എംഎൽഎ മനസ്സുവച്ചു; വന്നു പുഴക്കാട്ടിരിയിലും പുതുപ്പള്ളി ഹൗസ്
Mail This Article
മങ്കട ∙ പുഴക്കാട്ടിരിയിലും ഇനി ‘പുതുപ്പള്ളി ഹൗസ്’. മഞ്ഞളാംകുഴി അലി എംഎൽഎയുടെ കുടുംബ ട്രസ്റ്റ് ആണ് മാങ്കുന്ന് കൃഷ്ണന്റെ കുടുംബത്തിന് വീടു നിർമിച്ചു നൽകിയത്. പുഴക്കാട്ടിരിയിലെ പ്രമുഖ സാമൂഹിക പ്രവർത്തകനായിരുന്നു മാങ്കുന്ന് കൃഷ്ണൻ. ഉമ്മൻചാണ്ടിയുടേതിന് സമാനമായ രാഷ്ട്രീയ പ്രവർത്തനമാണ് നടത്തിയിരുന്നത്.
എല്ലാവരുടെയും വേദന മാറ്റാൻ ഓടിയെത്തുന്ന കൃഷ്ണേട്ടൻ സ്വന്തം ജീവിത പ്രാരബ്ധങ്ങൾ ആരുടെ മുന്നിലും തുറന്നു വച്ചിരുന്നില്ല. കഴിഞ്ഞ വർഷം കൃഷ്ണേട്ടൻ മരിച്ചപ്പോഴാണ് തകർന്നുവീഴാറായ മൺകൂരയിലാണ് അദ്ദേഹത്തിന്റെ ഭാര്യയും മകനും കുടുംബവും താമസിക്കുന്നതെന്ന യാഥാർഥ്യം എംഎൽഎ തിരിച്ചറിഞ്ഞത്. അതോടെ അദ്ദേഹത്തിന്റെ കുടുംബത്തിന് വീട് നിർമിച്ചു നൽകാൻ മഞ്ഞളാംകുഴി കുടുംബ ട്രസ്റ്റ് തീരുമാനിക്കുകയായിരുന്നു.
ഉമ്മൻചാണ്ടിയുടെ ഓർമയ്ക്കായി ആ വീടിന് പുതുപ്പള്ളി ഹൗസ് എന്നാണ് പേരിട്ടിരിക്കുന്നത്. നേരത്തേ കൃഷ്ണന്റെ വീട്ടിലേക്കുള്ള റോഡിന് ‘മാങ്കുന്ന് കൃഷ്ണൻ റോഡ്’ എന്ന് പേരിട്ടിരുന്നു. 15ന് നടക്കുന്ന ചടങ്ങിൽ ചാണ്ടി ഉമ്മൻ എംഎൽഎ കുടുംബത്തിന് കൈമാറും. മഞ്ഞളാംകുഴി അലി എംഎൽഎ അധ്യക്ഷത വഹിക്കും.