ADVERTISEMENT

നിലമ്പൂർ∙ വ്യാപാരി വ്യവസായി സമൂഹം, സാംസ്കാരിക പ്രവർത്തകർ, ടാക്സി തൊഴിലാളികൾ എന്നിവർ ചേർന്നു നടത്തുന്ന പാട്ടുത്സവ് ടൂറിസം ഫെസ്റ്റിവൽ പതിനെട്ടിന്റെ നിറവിൽ. നിലമ്പൂർ ബാലൻ നാടകോത്സവത്തോടെ ആഘോഷരാവുകൾക്ക് നാളെ തുടക്കമാകുമെന്ന് സംഘാടക സമിതി അധ്യക്ഷൻ ആര്യാടൻ ഷൗക്കത്ത് , ജനറൽ കൺവീനർ യു.നരേന്ദ്രൻ, പി.വി.സനിൽകുമാർ, അനിൽ റോസ്, സി.കെ.മുഹമ്മദ് ഇക്ബാൽ എന്നിവർ അറിയിച്ചു.

കിഴക്കൻ ഏറനാടിന്റെ ദേശീയോത്സവമായ നിലമ്പൂർ കോവിലകം വേട്ടയ്ക്കൊരുമകൻ ക്ഷേത്രത്തിലെ കളം പാട്ടുത്സവത്തോടനുബന്ധിച്ച് 2006ൽ അന്നത്തെ പഞ്ചായത്ത് പ്രസിഡന്റ് ആര്യാടൻ ഷൗക്കത്തിന്റെ നേതൃത്വത്തിൽ ആണ് ഫെസ്റ്റിവൽ തുടങ്ങിയത്. കഴിഞ്ഞ 17 വർഷം കൊണ്ട് പ്രശസ്തർ ഉൾപ്പെടെ 2500 കലാകാരന്മാർ പരിപാടികൾ അവതരിപ്പിച്ചു. 250 സാംസ്കാരിക സമ്മേളനങ്ങളിൽ പ്രമുഖർ ജനങ്ങളുമായി സംവദിച്ചു. 

കോവിലകം റോഡിൽ നാളെ രാത്രി 7ന് നിലമ്പൂർ ബാലൻ നാടകോത്സത്താേടെ ഈ വർഷത്തെ ഫെസ്റ്റിവലിന് തിരിതെളിയും. സാഹിത്യകാരൻ പി.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. കോഴിക്കോട് സങ്കീർത്തന ‘പറന്നുയരാനൊരു ചിറക്’ അവതരിപ്പിക്കും. 5ന്  രാത്രി 7ന് സാംസ്‌കാരിക സമ്മേളനം നടൻ നിലമ്പൂർ മണി ഉദ്ഘാടനം ചെയ്യും. കാളിദാസ കലാകേന്ദ്രം 'പാവവീട്' അവതരിപ്പിക്കും. 6ന് നാടകോത്സവം സമാപന സമ്മേളനം നടി നിലമ്പൂർ ആയിഷ ഉദ്ഘാടനം ചെയ്യും. ആയിഷയുടെ ജീവിതകഥ പറയുന്ന  'കേരള നൂർജഹാൻ' കരുളായി ചിലങ്ക നാടക വേദി അവതരിപ്പിക്കും. 

