ADVERTISEMENT

പെരിന്തൽമണ്ണ∙  സംസ്ഥാന വിൻവിൻ ഭാഗ്യക്കുറിയുടെ തിങ്കളാഴ്‌ച നടന്ന നറുക്കെടുപ്പിലെ ഭാഗ്യവാൻ ബംഗാൾ സ്വദേശി അശോക്. 75 ലക്ഷം രൂപ ലോട്ടറി സമ്മാനം നേടിയ വിവരമറിഞ്ഞ് ഭയന്നുപോയ ഇയാൾ സമ്മാനാർഹമായ ടിക്കറ്റുമായി പെരിന്തൽമണ്ണ പൊലീസ് സ്‌റ്റേഷനിലെത്തി. പുലാമന്തോളിൽ കഴിഞ്ഞ കുറെ മാസങ്ങളായി  വാടക ക്വാർട്ടേഴ്‌സിലാണ് ഇയാൾ താമസം.

അശോക് എന്ന വിളിപ്പേരു മാത്രമേ എല്ലാവർക്കും അറിയാവൂ. മെഷീൻ ഉപയോഗിച്ച് കാടുവെട്ടുന്ന ജോലിയാണു ചെയ്യുന്നത്. പുലാമന്തോളിലെ ഇന്ത്യൻ ലോട്ടറി ഏജൻസിയിൽനിന്നാണ് ടിക്കറ്റെടുത്തത്. ഇടയ്‌ക്ക് ടിക്കറ്റെടുക്കാറുണ്ട്. 

തിങ്കളാഴ്‌ചത്തെ നറുക്കെടുപ്പിൽ ഒന്നാം സമ്മാനം തനിക്കാണെന്ന് അറിഞ്ഞതിനെ തുടർന്ന് രാവിലെ സുഹൃത്തുക്കളായ 2 മലയാളികളെയും കൂട്ടിയാണ് പൊലീസ് സ്‌റ്റേഷനിലെത്തിയത്. ടിക്കറ്റ് ബാങ്കിലെത്തിക്കാൻ സുരക്ഷ വേണമെന്നായിരുന്നു ആവശ്യം. ഇയാൾക്ക് മലയാളം വശമില്ലാത്തതിനാൽ കൂടെ തുണയായെത്തിയ മലയാളി സുഹൃത്തുക്കളാണ് കാര്യം വിശദമാക്കിയത്.

സ്റ്റേഷനിൽനിന്ന് സീനിയർ സിപിഒ റാങ്കിലുള്ള പൊലീസ് ഉദ്യോഗസ്ഥനെ ബാങ്ക് വരെ കൂട്ടിനയച്ചു. പെരിന്തൽമണ്ണയിലെ ദേശസാൽക്കൃത ശാഖയിൽ ലോട്ടറി ടിക്കറ്റ് ഏൽപിച്ച ഉടനെ ഇയാൾ നാട്ടിലേക്ക് വണ്ടികയറി. തൊഴിലുടമയോടും സുഹൃത്തുക്കളോടും കുറച്ചുദിവസം അവധിയായിരിക്കുമെന്ന് മാത്രം അറിയിച്ചാണ് സ്ഥലംവിട്ടത്. എടപ്പലം സ്വദേശി വി.ശശികുമാർ ആണ് ടിക്കറ്റ് വിറ്റ ലോട്ടറി ഏജൻസിയുടെ ഉടമ. ഇവിടെ 2021ൽ കേരള സ്‌ത്രീശക്തി ലോട്ടറിയുടെ ഒന്നാം സമ്മാനവും ലഭിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com