.മീറ്റർ. അധികമായി ലഭിച്ചത് 11% മഴ.

ഒഴിയാതെ ജലക്ഷാമ ഭീഷണി
തെക്കുപടിഞ്ഞാറൻ കാലവർഷം അവസാനിക്കുമ്പോൾ ജില്ലയെ കാത്തിരിക്കുന്നത് കടുത്ത വരൾച്ചയാണെന്ന ആശങ്കയുണ്ടായിരുന്നു. തുലാവർഷത്തിൽ പെയ്ത മഴ അതിന് അൽപം അയവു വരുത്തിയിട്ടുണ്ട്. എന്നാൽ, ഈ വേനൽക്കാലത്ത് ശുദ്ധജല ക്ഷാമത്തിനുള്ള സാധ്യത തള്ളിക്കളയാനാവില്ല. മാർച്ച്–ഏപ്രിൽ മാസങ്ങളിൽ പെയ്യുന്ന വേനൽമഴയുടെ തീവ്രതയെക്കൂടി ആശ്രയിച്ചിരിക്കും ജലക്ഷാമത്തിന്റെ രൂക്ഷത. 

‘പുതുമഴ’ പെയ്യും
രണ്ടു ദിവസത്തിനകം ജില്ലയിലുൾപ്പെടെ സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്കു സാധ്യതയുണ്ട്. എന്നാൽ, മഴയുടെ തീവ്രത കുറവായിരിക്കും. ജലലഭ്യത വർധിപ്പിക്കുന്ന രീതിയിലുള്ള മഴയുണ്ടാകില്ല. അതിനാൽ, മാർച്ച്–ഏപ്രിൽ മാസങ്ങളിലെ വേനൽമഴയിലാണ് ഇനി പ്രതീക്ഷ. ഇത്തവണ തുലാവർഷത്തിൽ മികച്ച മഴ ലഭിച്ചതും ശുദ്ധജലക്ഷാമത്തിന്റെ തോത് കുറയ്ക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകർ പറയുന്നു.

പാരയാകുമോ എൽനിനോ?
സമീപകാലത്ത് കേരളം രൂക്ഷമായ വരൾച്ച അനുഭവിച്ചത് 2016ൽ ആണ്. അന്നും കഴിഞ്ഞ വർഷത്തെ മഴക്കുറവിനും കാരണമായത് എൽനിനോ പ്രതിഭാസമാണ്. പസഫിക് സമുദ്രത്തിന്റെ കിഴക്കൻ മേഖലയിലെ താപനിലയിലുണ്ടാകുന്ന വർധനയെയാണ് എൽനിനോ എന്നു വിളിക്കുന്നത്. ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ മഴക്കുറവിന് ഇതു കാരണമാകും. 2023ലെ എൽനിനോ പ്രഭാവം ഈ വർഷവും നീണ്ടുനിൽക്കുമെന്ന് പ്രാഥമിക പ്രവചനമുണ്ട്. എന്നാൽ, ഈ വർഷത്തെ മഴയുടെ ലഭ്യതയെക്കുറിച്ച് പ്രവചിക്കാൻ സമയമായിട്ടില്ല. 

ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള  കാലയളവിൽ എൽനിനോ  മഴ കുറച്ചപ്പോൾ, ഇന്ത്യൻ ഓഷ്യൻ ഡൈപോളി എന്ന പ്രതിഭാസമാണ് തുലാമാസത്തിലെ മികച്ച മഴയ്ക്കു കാരണമായത്. ഇന്ത്യൻ മഹാസമുദ്രത്തോടും അറബിക്കടലിനോടും ചേർന്നുനിൽക്കുന്ന മേഖലകളിലെ താപനില കൂടുന്ന പ്രതിഭാസമാണിത്.

ആഗോള താപനവും അതിനെത്തുടർന്നുള്ള കാലാവസ്ഥാ വ്യതിയാനവും ഇപ്പോൾ കേട്ടുകേൾവി മാത്രമല്ല, നാം അനുഭവിക്കുന്ന യാഥാർഥ്യമാണ്. ഓരോ വർഷം കഴിയുന്തോറും ഇത് കൂടിക്കൊണ്ടിരിക്കും. കൊന്ന നേരത്തേ പൂക്കുന്നതും മാവുകൾ പൂക്കുന്നതു കുറയുന്നതും ഇതിന്റെ സൂചനയാണ്’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com