ADVERTISEMENT

പെരിന്തൽമണ്ണ ∙ ഷൊർണൂർ–നിലമ്പൂർ റെയിൽപാതയിൽ അങ്ങാടിപ്പുറത്ത് പാളത്തിൽ കല്ലുകൾ വച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞ ദിവസം ചെങ്ങര കട്ടി ഭാഗത്താണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് ആർപിഎഫ് ഉദ്യോഗസ്ഥർ ഉടൻ തന്നെ സ്ഥലത്തെത്തി പരിശോധന നടത്തി. പാളത്തിൽ കല്ലുകൾ നിരത്തിവച്ച നിലയിൽ കണ്ടെത്തിയതിനെത്തുടർന്ന് എൻജിൻ ഡ്രൈവർമാർ അധികൃതർക്ക് റിപ്പോർട്ട് ചെയ്യുകയായിരുന്നു. കഴിഞ്ഞ ദിവസം ഒരു കിലോമീറ്റർ അകലെ അങ്ങാടിപ്പുറം ചാത്തനല്ലൂർ കമ്പനിക്കുഴി റെയിൽവേ കട്ടിങ്ങിനു സമീപം ട്രെയിനിനു നേരെ കല്ലേറുണ്ടായതായി എൻജിൻ ഡ്രൈവർമാർ സംശയം പ്രകടിപ്പിച്ചതിനെത്തുടർന്ന് ആർപിഎഫ് സംഘം പരിശോധന നടത്തിയിരുന്നു. പ്രദേശത്തെത്തി സമീപങ്ങളിലെ വീട്ടുകാരിൽനിന്ന് ആർപിഎഫ് സംഘം വിവരങ്ങൾ ശേഖരിച്ചിരുന്നു. അന്നത്തെ സംഭവത്തിന്റെ അടിസ്ഥാനത്തിൽ അങ്ങാടിപ്പുറം പഞ്ചായത്ത് ഓഫിസിൽ ആർപിഎഫ് ഉദ്യോഗസ്ഥരുടെയും റെയിൽവേ പാളം കടന്നുപോകുന്ന വാർഡുകളിലെ അംഗങ്ങളുടെയും യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. ഇതിനു ദിവസങ്ങൾക്ക് ശേഷമാണ് പുതിയ സംഭവം. 

കുട്ടികളാണ് സംഭവത്തിന് പിന്നിലെന്ന് സംശയിക്കുന്നതായാണ് അധികൃതർ പറയുന്നത്. ഗൗരവത്തോടെയാണ് രണ്ടു സംഭവങ്ങളെയും നിരീക്ഷിക്കുന്നത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെട്ടാൽ ശക്തമായ നിയമനടപടികൾ സ്വീകരിക്കാനാണ് അധികൃതരുടെ തീരുമാനം. ഇത് ഗൗരവമായ കുറ്റമായി കണക്കാക്കുമെന്നും കുട്ടികളാണെങ്കിൽ പോലും ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുമെന്നും റെയിൽവേ പൊലീസ് അറിയിച്ചു. കുട്ടികളുടെ ഭാഗത്തുനിന്ന് ഇത്തരം പ്രവൃത്തികൾ ആവർത്തിക്കാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്ന് റെയിൽവേ പൊലീസിന്റെ നിർദേശപ്രകാരം, റെയിൽവേ ലൈൻ കടന്നുപോകുന്ന അങ്ങാടിപ്പുറം പഞ്ചായത്ത് പ്രദേശങ്ങളിലെ വാർഡ് ഗ്രൂപ്പുകളിൽ വാർഡംഗങ്ങൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com