ADVERTISEMENT

പൊന്നാനി ∙ അഴിമുഖത്തെ ബോട്ട് സർവീസ് നിയന്ത്രണ വിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് തഹസിൽദാർ ജില്ലാ കലക്ടർക്ക് കത്ത് നൽകി. ലൈസൻസില്ലാത്ത എൻജിൻ ഡ്രൈവർ ബോട്ട് ഓടിക്കുന്നതും അമിതമായി യാത്രക്കാരെ കുത്തിക്കയറ്റുന്നതും സമയ പരിധി കഴിഞ്ഞും ബോട്ടുകൾ സർവീസ് നടത്തുന്നതും ശ്രദ്ധയിൽപെട്ടത് ചൂണ്ടിക്കാട്ടിയാണ് തഹസിൽദാർ കലക്ടർക്ക് കത്ത് നൽകിയിരിക്കുന്നത്. ഉല്ലാസ ബോട്ട് സർവീസ് നിയന്ത്രണ വിധേയമാക്കുന്നതിന് പൊലീസിന്റെയും തുറമുഖ വകുപ്പിന്റെയും അടിയന്തര ഇടപെടൽ വേണമെന്നാണ് ആവശ്യം. 

നിലവിൽ പൊലീസ് ഇൗ ഭാഗത്തേക്ക് തിരിഞ്ഞു നോക്കുന്നില്ല. താനൂരിൽ അപകടമുണ്ടാകുന്നതിനു മുൻപ് തന്നെ ബോട്ട് സർവീസുകളിൽ സുരക്ഷ ഉറപ്പാക്കുന്നതിന് പൊലീസിന്റെ ഇടപെടലുണ്ടാകണമെന്ന് ജില്ലാ പൊലീസ് മേധാവിക്ക് നിർദേശം നൽകിയിരുന്നു. 

ഇൗ നിർദേശം പൊലീസ് വകവച്ചിരുന്നില്ല. ഇപ്പോഴും ബോട്ട് സർവീസുകളുടെ നിയന്ത്രണവും പരിശോധനയും തങ്ങളുടെ പരിധിയിൽപ്പെടുന്നതല്ലെന്ന നിലപാടിലാണ് പൊലീസ്. കോഴിക്കോട് പോർട്ട് ഓഫിസറുടെ നിർദേശപ്രകാരം 2 തവണ പൊന്നാനിയിൽ പരിശോധന നടന്നപ്പോഴും ലൈസൻസില്ലാത്ത എൻജിൻ ഡ്രൈവർ ബോട്ട് ഓടിക്കുന്നത് കയ്യോടെ പിടികൂടിയിരുന്നു. 

തുടർന്ന് പിഴ അടപ്പിച്ച ശേഷമാണ് ബോട്ട് സർവീസ് പുനരാരംഭിക്കാൻ അനുമതി നൽകിയത്. അവധി ദിവസങ്ങളിൽ ബോട്ടിൽ അമിത യാത്രക്കാരെ കുത്തിക്കയറ്റി സർവീസ് നടത്തുന്നത് പതിവാണെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടിയിട്ടും കർശന നടപടികളുണ്ടാകുന്നില്ല. ലൈഫ് ജാക്കറ്റ് പോലും ധരിക്കാതെയാണ് യാത്രക്കാർ ബോട്ടിൽ യാത്ര ചെയ്യുന്നത്. 

സ്വയം സുരക്ഷ ഉറപ്പാക്കിയ ശേഷം മാത്രമേ യാത്രക്കാർ ബോട്ടിലേക്ക് കയറാൻ പാടുള്ളു. ഒരു നിമിഷത്തെ ആഘോഷത്തിന് കുഞ്ഞുങ്ങളെയും കൊണ്ട് ബോട്ടിലേക്കു തള്ളിക്കയറുമ്പോൾ മുന്നിൽ ജീവിതം തന്നെ കൈവിട്ടു പോകുമെന്ന സാഹചര്യമുണ്ടെന്ന് മറക്കരുത്. കുട്ടികൾക്ക് വരെ ലൈഫ് ജാക്കറ്റ് ഉറപ്പാക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com