കോടതിപ്പടിയിൽ 8ന് മെഗാ സ്റ്റേജ് ഷോകൾ തുടങ്ങും. സാംസ്കാരിക സമ്മേളനം 5ന് ചലച്ചിത്ര സംവിധായിക ആയിഷ സുൽത്താന ഉദ്ഘാടനം ചെയ്യും. തുടർന്ന് ചെമ്മീൻ മ്യൂസിക് ബാൻഡ് ഷോ. 9ന് സാംസ്‌കാരിക സമ്മേളനം പി.വി.അബ്ദുൽ വഹാബ് എം.പി ഉദ്ഘാടനം ചെയ്യും. കവി ആലങ്കോട് ലീലാകൃഷ്ണൻ  പ്രഭാഷണം നടത്തും. കണ്ണൂർ ഷരീഫും സംഘവും ഗോൾഡൻ നൈറ്റ് അവതരിപ്പിക്കും.10ന് സമാപന സമ്മേളനം ഗോകുലം ഗോപാലൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് ഡബ്‌സി, ഫാത്തിമ ജഹാൻ എന്നിവരുടെ മ്യൂസിക് ബാൻഡ് അവതരണം. കോടതിപ്പടിയിൽ ടാക്‌സി താെഴിലാളികളുടെ നേതൃത്വത്തിൽ കാർണിവൽ 7ന് തുടങ്ങും. 

കൊടിയേറ്റം നടത്തി, കൂടെനൃത്തസന്ധ്യയും
പാട്ടുത്സവ്-ടൂറിസം ഫെസ്റ്റിവലിന്റെ കൊടിയേറ്റം നടത്തി. കോടതിപ്പടിയിലെ നഗരിയിൽ സംഗീതനാടക അക്കാദമി പുരസ്കാര ജേതാവ് നടൻ നിലമ്പൂർ മണി കൊടി ഉയർത്തി. സംഘാടക സമിതി അധ്യക്ഷൻ ആര്യാടൻ ഷൗക്കത്ത് അധ്യക്ഷത വഹിച്ചു.

പാലോളി മെഹബൂബ്, എ.ഗോപിനാഥ്, റിയാസ് ചെമ്പൻ (കെവിവിഇഎസ്), ഗഫൂർ തോണിക്കടവൻ (റോട്ടറി), പി.ഹരിദാസ് (മർച്ചന്റ് അസോസിയേഷൻ), ഷൈജു കെ.ഡേവിഡ്, നൗഫൽ ഇമേജ്, കെ.നാണിക്കുട്ടി, വിൻസന്റ് എ.ഗോൺസാഗ, റിയാസ് ചെമ്പൻ, പി.ദേവദാസ്, കെ.എസ്.ചിത്ര (ജേസീസ്), ഷെറി ജോർജ്, ഡെയ്സി ചാക്കോ, മുസ്തഫ കളത്തുംപടിക്കൽ,  ഷാജി ജേക്കബ്, ബാബു കല്ലായി, സുലാജ് നിലമ്പൂർ, എം.മിഥിലേഷ്, സുലാജ് നിലമ്പൂർ, ഷബീറലി മുക്കട്ട എന്നിവർ പ്രസംഗിച്ചു. 

പാട്ടുത്സവം ടൂറിസം ഫെസ്റ്റിവലിന്റെ ഭാഗമായി ഒരുക്കിയ ശാസ്ത്രീയ നൃത്തസന്ധ്യ അമരമ്പലം പഞ്ചായത്ത് പ്രസിഡന്റ്‌ ഇല്ലിക്കൽ ഹുസൈൻ ഉദ്ഘാടനം ചെയ്തു. പി.ശബരീശൻ അധ്യക്ഷത വഹിച്ചു. നൃത്താധ്യാപിക ഗീത സുകുമാരനെ നഗരസഭാധ്യക്ഷൻ മാട്ടുമ്മൽ സലീം ആദരിച്ചു,  വിനോദ് പി മേനോൻ,  പി.എം.ബഷീർ, യു.കെ.ബിന്ദു, സി.രവീന്ദ്രൻ, സി.ശ്രീധരൻ എന്നിവർ പ്രസംഗിച്ചു. നടുവത്ത് നടനം ക്ലാസിക്കൽ ഡാൻസ് അക്കാദമി നൃത്തം അവതരിപ്പിച്ചു. ഇന്ന് പെരുങ്കളിയാട്ടം നാടൻ പാട്ടും ദൃശ്യാവിഷ്കാരവും അവതരിപ്പിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com