ADVERTISEMENT

മലപ്പുറം ∙ കാലിക്കറ്റ് സർവകലാശാലാ യൂണിയൻ തിരഞ്ഞെടുപ്പിൽ തോൽവി ഭയക്കുന്ന എസ്എഫ്ഐ, അധികൃതരുടെ സഹായത്തോടെ അവർക്കെതിരാകാൻ സാധ്യതയുള്ള 42 യുയുസിമാരെ അയോഗ്യരാക്കാൻ ശ്രമം നടത്തുന്നതായി എംഎസ്എഫ്. വ്യാജ പരാതി നൽകിയും അധ്യാപകരെയും മറ്റും ഭീഷണിപ്പെടുത്തിയും തിരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് ശ്രമിക്കുന്നത്. ഇതിനെതിരെ ശക്തമായ സമരവും നിയമപോരാട്ടവും നടത്തുമെന്നും  സംസ്ഥാന പ്രസിഡന്റ് പി.കെ.നവാസ്, ജനറൽ സെക്രട്ടറി സി.കെ.നജാഫ്, ട്രഷറർ അഷ്ഹർ പെരുമുക്ക് എന്നിവർ പറഞ്ഞു. 

എംഎസ്എഫിന്റെ മാത്രം 32 യുയുസിമാർക്കെതിരെ ഇത്തരം വ്യാജ പരാതികൾ നൽകിയിട്ടുണ്ട്. വനിതാ കോളജിലെ യുയുസിക്കെതിരെ ആൺകുട്ടിയുടെ പേരിൽ പരാതി നൽകിയതു പോലുള്ള വിചിത്രവും പരിഹാസ്യവുമായ നടപടികളും ഇതിലുണ്ട്. കോളജിൽ ഇല്ലാത്ത കുട്ടികളുടെ പേരിലും പരാതികൾ നൽകിയിട്ടുണ്ട്. എല്ലാ പരാതികളിലും ഒരേ കയ്യക്ഷരമാണെന്നും  അതു തയാറാക്കിയത് ഡിവൈഎഫ്എഫ്ഐ, സിപിഎം നേതാക്കളാണെന്നും നവാസ് പറഞ്ഞു. 

ഇന്നലെ ഹിയറിങ് നടന്നപ്പോൾ പരാതികളിലെ ദുരൂഹതയും പിഴവുകളും ചൂണ്ടിക്കാണിച്ചവരോട് കയർത്തു സംസാരിക്കുകയാണ് അധികൃതർ ചെയ്തത്. മുൻകൂട്ടി തയാറാക്കിയ തിരക്കഥ പ്രകാരമാണ് കാര്യങ്ങൾ നീങ്ങുന്നത്. ഇത്തവണ തങ്ങൾ യുഡിഎസ്എഫ് ആയിത്തന്നെ യൂണിയൻ തിരഞ്ഞെടുപ്പിൽ മത്സരിക്കും. എംഎസ്എഫിനും കെഎസ്‌യുവിനും ലഭിച്ച യുയുസിമാരുടെ എണ്ണം കണ്ട് തോൽവി ഭയന്നാണ് ഇത്തരം അട്ടിമറികൾക്ക് എസ്എഫ്ഐ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

മാർക്ക്‌ദാന വിവാദം ചർച്ച ചെയ്യാതെ വിദ്യാർഥി പ്രശ്നപരിഹാര സമിതി യോഗം
ഇന്റേണൽ പ്രാക്ടിക്കൽ പരീക്ഷയ്ക്ക് ഹാജരാകാത്ത വിദ്യാർഥിക്ക് 6 മാർക്ക് നൽകാനുള്ള നിർദേശം വിവാദമായി കത്തുമ്പോഴും വിഷയത്തിൽ ‘തലയിടാതെ’ കാലിക്കറ്റ് സർവകലാശാലയിൽ വിദ്യാർഥി പ്രശ്നപരിഹാര സമിതി യോഗം. സമിതി 2 മാസം മുൻപെടുത്ത തീരുമാനം നടപ്പാക്കേണ്ട ചിറ്റൂർ ഗവ. കോളജിലെ അധ്യാപകൻ ഇതുവരെ മാർക്ക് അപ്‌ലോഡ് ചെയ്തിട്ടില്ല. 

സമിതിയിലെ സിൻഡിക്കറ്റ് അംഗങ്ങൾ അടക്കം വിദ്യാർഥിക്ക് 6 മാർക്ക് നൽകണമെന്ന നിലപാടിൽ തന്നെ ഉറച്ചുനിൽക്കുകയാണെങ്കിലും മാർക്ക് നൽകാത്ത അധ്യാപകന് കാരണംകാണിക്കൽ നോട്ടിസ് നൽകാൻ കഴി​ഞ്ഞിട്ടില്ല. നോട്ടിസ് അയയ്ക്കണമെങ്കിൽ സമിതിയിൽ ചർച്ചചെയ്തു തീരുമാനിക്കണം. ഇത്തവണ വിഷയം ചർച്ചയ്ക്കെടുത്തില്ല. സമിതിയുടെ അടുത്ത യോഗം തീരുമാനിച്ചിട്ടില്ല. 

പ്രത്യേക യോഗം വിളിക്കുമോ എന്നതിലും വ്യക്തതയില്ല. 2016– 19 വർഷം ചിറ്റൂർ ഗവ. കോളജിൽ ബോട്ടണി ബിരുദ വിദ്യാർഥിയായിരുന്ന എസ്എഫ്ഐ നേതാവിന് രസതന്ത്രം കോംപ്ലിമെന്ററി പേപ്പറിന്റെ ഇന്റേണൽ പരീക്ഷയ്ക്ക് ഹാജരാകാതെ 6 മാർക്ക് നൽകാൻ വിദ്യാർഥി പ്രശ്നപരിഹാര സമിതി നിർദേശിച്ചതാണു വിവാദമായത്.

നീതിപൂർവകമായ അന്വേഷണം വേണമെന്ന് എംഎസ്എഫ്
കാലിക്കറ്റ് സർവകലാശാലയിലെ മാർക്ക്‌ദാന വിവാദത്തിൽ നീതിപൂർവകമായ അന്വേഷണം വേണമെന്ന് എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ.നവാസ്. ആരോപണം നേരിടുന്ന എസ്എഫ്ഐ നേതാവ് ചിറ്റൂർ ഗവ. കോളജിലെ ഒരു സിൻഡിക്കറ്റ് അംഗം വഴിയാണ് സിൻഡിക്കറ്റിനെയും വൈസ് ചാൻസലറെയും ഇതിനായി സ്വാധീനിച്ചത്. സർവകലാശാലയുടെ വിശ്വാസ്യത എസ്എഫ്ഐയും എൽഡിഎഫ് സിൻഡിക്കറ്റും തകർക്കുകയാണ്. ഇക്കാര്യത്തിൽ സർവകലാശാല മൗനം അവസാനിപ്പിക്കണമെന്നും വിദ്യാർഥികളുടെ ആശങ്കകൾ പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com