ADVERTISEMENT

ഫുട്ബോളിലെ ലോകരാജാക്കൻമാരായ മെസ്സിയുടെ  അർജന്റീന മലപ്പുറത്തിന്റെ മണ്ണിൽ പന്തുതട്ടാനെത്തുകയെന്നത് ഇവിടത്തെ ഓരോ ഫുട്ബോൾ ആരാധകന്റെയും സ്വപ്ന സാക്ഷാത്ക്കാരമാണ്. കണ്ണിലും കിനാവിലും മെസ്സിയെ കാത്ത് ഇനി അവർ 2025 ഒക്ടോബർ വരെ നാളുകളെണ്ണി കാത്തിരിക്കും. ആഘോഷമാക്കാം മെസ്സി വരവ്...

മലപ്പുറം ∙ ലയണൽ മെസ്സി ലോകകപ്പുയർത്തുന്നത് ഖത്തറിലെ ലുസെയ്ൽ സ്റ്റേഡിയത്തിലിരുന്ന് കോരിത്തരിപ്പോടെ കണ്ട തൊണ്ണൂറായിരത്തോളം വരുന്ന കാണികളിലൊരാളായിരുന്നു മന്ത്രി വി.അബ്ദുറഹിമാൻ. സാക്ഷാൽ മെസ്സിയെയും സംഘത്തെയും കേരളത്തിലേക്കു കൊണ്ടുവരാനുള്ള ദൗത്യത്തിന്റെ അമരത്തും ഇപ്പോൾ അദ്ദേഹമാണ്. കായിക മന്ത്രിയുടെ ഉത്തരവാദിത്ത നിർവഹണത്തിനൊപ്പം ഫുട്ബോൾ പ്രേമിയുടെ ആവേശംകൂടി ഇക്കാര്യത്തിൽ അബ്ദുറഹ്മാന്റെ നീക്കങ്ങളിലുണ്ട്. മന്ത്രി മനോരമയോട് സംസാരിക്കുന്നു.

മ‍ഞ്ചേരി പയ്യനാട് ഫുട്ബോൾ സ്റ്റേഡിയം (ഫയൽ ചിത്രം)
മ‍ഞ്ചേരി പയ്യനാട് ഫുട്ബോൾ സ്റ്റേഡിയം (ഫയൽ ചിത്രം)

അർജന്റീന കേരളത്തിലേക്ക്. തീരുമാനമുണ്ടായതെങ്ങനെ?
ലോകകപ്പ് വിജയത്തിന്റെ ആരവമടങ്ങുന്നതിന് മുൻപേ അർജന്റീന ടീം ഇന്ത്യയിലേക്ക് വരാൻ താൽപര്യം കാണിച്ചതായി വാർത്തകളുണ്ടായിരുന്നു. സാമ്പത്തിക വശം ചൂണ്ടിക്കാട്ടി ഇത് നടക്കാതെ പോയത് കേരളത്തിലെ ഫുട്ബോൾ ആരാധകരെ വല്ലാതെ നിരാശപ്പെടുത്തിയിരുന്നു. അങ്ങനെയാണ് കേരള സർക്കാർ ശ്രമം നടത്തി നോക്കാൻ തീരുമാനിച്ചത്.


പയ്യനാട്ടെ നിലവിലെ സ്റ്റേഡിയം നവീകരിക്കുകയാണോ, പുതിയത് നിർമിക്കുകയാണോ?
നിലവിലെ സ്റ്റേഡിയത്തോട് ചേർന്ന് അൻപതിനായിരത്തോളം കാണികളെ ഉൾക്കൊള്ളാവുന്ന പുതിയ സ്റ്റേഡിയം നിർമിക്കുകയാണ്. ഫിഫ നിലവാരത്തിലുള്ള സ്റ്റേഡിയത്തിന്റെ അഭാവമാണ് വലിയ മത്സരങ്ങൾ മലപ്പുറത്തേക്ക് വരുന്നതിന് തടസ്സം. പുതിയ മൈതാനം വരുന്നതോടെ അതിനു മാറ്റമുണ്ടാകും. നിലവിലെ സ്റ്റേഡിയം അതേപടി നിലനിർത്തും. വലിയ മത്സരങ്ങൾക്ക് പരിശീലന മൈതാനമായി ഉപയോഗിക്കാം.


