ADVERTISEMENT

മലപ്പുറം∙പൊതുജന സേവനങ്ങൾക്കായി തദ്ദേശവകുപ്പ് ‘കെ സ്മാർട്ട്’ ആപ്ലിക്കേഷൻ പുറത്തിറക്കിയിട്ട് ഒരാഴ്ചയിലേറെയായെങ്കിലും ജില്ലയിലെ ഭൂരിഭാഗം നഗരസഭകളിലും വസ്തു നികുതി അടയ്ക്കാനാവുന്നില്ല. ചിലയിടങ്ങളിൽ ജനന,മരണ,വിവാഹ റജിസ്ട്രേഷനുൾപ്പെടെയുള്ള സേവനങ്ങളും മുടങ്ങിക്കിടക്കുന്നു. പൊന്നാനി, കൊണ്ടോട്ടി ഉൾപ്പെടെയുള്ള ചിലയിടങ്ങളിൽ സേവനങ്ങൾ ഏറെക്കുറെ പൂർണ തോതിൽ ലഭിച്ചുതുടങ്ങി. 

മഞ്ചേരി
നഗരസഭയിൽ വസ്തുനികുതി സ്വീകരിക്കുന്നതും വിവിധ ബില്ലുകളിലെ തുക നൽകുന്നതും കെ സ്മാർട്ടിൽ കുടുങ്ങി. ലോഗ് ഇൻ ചെയ്തു ഫയൽ ഡിജിറ്റലാക്കാൻ സമയമെടുക്കുന്നതാണ് കാരണം. നികുതിപിരിവിന്റെ 70% പൂർത്തിയാകേണ്ട സ്ഥാനത്ത് 30% ആണ് സ്വീകരിക്കാനായത്. വാർഡുകളിൽ ക്യാംപ് നടത്തിയും മറ്റും നികുതിപിരിവ് ഊർജിതമാക്കുന്നതിനു തിരിച്ചടിയായി. നികുതിയടയ്ക്കാൻ കഴിയാത്തതിനാൽ നികുതിച്ചീട്ട് കിട്ടാതെ ധനകാര്യസ്ഥാപനങ്ങളിൽനിന്നു വിവാഹം, വിദ്യാഭ്യാസം, മറ്റ് ആവശ്യങ്ങൾ എന്നിവയ്ക്ക് വായ്പ എടുക്കാൻ കഴിയുന്നില്ല.

പ്രഫഷനൽ ടാക്സ്, പുതിയ കെട്ടിടങ്ങൾക്കുള്ള അപേക്ഷ സ്വീകരിക്കൽ എന്നിവ കെ സ്മാർട്ടിൽ കുടുങ്ങി. വിവിധ സർട്ടിഫിക്കറ്റുകൾക്ക് ഫീസ് വർധിച്ചു. 5 രൂപയുണ്ടായിരുന്ന വിവാഹ സർട്ടിഫിക്കറ്റിന് 100 രൂപയായി. റജിസ്ട്രേഷൻ യഥാസമയം നടത്തിയില്ലെങ്കിൽ പിഴ വർധിക്കും. മാസങ്ങൾക്കു മുൻപ് നൽകിയ പല ബില്ലുകളും കെ സ്മാർട്ടിൽ കുടുങ്ങി. ധനകാര്യ ധനകാര്യ സ്ഥിരസമിതികൾ ബിൽ ‍ പാസാക്കി ഫയലുകൾ നീങ്ങാൻ സമയമെടുത്തതാണ് കാരണം. ബിൽ പാസാക്കുന്നതിൽ ജീവനക്കാരുടെ വീഴ്ചയും സ്ഥിഗതികൾ സങ്കീർണമാക്കി. 

താനൂർ
നഗരസഭയിൽ ദിവസങ്ങളോളം മുടങ്ങിയ ശേഷം കെ സ്മാർട്ടിൽ വസ്തു നികുതി ഈടാക്കൽ തുടങ്ങി.  ജനനം, മരണം, വിവാഹ റജിസ്ട്രേഷനും ദിവസങ്ങളോളം മുടക്കിയ ശേഷമാണ് ആരംഭിക്കാനായത്. അതേസമയം ഒട്ടേറെ അപാകതകൾ തുടരുകയുമാണ്. നഗരസഭയിലെ മറ്റ് ഒട്ടേറെ ജോലികൾ താളംതെറ്റി. പദ്ധതിയിൽ സർക്കാർ ആവിഷ്കരിച്ച മറ്റു റജിസ്ട്രേഷൻ നടപടികൾ ആരംഭിക്കാൻ തന്നെ സാധിച്ചിട്ടില്ല.

ഒരു നഗരസഭയിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കി വിജയമുറപ്പാക്കിയ ശേഷം മറ്റിടങ്ങളിലേക്ക്  കെ സ്മാർട്ട് വ്യാപിപ്പിക്കുകയായിരുന്നു  ചെയ്യേണ്ടതെന്ന്   ചെയർമാൻ പി.പി.ഷംസുദ്ദീൻ അഭിപ്രായപ്പെട്ടു. വൈകിയ വേളയിലെ പരിഷ്കാരം ഏറെ പ്രയാസമുണ്ടാക്കിയതായും  പറഞ്ഞു.

