ADVERTISEMENT

മലപ്പുറം ∙ പ്രതിപക്ഷ–ഭരണപക്ഷ അനൂകൂല സർവീസ് സംഘടനകൾ തമ്മിൽ മലപ്പുറം സിവിൽ സ്റ്റേഷനു മുന്നിൽ ഉന്തും തള്ളും പോർവിളിയും. സിവിൽ സ്റ്റേഷൻ കവാടം പൊലീസ് അടച്ചിട്ടതും പണിമുടക്കിയ പ്രതിപക്ഷാനുകൂല സംഘടനാ പ്രവർത്തകർ കവാടത്തിനു മുന്നിൽ തടിച്ചുകൂടി വഴി തടസ്സപ്പെടുത്തിയതും ഭരണപക്ഷ അനുകൂല സംഘടനാ പ്രവർത്തകർ ചോദ്യം ചെയ്തതാണ് സംഘർഷാവസ്ഥയിലേക്ക് നയിച്ചത്. പ്രതിപക്ഷാനുകൂല സംഘടനകളിലെ നേതാക്കളുൾപ്പെടെ കണ്ടാലറിയാവുന്ന 60 പേർക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു. രാവിലെ 9.30 മുതൽ ഒരു മണിക്കൂറോളം നീണ്ട നാടകീയ രംഗങ്ങളാണ് സിവിൽ സ്റ്റേഷനു മുന്നിലുണ്ടായത്. പണിമുടക്ക് അനുകൂലികൾ രാവിലെ തന്നെ സിവിൽ സ്റ്റേഷൻ കവാടത്തിൽ സംഘടിച്ച് മുദ്രാവാക്യം വിളിച്ചു തുടങ്ങിയതോടെയാണ് സംഘർഷാവസ്ഥ മുൻനിർത്തി കവാടം പൊലീസ് അടച്ചത്. പണിമുടക്ക് അനുകൂലികൾ കൂട്ടം കൂടി മുദ്രാവാക്യം വിളിച്ചതോടെ ഉപരോധ സമാന സാഹചര്യമായി. കവാടത്തിന്റെ ഇരുവശങ്ങളിലൂടെയും ആളുകൾക്ക് പോകാനുള്ള വഴി മുടങ്ങി. ജീവനക്കാർക്കും വാഹനങ്ങൾക്കും വിവിധ ആവശ്യങ്ങൾക്ക് കലക്ടറേറ്റിലെത്തിയവർക്കും അകത്തേക്കു കടക്കാനായില്ല. ചിലർ ഒരു വശത്തെ മതിലുചാടി സാഹസികമായി അകത്തു കടന്നു.

ഭരണപക്ഷ അനുകൂല യൂണിയൻ നേതാക്കളിൽ ചിലരും ഈ സമയത്ത് സമരക്കാർക്ക് മുന്നിൽപെട്ടതോടെ അകത്തു കടക്കാനായില്ല. ഇതുവരെ ഒരു പണിമുടക്കിനും കവാടം അടച്ചിട്ടില്ലെന്നും ജോലിക്കു കയറാൻ താൽപര്യമുള്ളവർക്ക് സംരക്ഷണം നൽകണമെന്നും ഇവർ പൊലീസിനോട് ആവശ്യപ്പെട്ടു. ഇതിനിടെയാണ് ഇവരും ചില സമരക്കാരുമായി ഉന്തും തള്ളുമുണ്ടായത്. സമരക്കാരെ ഇരുവശങ്ങളിലേക്ക് മാറ്റി സംരക്ഷണ മതിൽ തീർത്ത് 10.15ന് പൊലീസ് വഴിയൊരുക്കിക്കൊടുത്തു. എന്നാൽ ഈ സമയത്ത് സിവിൽ സ്റ്റേഷന് അകത്തുനിന്ന് ഭരണപക്ഷ അനുകൂല സംഘടനാ പ്രവർത്തകരും കവാടത്തിനു മുന്നിൽ സംഘടിച്ചെത്തി. ഇവർ കവാടം തുറന്നിട്ടു കൊടുത്തു. സർക്കാർ അനുകൂല മുദ്രാവാക്യവും മുഴക്കി. ഇതോടെ സമരാനുകൂലികൾ കൂക്കിവിളിച്ചു. തുടർന്ന് ഇരുപക്ഷവും തമ്മിൽ വാക്കേറ്റമായി. ഇതോടെ പൊലീസ് വീണ്ടും കവാടം അടച്ചു. പൊലീസ് പണിമുടക്കിനെ അനുകൂലിക്കുകയാണെന്ന് ഭരണപക്ഷാനുകൂല പ്രവർത്തകർ ആരോപിച്ചു. ഭരണപക്ഷാനുകൂല പ്രവർത്തകർ ഒപ്പിട്ട ശേഷം ജോലിക്കു കയറാതെ പണിമുടക്കുകയാണെന്ന് സമരക്കാരും തിരിച്ചടിച്ചു.

10.20ന് ഭരണപക്ഷാംഗങ്ങൾ തിരിച്ചുപോയി പൊലീസിനെതിരെ കലക്ടർ വി.ആർ.വിനോദിനോട് പരാതി പറഞ്ഞു. കലക്ടർ ജില്ലാ പൊലീസ് മേധാവിയെ ബന്ധപ്പെട്ട് കവാടം തുറക്കാൻ നിർദേശം നൽകി. ഇതോടെ കവാടം തുറന്നിട്ടു. 10.25ന് സമരക്കാർ 3 സംഘങ്ങളായി കുന്നുമ്മൽ ഭാഗത്തേക്ക് പ്രകടനം നടത്തി. തിരിച്ചെത്തി സമ്മേളനം നടത്തി പിരിഞ്ഞുപോയി. യുഡിഎഫ് അനുകൂല യുണൈറ്റഡ് ടീച്ചേഴ്സ് ആൻഡ് എംപ്ലോയീസ് ഫെഡറേഷൻ (യുടിഇഎഫ്), ബിജെപി അനുകൂല ഫെഡറേഷൻ ഓഫ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് ഓർഗനൈസേഷൻ (ഫെറ്റോ), വെൽഫെയർ പാർട്ടി അനുകൂല അസെറ്റ് (അസോസിയേഷൻ ഫോർ സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ്) എന്നിവയുടെ നേതൃത്വത്തിലാണ് സിവിൽ സ്റ്റേഷനു മുന്നിൽ പ്രതിഷേധമുണ്ടായത്. ഇവർ 3 ഭാഗങ്ങളിലായി നിരന്നാണ് സമരം നയിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com