തെരട്ടമ്മലിൽ 26 മുതൽ സെവൻസ് മേളം

Mail This Article
മലപ്പുറം∙ ഉശിരൻ ഫുട്ബോളിന്റെ തറവാടായ തെരട്ടമ്മലിൽ സി.ജാബിർ, കെ.എം.മുനീർ സ്മാരക ട്രോഫിക്കു വേണ്ടിയുള്ള ജനകീയ അഖിലേന്ത്യാ സെവൻസ് ഫുട്ബോളിന് 26ന് തുടക്കം. തെരട്ടമ്മൽ പഞ്ചായത്ത് ഫ്ലഡ്‌ലിറ്റ് സ്റ്റേഡിയത്തിലാണ് ടൂർണമെന്റ് നടക്കുന്നത്. 7000 പേർ ഉൾക്കൊള്ളാവുന്ന വിധത്തിൽ ഗാലറിയുടെ നിർമാണം ഏതാണ്ടു പൂർത്തിയായി. 26ന് രാത്രി 9ന് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ ലിൻഷ മെഡിക്കൽസ് മണ്ണാർക്കാട് റിയൽ എഫ്സി തെന്നലയെ നേരിടും. സൂപ്പർ സ്റ്റുഡിയോ മലപ്പുറം, റോയൽ ട്രാവൽസ് കോഴിക്കോട്, മെഡിഗാർഡ് അരീക്കോട്, സബാൻ കോട്ടയ്ക്കൽ, ഫിഫ മഞ്ചേരി തുടങ്ങിയ 28 ടീമുകളാണ് ടൂർണമെന്റിൽ മാറ്റുരയ്ക്കുക. സെമി ഫൈനൽ വരെയുള്ള കളി കാണാൻ 60 രൂപയാണ് ടിക്കറ്റ് നിരക്ക്. സീസൺ ടിക്കറ്റിന് 1000 രൂപ. തെരട്ടമ്മൽ സ്വദേശികൾക്ക് 400 രൂപയ്ക്കും പത്താം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് 300 രൂപയ്ക്കും സീസൺ ടിക്കറ്റ് ലഭിക്കും. സ്ത്രീകൾക്കും ഭിന്നശേഷിക്കാർക്കും പ്രവേശനം സൗജന്യമാണ്. തെരട്ടമ്മലിലെയും പരിസരത്തെയും ഫുട്ബോൾ പ്രേമികളായ 103 പേർ 10,000 രൂപ പിരിവിട്ടാണ് ടൂർണമെന്റിനുള്ള അടിസ്ഥാന മൂലധനം 10.30 ലക്ഷം രൂപ കണ്ടെത്തിയത്. ഏറനാട് ഡയാലിസിസ് സെന്ററിനും പാലിയേറ്റീവ് പ്രവർത്തനങ്ങൾക്കും വേണ്ടിയാണ് ടൂർണമെന്റിന്റെ ലാഭവിഹിതം പൂർണമായും ചെലവഴിക്കുക. കൂടുതൽ വിവരങ്ങൾക്ക്: 7591986618.