ADVERTISEMENT

പെരിന്തൽമണ്ണ ∙ കാണാതായ 15 വയസ്സുകാരി പുഴയിൽ മുങ്ങിപ്പോയതാണോ എന്ന സംശയത്തിൽ തൂതപ്പുഴയിൽ സർവസന്നാഹങ്ങളുമായി നടത്തിയത് മണിക്കൂറുകൾ നീണ്ട തിരച്ചിൽ. ഒടുവിൽ കുട്ടിയെ പെരിന്തൽമണ്ണ ബസ് സ്‌റ്റാൻഡിൽ കണ്ടെത്തിയതോടെ ദീർഘനിശ്വാസമയച്ച് ബന്ധുക്കളും നാട്ടുകാരും രക്ഷാപ്രവർത്തകരും. തൂത സ്വദേശിനിയായ പത്താം ക്ലാസ് വിദ്യാർഥിനിയെയാണ് ചൊവ്വാഴ്ച വൈകിട്ട് നാലോടെ വീട്ടിൽനിന്ന് കാണാതായത്. സമീപത്തെ തൂതപ്പുഴയിൽ കുളിക്കാനിറങ്ങിയതായിരുന്നു.

അന്വേഷണത്തിൽ വീടിനു സമീപത്തുള്ള തൂതപ്പുഴയിലെ വെട്ടിച്ചുരുക്ക് കുണ്ടുകടവിൽ കുട്ടിയുടെ വസ്‌ത്രങ്ങളും വസ്‌ത്രങ്ങൾ കൊണ്ടുവന്ന ബക്കറ്റും കണ്ടെത്തി. ഇതോടെ കുട്ടി പുഴയിൽ അപകടത്തിൽ പെട്ടിരിക്കാമെന്ന സംശയമായി. നാടു മുഴുവൻ അന്വേഷണം നടത്തിയെങ്കിലും കുട്ടിയെക്കുറിച്ച് ഒരു വിവരവും ലഭിച്ചില്ല. പെരിന്തൽമണ്ണയിൽനിന്ന് മുങ്ങൽ വിദഗ്ധരുൾപ്പെട്ട അഗ്നിരക്ഷാ സേനാംഗങ്ങളും പൊലീസും സ്ഥലത്തെത്തി. നാട്ടുകാരുൾപ്പെട്ട സംഘം രാത്രി വൈകുവോളം പുഴയിൽ തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇന്നലെ വീണ്ടും തിരയാനുള്ള തീരൂമാനത്തോടെയാണ് സംഘം തിരച്ചിൽ അവസാനിപ്പിച്ചത്. 

ഇതിനിടെ പുലർച്ചെ മൂന്നോടെ വീട്ടിലേക്ക് പിതാവിന്റെ മൊബൈൽ ഫോണിൽ ഒരു വിളിയെത്തി. കുട്ടിയെ കണ്ടെത്തിയോ എന്നു ചോദിച്ചാണു വിളിച്ചത്. കുട്ടിയുടെ ശബ്‌ദം മാതാപിതാക്കൾ തിരിച്ചറിഞ്ഞതോടെ വിളി കട്ടായി. ഇതോടെ പൊലീസിന്റെയും നാട്ടുകാരുടെയും അന്വേഷണം ആ വഴിക്കായി. വിളിച്ചത് തൃശൂർ ബസ് സ്‌റ്റാൻഡിലെ കടയിലെ നമ്പറിൽനിന്നാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. പൊലീസും ഊർജിതമായി അന്വേഷണം നടത്തുന്നതിനിടെ ഇന്നലെ രാവിലെ പതിനൊന്നോടെ പെരിന്തൽമണ്ണ മൂസക്കുട്ടി സ്‌മാരക ബസ് സ്‌റ്റാൻഡിൽനിന്ന് കുട്ടിയെ കണ്ടെത്തി. ബസ് സ്‌റ്റാൻഡിൽ ഇരിക്കുന്ന കുട്ടിയെ കണ്ട് സംശയം തോന്നിയ ചിലർ പൊലീസിൽ അറിയിക്കുകയായിരുന്നു.

പൊലീസ് എത്തി കാണാതായ കുട്ടിയാണെന്ന് ഉറപ്പിച്ചു. പിന്നീട് ചെർപ്പുളശ്ശേരി പൊലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. അവിടെനിന്ന് വൈദ്യപരിശോധനയ്‌ക്കു ശേഷം രക്ഷിതാക്കളോടൊപ്പം വിട്ടു. വീട്ടിൽ നിന്നിറങ്ങിയ കുട്ടി ധരിച്ച വസ്‌ത്രം മാറി തൂത ടൗണിലെ കടയിൽനിന്ന് പുതിയ പർദ വാങ്ങി ധരിച്ചാണു പോയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ ഇന്നലെ കണ്ടെത്തി. പിന്നീട് തൃശൂർ ബസ് സ്‌റ്റാൻഡിലെത്തി. അവിടെ നിന്നാണ് പുലർച്ചെ രക്ഷിതാക്കളെ വിളിച്ചത്. പിന്നീട് കണ്ണൂർ ബസിൽ കയറി കോഴിക്കോട്ടിറങ്ങി. അവിടെനിന്നാണ് പെരിന്തൽമണ്ണയിൽ എത്തിയത്.

English Summary:

Search for the missing 15-year-old girl on suspicion of drowning in the river

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com