യോഗത്തിൽ എന്തെല്ലാം തീരുമാനങ്ങളാണുണ്ടായത്?
മെസ്സിയുൾപ്പെടുന്ന അർജന്റീന ടീം കേരളത്തിൽ 2 സൗഹൃദ മത്സരങ്ങൾ കളിക്കാനും സംസ്ഥാന സർക്കാരിന്റെ ഗോൾ പദ്ധതിയുടെ ഭാഗമായി 5000 കുട്ടികൾക്ക് പരിശീലനം നൽകാനും തീരുമാനമായി. ഇതിനായി അർജന്റീനയിൽനിന്നുള്ള പരിശീലകർ കേരളത്തിലെത്തും.

അർജന്റീനയുടെ എതിരാളികൾ ആരായിരിക്കും?
അതെല്ലാം അടുത്ത ഘട്ടങ്ങളിൽ തീരുമാനമാകും. എഐഎഫ്എഫ് ഉൾപ്പെടെ എല്ലാവരുമായും ചർച്ച ചെയ്യേണ്ടതുണ്ട്. അടുത്ത വർഷം ഒക്ടോബറിൽ അർജന്റീന ഫുട്ബോൾ ടീമിന്റെ 2 സൗഹൃദ മത്സരങ്ങൾ കേരളത്തിൽ നടത്താൻ തീരുമാനിച്ചു. ഇനി അത് നടപ്പാക്കുന്നതിനുള്ള നടപടികളിലേക്ക് കടക്കുകയാണ്.

അടുത്തഘട്ട ചർച്ചകൾ എപ്പോഴാണ്?
ഉദ്യോഗസ്ഥ തലത്തിൽ നടപടികൾ തുടങ്ങിക്കഴിഞ്ഞു. ആവശ്യമായ സമയത്ത് ചർച്ചകളുണ്ടാകും.

എതിരാളികൾ ആര്; ഇന്ത്യൻ ടീമിന് സാധ്യത
മലപ്പുറം ∙ മെസ്സി മലപ്പുറത്തിന്റെ മണ്ണിൽ പന്തു തട്ടാനിറങ്ങുമ്പോൾ എതിർ കളത്തിൽ ഏതു ടീമായിരിക്കും?.വ്യക്തമായ ഉത്തരമായിട്ടില്ലെങ്കിലും അത് ഇന്ത്യൻ ടീമാകാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. സാധാരണ അർജന്റീന ടീം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പര്യടനം നടത്തുമ്പോൾ ഫിഫ അംഗീകാരമുള്ള സൗഹൃദ മത്സരങ്ങളാണ് കളിക്കുന്നത്. അത്തരം മത്സരങ്ങളിൽ ഏതെങ്കിലും ദേശീയ ടീമായിരിക്കും എതിരാളികൾ.

ഫിഫ അംഗീകാരമുള്ള സൗഹൃദ മത്സരത്തിന്റെ ഫലം റാങ്കിങ്ങിൽ പ്രതിഫലിക്കും. ഖത്തർ ലോകകപ്പിന് ജയത്തിന് ശേഷം ചൈനയിലും ഇന്തൊനീഷ്യയിലും അർജന്റീന പര്യടനം നടത്തിയിരുന്നു. ചൈനയിൽ ടീമിന്റെ എതിരാളികൾ ഓസ്ട്രേലിയയായിരുന്നു. ഇന്തൊനീഷ്യയിലെത്തിയത് അവിടത്തെ ഫുട്ബോൾ അസോസിയേഷന്റെ ക്ഷണപ്രകാരമാണ്.

ഫിഫ റാങ്കിങ്ങിൽ 146–ാം സ്ഥാനത്തുള്ള ഇന്തൊനീഷ്യ തന്നെയായിരുന്നു എതിരാളികൾ. ഇന്തൊനീഷ്യയിൽ പക്ഷേ, മെസ്സി കളിച്ചില്ല. ഇന്തൊനീഷ്യയെക്കാൾ മികച്ച റാങ്കിങ്ങിലുള്ള ഇന്ത്യൻ ടീമുമായി സൗഹൃദ മത്സരം കളിക്കാൻ അർജന്റീനയ്ക്കു തടസ്സമുണ്ടാകില്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com