ADVERTISEMENT

മലപ്പുറം ∙ പാണക്കാട് മുഈനലി ശിഹാബ് തങ്ങൾക്ക് ഭീഷണി സന്ദേശം അയച്ച സംഭവത്തിൽ മലപ്പുറം പൊലീസ് കേസെടുത്തു. കോഴിക്കോട് വെള്ളയിൽ സ്വദേശി റാഫി പുതിയകടവിന് എതിരെയാണ് മുഈനലി തങ്ങളുടെ പരാതിയിൽ മലപ്പുറം പൊലീസ് കേസെടുത്തത്. കലാപമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ പ്രകോപനം സൃഷ്ടിച്ചതിനും ഭീഷണിപ്പെടുത്തിയതിനുമാണ് കേസ്. മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷനും സമസ്ത വൈസ് പ്രസിഡന്റുമായിരുന്ന പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകനും യൂത്ത് ലീഗ് അഖിലേന്ത്യാ വൈസ് പ്രസിഡന്റുമായ മുഈനലി ശിഹാബ് തങ്ങൾക്ക് വാട്സാപ് വഴിയാണ്  ഭീഷണിപ്പെടുത്തിയുള്ള ശബ്ദസന്ദേശം ലഭിച്ചത്. 

‘തങ്ങളേ, നിങ്ങൾ ഈ പോക്ക് പോവുകയാണെങ്കിൽ നിങ്ങൾക്ക് വീൽച്ചെയറിൽ പോകേണ്ട ഗതിയുണ്ടാകും. നിങ്ങൾ തങ്ങൾ കുടുംബത്തിലായതുകൊണ്ട് എല്ലാവരും ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന ഒരാളാണ്. സമുദായ നേതാക്കളെയും പാർട്ടി നേതാക്കളെയും വെല്ലുവിളിച്ച് പോവുകയാണെങ്കിൽ നിങ്ങൾ വീൽച്ചെയറിൽ തന്നെ പോകേണ്ടി വരും. തങ്ങൾക്ക് ഇനി പുറത്തിറങ്ങാൻ പറ്റില്ല. തങ്ങളുടെ പരിപാടിയിലേക്കാണ് ഞങ്ങളെല്ലാം നീങ്ങുന്നത്. പാർട്ടി നേതൃത്വത്തെ വെല്ലുവിളിച്ച് മുന്നോട്ടുപോവുകയാണെങ്കി‍ൽ വധഭീഷണി തന്നെയാണ് നിങ്ങൾക്ക്’ എന്നായിരുന്നു സന്ദേശം. 2021 ഓഗസ്റ്റിൽ മുഈനലിയെ ലീഗ് ഹൗസിൽ അസഭ്യം പറഞ്ഞ സംഭവത്തിൽ പാർട്ടി സംസ്പെൻഡ് ചെയ്തയാളാണ് റാഫി പുതിയകടവ്. 

എംഎസ്എഫ് ഈയിടെ സംഘടിപ്പിച്ച ‘പാണക്കാടിന്റെ പൈതൃകം’ പരിപാടിയിൽ ‘പാണക്കാട് കുടുംബത്തിന്റെ ചില്ലയും കൊമ്പും വെട്ടാൻ ആരെയും അനുവദിക്കില്ല’ എന്ന പി.കെ.കുഞ്ഞാലിക്കുട്ടിയുടെ പരാമർശത്തിന് പരോക്ഷ മറുപടിയുമായി മുഈനലി തങ്ങൾ രംഗത്തെത്തിയിരുന്നു. ‘ഇവിടെ ആരും കൊമ്പിന്റെ ചില്ല വെട്ടാൻ പോകുന്നില്ല. പ്രായമാകുമ്പോൾ കാഴ്ചകൾക്ക് മങ്ങലേൽക്കും. അത് ചികിത്സിക്കുമ്പോൾ മാറും’  എന്നായിരുന്നു കഴിഞ്ഞ ദിവസം കാടപ്പടി തൻവീറുൽ ഇസ്‌ലാം യത്തീംഖാനയിൽ നടന്ന സുന്നി ആദർശ സമ്മേളനത്തിൽ മുഈനലി തങ്ങൾ പ്രസംഗിച്ചത്. കൈ വെട്ടും കാലു വെട്ടും എന്നൊക്കെയുള്ള വെല്ലുവിളികൾ ഒരുനിലയ്ക്കും അംഗീകരിക്കാൻ പറ്റാത്തതാണെന്നും എല്ലാവരും ബഹുമാനിക്കുന്ന പാണക്കാട് കുടുംബത്തിന് നേരെ ഇത്തരത്തിലുള്ള പ്രസ്താവനകൾ വരുമ്പോൾ മുസ്‌ലിം ലീഗ് പ്രവർത്തകർ ഉൾപ്പെടെ സമൂഹത്തിലെ ആർക്കും തന്നെ ഒരു തരത്തിലും അത് അംഗീകരിക്കാൻ സാധ്യമല്ലെന്നും ഇത്തരം പ്രസ്താവനകൾ നടത്തിയവർക്കെതിരെ പാർട്ടി നടപടിയെടുക്കുമെന്നും പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മുഈനലിക്ക് പിന്തുണയുമായി കെ.ടി.ജലീൽ
മലപ്പുറം∙ പാണക്കാട് മുഈനലി ശിഹാബ് തങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കെ.ടി.ജലീൽ എംഎൽഎ. ‘പാണക്കാട് തങ്ങൾമാരിൽ ഒരാൾക്കെതിരെയും വധഭീഷണി ഉയർത്താൻ ഒരാളും ഇന്നോളം തയാറായിട്ടില്ല എന്നിരിക്കെ മുഈനലി തങ്ങൾക്കെതിരെയുണ്ടായ നീക്കം അങ്ങേയറ്റം അപലപനീയമാണ്. കുറ്റവാളിക്കെതിരെ ഉടൻ നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ടവർ തയാറാകണം. ഞങ്ങളെയൊക്കെ വീൽച്ചെയറിലാക്കിയേ മുഈനലി തങ്ങളെ വീൽച്ചെയറിലാക്കാൻ ഏതൊരുത്തനും സാധിക്കൂ. ഫോണിൽ ഭീഷണി മുഴക്കിയവരും മുഴക്കിപ്പിച്ചവരും അതു മറക്കണ്ട’ എന്നാണ് കെ.ടി.ജലീൽ ഫെയ്സ്ബുക്കിൽ കുറിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com