ADVERTISEMENT

മഞ്ചേരി ∙ മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗികളുടെ ആരോഗ്യ ഇൻഷുറൻസ് ക്ലെയിം ഇനത്തിൽ കിട്ടാനുള്ള തുകയിൽനിന്ന് 5 കോടിയെങ്കിലും അനുവദിക്കാൻ നൽകിയ അപേക്ഷയിൽ പാസായത് 38.96 ലക്ഷം രൂപ. ഫണ്ട് ഇല്ലെങ്കിൽ ‍ഹൃദ്രോഗ ചികിത്സ ഉൾപ്പെടെയുള്ള അടിയന്തര ചികിത്സ മുടങ്ങുമെന്ന് കാണിച്ച് മെഡിക്കൽ കോളജ് അധികൃതർ ആരോഗ്യവകുപ്പിന് കത്ത് നൽകി. ജില്ലാ മെഡിക്കൽ ഓഫിസർ, ജില്ലാ പ്രോഗ്രാം മാനേജർ- ആരോഗ്യ കേരളം, കാസ്പ് നോഡൽ ഓഫിസർ തുടങ്ങിയവർക്ക് ആണ് സാമ്പത്തിക സ്ഥിതി കാണിച്ച് കത്ത് നൽകിയത്. 20 കോടിയോളം രൂപയാണ് കുടിശിക. അക്കൗണ്ട് സീറോ ബാലൻസിൽ എത്തിയപ്പോൾ വിവരം കോളജ് അധികൃതർ ആരോഗ്യ വകുപ്പിനെ അറിയിച്ചിരുന്നു. ഫണ്ട് ഇല്ലാത്തത് ചികിത്സയെയും ജീവനക്കാർക്ക് വേതനം നൽകുന്നതിനെയും ബാധിക്കും. ഹൃദ്രോഗ ചികിത്സയ്ക്ക് സ്റ്റെന്റ് വാങ്ങിയ വകയിൽ 4.5 കോടി രൂപ നൽകാനുണ്ട്. ലാബ്, ഫാർമസി, സ്കാനിങ് ചാർജ് ഇനത്തിൽ സ്ഥാപനങ്ങൾക്ക് 2.5 കോടി കടം വേറെ.

കാസ്പ് പദ്ധതി മുഖേന നിയമിതരായ താൽക്കാലിക ജീവനക്കാർക്ക് മാസം വേതനം നൽകാൻ 48 ലക്ഷം രൂപ വേണം. ഫണ്ട് ഇല്ലെങ്കിൽ അടുത്ത മാസം ശമ്പളം മുടങ്ങും. കോവിഡ് വ്യാപന സമയത്താണ് ആശുപത്രി ഇതിനു മുൻപ് ഇത്രയും കടക്കെണിയിലായത്. ചില ഏജൻസികൾ സാധന, സേവനങ്ങളുടെ വിതരണം നിർത്തുമെന്ന് മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു. ഇൻഷുറൻസ് തുക ലഭിക്കാത്തതിനാൽ അധികൃതർ നിസ്സഹായവസ്ഥയിലാണ്. ഡിസംബറിലെ ശമ്പളം നൽകിയതോടെയാണ് പൂജ്യം ബാലൻസിലേക്ക് വന്നത്. സന്ദർശക ഫീസ് ഇനത്തിൽ വരുമാനം കുറഞ്ഞതും തിരിച്ചടിയായി. അടുത്ത ദിവസം തുക അനുവദിക്കുമെന്നാണ് പ്രതീക്ഷയെന്ന് അധികൃതർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com