ഭക്ഷണാവശിഷ്ടം നൽകി വളർത്തിയ കോഴികൾ കുട്ടികൾക്കു ‘ചിക്കൻ’
Mail This Article
പുളിക്കൽ ∙ ഉച്ചഭക്ഷണത്തിന്റെ അവശിഷ്ടങ്ങൾ നൽകി എഎംഎംഎൽപി സ്കൂളിലെ വിദ്യാർഥികൾ വളർത്തിയ കോഴികൾ അങ്ങനെ ചട്ടിയിലായി. സ്കൂളിലെ വിദ്യാർഥികൾക്കും പുളിക്കൽ പഞ്ചായത്തിലെ ബഡ്സ് സ്കൂളിലെ പഠിതാക്കൾക്കുമായി കോഴിക്കറിയും നെയ്ച്ചോറും ഒരുക്കി കോഴിക്കൃഷിയുടെ വിളവെടുപ്പ് ആഘോഷമാക്കി. സാസോ ഇനത്തിൽപ്പെട്ട 100 കോഴികളാണു സ്കൂളിലെ ഫാമിൽ വളരുന്നത്. 3 കിലോയോളം തൂക്കം വരുന്ന 25 കോഴികളെ ഉപയോഗപ്പെടുത്തിയാണ് 600 കുട്ടികൾക്ക് വിഭവം തയാറാക്കിയത്. വിദ്യാലയത്തിലെ ഉച്ചഭക്ഷണത്തിന്റെ അവശിഷ്ടങ്ങൾ മാത്രം നൽകിയാണു കോഴികളെ വളർത്തുന്നത്.
കോഴിക്കൃഷിയുടെ വിളവെടുപ്പ് പഞ്ചായത്തംഗം ആസിഫ ഷമീർ ഉദ്ഘാടനം ചെയ്തു. എഇഒ ഷൈനി ഓമന, നൂൺ മീൽ ഓഫിസർ അനീസ്, മാനേജർ പി.പി.അബ്ദുൽ ഖാലിക്, മാനേജ്മെന്റ് കമ്മിറ്റി സെക്രട്ടറി ബഷീർ അഹമ്മദ്, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് കെ.പി.അനസ് തുടങ്ങിയവർ പ്രസംഗിച്ചു. 80 സെന്റ് സ്ഥലത്ത് വിളയിച്ച അന്നപൂർണ ഇനത്തിൽപ്പെട്ട നെല്ല് കഴിഞ്ഞ ദിവസം വിദ്യാർഥികൾ വിളവെടുത്തിരുന്നു. പലതരം പച്ചക്കറിക്കൃഷി ചെയ്യുന്ന അടുക്കളത്തോട്ടവും സ്കൂളിലുണ്ട്.