ADVERTISEMENT

മലപ്പുറം∙ശുദ്ധജല പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനു ജല അതോറിറ്റി, പൊതുമരാമത്ത് വകുപ്പുകളുടെ ഏകോപനം ആവശ്യമാണെന്ന് ജില്ലാ വികസന സമിതി യോഗത്തിൽ ജനപ്രതിനിധികൾ. ശുദ്ധജല പദ്ധതികളുമായി ബന്ധപ്പെട്ട പ്രവൃത്തികൾക്കായി റോഡുകൾ വെട്ടിപ്പൊളിക്കേണ്ടി വരുന്നതും തുടർന്ന് റോഡ് പൂർവസ്ഥിതിയിലാക്കുന്നതുമായി ബന്ധപ്പെട്ടും ജല അതോറിറ്റിയും പൊതുമരാമത്ത് വകുപ്പും ധാരണയിലെത്തണം.

എംഎൽഎമാരുടെ മറ്റു പ്രധാന ആവശ്യങ്ങൾ
∙ദേശീയപാത 66 നവീകരണത്തിന്റെ ഭാഗമായി ചേളാരി മുതൽ തലപ്പാറ വരെയുള്ള ഭാഗങ്ങളിൽ നിർമിക്കുന്ന ബസ് സ്റ്റോപ്പുകൾ നിലവിലുള്ള സ്ഥലങ്ങളിൽനിന്ന് മാറി അശാസ്ത്രീയമായാണ് നിർമിക്കുന്നതെന്ന് പി.അബ്ദുൽ ഹമീദ് എംഎൽഎ. ഈ വിഷയം ചർച്ച ചെയ്യുന്നതിനായി പഞ്ചായത്തുകളുടെ ട്രാഫിക് റഗുലേറ്ററി കമ്മിറ്റി വിളിച്ചുചേർത്ത് തീരുമാനമെടുക്കാൻ കലക്ടർ ആർടിഒയ്ക്ക് നിർദേശം നൽകി. കാലിക്കറ്റ് സർവകലാശാല ജീവനക്കാരുടെ ക്വാർട്ടേഴ്സുകളിൽ പകൽസമയത്ത് മോഷണം വർധിക്കുകയാണെന്നും പൊലീസ് നിരീക്ഷണം ശക്തമാക്കണമെന്നും എംഎൽഎ പറഞ്ഞു.
∙ പൊലീസ് സ്റ്റേഷനുകളിലും സിവിൽ സ്റ്റേഷനുകളിലുമായി പിടിച്ചിട്ടിരിക്കുന്ന വാഹനങ്ങൾ തുരുമ്പെടുത്ത് നശിക്കുന്നുവെന്ന് പി.ഉബൈദുല്ല എംഎൽഎ പറഞ്ഞു. നടപടിക്രമങ്ങൾ പൂർത്തിയാക്കി എത്രയും പെട്ടെന്ന് ഉടമസ്ഥർക്ക് വിട്ടുകൊടുക്കാനുള്ള നടപടി സ്വീകരിക്കണമെന്നും ജില്ലാ പബ്ലിക് ഹെൽത്ത് ലാബിനുള്ള കെട്ടിട നിർമാണം കോട്ടപ്പടിയിലെ വിദ്യാഭ്യാസ ഉപഡ‍യറക്ടർ ഓഫിസ് പരിസരത്ത് ഉടൻ ആരംഭിക്കണമെന്നും മൊറയൂർ- അരിമ്പ്ര- പൂക്കോട്ടൂർ റോഡ് നവീകരണ പ്രവൃത്തി ഉടൻ ആരംഭിക്കുന്നതിനു പൊതുമരാമത്ത് വകുപ്പ് പ്രത്യേക യോഗം വിളിച്ചു ചേർക്കണമെന്നും ആവശ്യപ്പെട്ടു.
∙ തിരൂർ ജില്ലാ ആശുപത്രിയിലെ ഓങ്കോളജി കെട്ടിടത്തിന്റെയും ലിഫ്റ്റിന്റെയും നിർമാണം അടിയന്തരമായി പൂർത്തിയാക്കണമെന്ന് കുറുക്കോളി മൊയ്തീൻ എംഎൽഎ ആവശ്യപ്പെട്ടു

ഉദ്യോഗസ്ഥരുടെ പ്രധാന മറുപടികൾ:
∙ കൊണ്ടോട്ടി- എടവണ്ണപ്പാറ റോഡിന്റെ രണ്ടാം ഘട്ട വികസനത്തിന്റെ ഭാഗമായുള്ള സ്ഥലമേറ്റെടുപ്പ് നടപടികൾ പുരോഗമിക്കുന്നു. സർവേ ഉടൻ ആരംഭിക്കുമെന്ന് കെആർഎഫ്ബി എക്സിക്യൂട്ടീവ് എൻജിനീയർ
∙ പൊന്നാനി സിവിൽ സ്റ്റേഷനിൽ നിർമിക്കുന്ന അനെക്സ് കെട്ടിടത്തിന്റെ നിർമാണം വേഗത്തിലാക്കുന്നതിനായുള്ള നടപടികൾ പുരോഗമിക്കുന്നതായി എഡിഎം
∙ മൂക്കുതല പിഎസി‌എൻ ജിഎച്ച്എസ് സ്കൂൾ സ്റ്റേഡിയത്തിന്റെ പ്രവൃത്തി ഫെബ്രുവരി പകുതിയോടെ പൂർത്തിയാക്കുമെന്നു ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി.

കലക്ടർ വി.ആർ.വിനോദ് ആധ്യക്ഷ്യം വഹിച്ചു. എംഎൽഎമാരായ പി.ഉബൈദുല്ല, ടി.വി.ഇബ്രാഹിം, പി.നന്ദകുമാർ, പി.അബ്ദുൽ ഹമീദ്, കെ.കെ.ആബിദ് ഹുസൈൻ തങ്ങൾ, കുറുക്കോളി മൊയ്തീൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായിൽ മൂത്തേടം, ജില്ലാ പ്ലാനിങ് ഓഫിസർ എ.എം.സുമ തുടങ്ങിയവർ പ്രസംഗിച്ചു.

കുട്ടികളെ നീന്തൽ പഠിപ്പിക്കണം
ജില്ലയിൽ വർധിക്കുന്ന മുങ്ങിമരണങ്ങൾ ഇല്ലാതാക്കുന്നതിനായി പരമാവധി കുട്ടികളെ നീന്തൽ പഠിപ്പിക്കാൻ അഗ്നി രക്ഷാസേന, പൊലീസ് വകുപ്പുകളോട് കലക്ടർ നിർദേശിച്ചു. ഒരു മാസത്തിനിടെ ജില്ലയിൽ 4 കുട്ടികളുടെ ജീവനുകളാണ് ജലാശയങ്ങളിൽ പൊലിഞ്ഞത്. റോഡ് വികസനം, കെട്ടിടം നിർമാണം തുടങ്ങി വികസന പ്രവൃത്തികൾ നടക്കുന്നിടത്ത് സുരക്ഷാ മുൻകരുതലുകൾ ഉറപ്പാക്കുന്നതിന് അതത് വകുപ്പുകൾ പ്രത്യേകം ശ്രദ്ധ ചെലുത്തണമെന്നും കലക്ടർ നിർദേശിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com