ADVERTISEMENT

തിരൂർ ∙ ജില്ലയിൽ ആഗോള താപനം രൂക്ഷമായി ബാധിച്ച മേഖല തിരൂരെന്ന് കണ്ടെത്തൽ. ബോയ്സ് ഹയർസെക്കൻഡറി സ്കൂളിലെ വെതർ സ്റ്റേഷനുമായി ബന്ധപ്പെട്ട് പഠനം നടത്തുന്ന വിദ്യാർഥികളാണ് ഇക്കാര്യം കണ്ടെത്തിയത്. ജില്ലയുടെ എല്ലാ ഭാഗത്തെയും കാലാവസ്ഥ പരിശോധിച്ചാണ് തിരൂർ താലൂക്ക് അടങ്ങുന്ന പ്രദേശത്തെ ചൂടിന്റെ സ്ഥിതിയിലുണ്ടായ മാറ്റം ഇവർ കണ്ടെത്തിയത്. 

നഗര‌വ്യാപനമാണ് ഇതിനുള്ള പ്രധാന കാരണം. കോൺക്രീറ്റ് കെട്ടിടങ്ങളുടെ വർധന, റോഡുകളുടെ വികസനം, നിലത്ത് ടൈൽ പാകൽ എന്നിവ കൂടിയിട്ടുണ്ട്. 2017ൽ തിരൂരിൽ താലൂക്കിലെ 210 ചതുരശ്ര കിലോമീറ്റർ സ്ഥലത്ത് പച്ചപ്പുണ്ടായിരുന്നു. എന്നാലിത് 2023 ആയപ്പോഴേക്ക് 90 ചതുരശ്ര കിലോമീറ്റർ ആയി കുറഞ്ഞു. മിശ്ര സസ്യജാലങ്ങളുടെ എണ്ണം കുറയുകയും പകരം നിർമിതികളുടെ എണ്ണം കൂടുകയും ചെയ്തതായി വിദ്യാർഥികൾ കണ്ടെത്തി. ഭൂവിനിയോഗ ഭൂപടം ഉപയോഗിച്ചാണ് ഇതു കണക്കാക്കിയത്.

1951 മുതൽ 2022 വരെയുള്ള ശരാശരി താപനിലയുടെ വിവരങ്ങൾ ഇവർ ശേഖരിച്ചിരുന്നു. കൂടെ 122 വർഷത്തെ മഴക്കണക്കുമെടുത്തു. 1901 മുതൽ 75 വരെ തിരൂർ താലൂക്ക് അടങ്ങുന്ന പ്രദേശത്ത് കൃത്യമായ അളവിൽ മഴ ലഭിച്ചിരുന്നു. അതിനു ശേഷം ഇതുവരെയുള്ള കണക്കിൽ ഏറെ വ്യതിയാനം സംഭവിച്ചു. 1975നു ശേഷം മേഖലയിൽ 4 തവണ രൂക്ഷമായ വരൾച്ചയുണ്ടായതായും പഠനത്തിൽ കണ്ടെത്തി. ഇതിലൊന്ന് 2016ൽ ആണു സംഭവിച്ചത്. 

ഒരു വർഷം മുൻപാണ് സ്കൂളിൽ വെതർ സ്റ്റേഷൻ സ്ഥാപിച്ചത്. മഴയുടെ തോത്, കാറ്റിന്റെ വേഗം, അന്തരീക്ഷ ആർദ്രത തുടങ്ങി കാലാവസ്ഥ വ്യതിയാനങ്ങൾ ഇതുവഴി അറിയാനാകും. ഇതിന്റെ ഒരു വർഷത്തെ റിപ്പോർട്ടും സ്കൂൾ പുറത്തിറക്കി. ഇതേ മാതൃകയിൽ വെതർ സ്റ്റേഷൻ സ്ഥാപിക്കാൻ മുംബൈ യൂണിവേഴ്സിറ്റി സ്കൂളുമായി ബന്ധപ്പെട്ടിട്ടുണ്ട്. അധ്യാപകനായ എസ്.സുരേഷ് കുമാറാണ് സ്റ്റേഷന്റെ മേൽനോട്ടം വഹിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com