തിരൂർ 
കെ സ്മാർട്ട് പദ്ധതി പൂർത്തിയായിട്ടില്ല. നഗരസഭയിലെ മുഴുവൻ ആളുകൾക്കും ഇതുവഴി നികുതി അടയ്ക്കാൻ സാധിക്കില്ല. പലരുടെയും വിവരങ്ങൾ ‍ഡിജിറ്റലാക്കി മാറ്റാൻ സാധിക്കാത്തതും പ്രശ്നത്തിനു കാരണമാണ്. കൂടാതെ അപേക്ഷാ ഫീസും മറ്റു ഫീസുകളും അടയ്ക്കാൻ സാധിക്കാത്ത പ്രശ്നവുമുണ്ട്.
മലപ്പുറം
കെ സ്മാർട്ട് ആപ്ലിക്കേഷനിലൂടെ മലപ്പുറം നഗരസഭയിൽ വസ്തുനികുതി അടയ്ക്കൽ ഭാഗികം. കെട്ടിട നമ്പറുകളിൽ ഉപ നമ്പറുകൾ ചേർത്ത കെട്ടിടങ്ങളുടെ നികുതി അടയ്ക്കാൻ കഴിയാത്ത സാഹചര്യമാണ്. (ഉദാ: കെട്ടിടനമ്പർ 16/9 അടയ്ക്കാൻ കഴിയുമെങ്കിൽ 16/9A പോലുള്ള കെട്ടിടങ്ങളുടെ നികുതി അടയ്ക്കാൻ സാധ്യമല്ല). ജനനം, മരണം, വിവാഹം എന്നിവ തടസ്സമില്ലാതെ റജിസ്ട്രേഷൻ നടത്താനാകും. തൊഴിൽ നികുതി, വിവിധ ലൈസൻസ് ഫീസുകൾ എന്നിവ അടയ്ക്കാൻ കഴിയാത്ത സ്ഥിതിയാണ്.

അതുപോലെ നഗരസഭയിലേക്കു നൽകുന്ന വിവിധ പരാതികളും സ്വീകരിക്കാൻ കഴിയാത്ത സ്ഥിതിയാണ്. ഇവ അതതു സെക്‌ഷനുകളിലേക്കു കൈമാറുന്നതിനും ആപ്ലിക്കേഷൻ വഴി സാധ്യമല്ല. ഇതോടെ ഇത്തരം ആവശ്യങ്ങളുമായി എത്തുന്നവരെ മടക്കി അയയ്ക്കുകയാണ് ചെയ്യുന്നത്.
കോട്ടയ്ക്കൽ 
വസ്തുനികുതി ശേഖരണം കെ സ്മാർട്ടിൽ കുടുങ്ങിക്കിടക്കുന്നു. മറ്റു സേവനങ്ങളെല്ലാം ലഭ്യമാകുന്നു.

കെ സ്മാർട്ട്: ലൈസൻസ് പുതുക്കലും പിഴ ചുമത്തലും പ്രതിസന്ധിയിൽ  
തിരുവനന്തപുരം ∙ തദ്ദേശ വകുപ്പ് പുറത്തിറക്കിയ ‘കെ സ്മാർട്ട്’ ആപ്ലിക്കേഷനിൽ 6 കോർപറേഷനുകളിലെയും 87 നഗരസഭകളിലെയും വിവരങ്ങൾ ഡിജിറ്റലായി ചേർക്കുന്നത് വൈകുന്നതിനാൽ വിവിധ നിയമലംഘനങ്ങൾക്കുള്ള പിഴ ചുമത്തലും സ്ഥാപനങ്ങൾക്കുള്ള ലൈസൻസ് പുതുക്കലും പ്രതിസന്ധിയിൽ.  

നഗരസഭകളിലെയും കോർപറേഷനുകളിലെയും ആരോഗ്യ വിഭാഗമാണ് വിവിധ സ്ഥാപനങ്ങളിലെ പരിശോധന നടത്തി നിയമലംഘനങ്ങൾക്കു പിഴയിടുന്നത്. ഓരോ നിയമലംഘനത്തിനും പ്രത്യേക മൊഡ്യൂളുകൾ ആപ്ലിക്കേഷനിൽ തയാറാക്കി പിഴ വിവരങ്ങൾ രേഖപ്പെടുത്തണം. ഓരോ തദ്ദേശ സ്ഥാപനത്തിലെയും പിഴ നിരക്കുകൾക്കു വ്യത്യാസമുണ്ട്. ജീവനക്കാർക്ക് പരിശീലനവും വേണം. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ലൈസൻസ് പുതുക്കുന്നത് ഫെബ്രുവരിയിലാണ്.

ഒട്ടേറെ നടപടിക്രമങ്ങൾ ഉള്ള പ്രക്രിയ ഓൺലൈനായി നടത്തുന്നതിന്റെ സങ്കീർണതകളെക്കുറിച്ച് ലൈസൻസികൾക്കിടയിലും ബോധവൽക്കരണം നടന്നിട്ടില്ല. നഗരസഭകളുടെ പ്രധാന വരുമാന മാർഗങ്ങളിലൊന്നു കൂടിയാണ് ലൈസൻസ് പുതുക്കൽ. അതേസമയം, വസ്തുനികുതി (കെട്ടിടനികുതി) അടയ്ക്കുന്നതിനുള്ള വിവരങ്ങൾ ഡിജിറ്റലായി ചേർക്കുന്ന നടപടികൾ മിക്ക നഗരസഭകളിലും പൂർത്തിയായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com