ADVERTISEMENT

23ന് അവധി:
തിരൂർ ∙ വൈരങ്കോട് വലിയ തീയാട്ടുത്സവം നടക്കുന്ന 23ന് തിരുനാവായ, കൽപകഞ്ചേരി, ആതവനാട്, വളവന്നൂർ, തലക്കാട്, കുറ്റിപ്പുറം, മാറാക്കര, തൃപ്രങ്ങോട് എന്നീ പഞ്ചായത്തുകളിലും തിരൂർ നഗരസഭയിലുമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്ടർ അവധി പ്രഖ്യാപിച്ചു. ഈ പ്രദേശങ്ങളിലെ സർക്കാർ സ്ഥാപനങ്ങൾക്ക് ഉച്ചയ്ക്കു ശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

അന്തർ സർവകലാശാലാ പുരുഷ ശരീരസൗന്ദര്യ മത്സരം നാളെ മുതൽ
തേ‍ഞ്ഞിപ്പലം∙ അഖിലേന്ത്യാ അന്തർ സർവകലാശാലാ പുരുഷ ശരീരസൗന്ദര്യ മത്സരത്തിന് നാളെയും മറ്റന്നാളും വൈകിട്ട് 6 മുതൽ രാത്രി 10 വരെ കാലിക്കറ്റ് സർവകലാശാലാ ഓപ്പൺ എയർ ഓഡിറ്റോറിയം വേദിയാക്കാൻ തീരുമാനം. മത്സരം കാണാൻ പൊതുജനങ്ങൾ അടക്കം എല്ലാവർക്കും സൗകര്യം ഒരുക്കും. സംഗീത വിരുന്നും ഒരുക്കും. 98 യൂണിവേഴ്സിറ്റികളിൽനിന്നായി 402 താരങ്ങൾ റജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇന്ന് രാവിലെ 10 മുതൽ താരങ്ങളുടെ ഭാര നിർണയം നടത്തും. മിസ്റ്റർ ഇന്ത്യ യൂണിവേഴ്സിറ്റി പട്ടത്തിനും മത്സരമുണ്ട്. കൂടുതൽ പോയിന്റ് നേടുന്ന ടീമിനാണ് ട്രോഫി. നിലവിൽ മുംബൈ വാഴ്സിറ്റിയാണ് ചാംപ്യൻമാർ.

പ്രോജക്ട് അസിസ്റ്റന്റ്
∙ വഴിക്കടവ് പഞ്ചായത്തിൽ കരാർ അടിസ്ഥാനത്തിൽ പ്രോജക്ട് അസിസ്റ്റന്റ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 15ന് അകം അപേക്ഷിക്കണം. 04931 275248.

കലാപഠന ക്യാംപ് നാളെ മുതൽ
കൊളത്തൂർ ∙ മൂർക്കനാട് പഞ്ചായത്ത് സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന കലാപഠന ക്യാംപിന് നാളെ തുടക്കം. വെങ്ങാട് ടിആർകെ എയുപി സ്‌കൂളിൽ പഞ്ചായത്ത് പ്രസിഡന്റ് രശ്‌മി ശശികുമാർ ഉദ്ഘാടനം ചെയ്യും. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ചലച്ചിത്ര ശിൽപശാല ഉൾപ്പെടെ നാടകം, ചിത്രരചന, നൃത്തം, സംഗീതം എന്നിങ്ങനെ 5 വിഭാഗങ്ങളിലായി വിദ്യാർഥികൾക്ക് പരിശീലനം നൽകും.

പുലാമന്തോൾ പാലം പരിശോധന നാളെ
കൊപ്പം ∙ അറ്റകുറ്റപ്പണി നടത്തിയ പുലാമന്തോൾ പാലം തുറക്കുന്നതുമായി ബന്ധപ്പെട്ട് നാളെ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പാലം സന്ദര്‍ശിക്കും. രാവിലെ ഒന്‍പതിന് എക്‌സിക്യൂട്ടീവ്എന്‍ജിനീയറുടെ നേതൃത്വത്തിലാണ് പരിശോധന നടത്തുക. പാലത്തിലെ എക്സ്പാൻഷൻ ജോയിന്റുകളിൽ സ്ട്രിപ്പ് സീൽ പിടിപ്പിച്ച് പാലത്തിന്റെ ഇരുവശങ്ങളും കോൺക്രീറ്റ് ചെയ്യുന്നതിനായി ജനുവരി 10 മുതൽ ആണ് പാലം അടച്ചിട്ടത്. 53 ലക്ഷം രൂപ ചെലവിട്ടാണ് പാലം അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കിയിരിക്കുന്നത്. പാലം ഗതാഗതത്തിന് തുറന്നു കൊടുക്കുന്നതിന്റെ മുന്നോടിയായാണ് അധികൃതര്‍ എത്തുന്നത്. പട്ടാമ്പി മണ്ഡലത്തിലെ പ്രധാന പാതയിലെ പാലത്തിലൂടെയുളള ഗതാഗതം നിരോധിച്ചതിനാല്‍ ആശുപത്രിയിൽ പോകുന്ന രോഗികളും ദീര്‍ഘദൂര ചരക്ക് വണ്ടികളും അടക്കം യാത്രാദുരിതം അനുഭവപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് മരാമത്ത് വകുപ്പ് പാലം വിഭാഗം എക്‌സിക്യൂട്ടീവ്എന്‍ജിനീയറുടെ നേതൃത്വത്തിലുള്ള പരിശോധന. ഉദ്യോഗസ്ഥരുടെ സ്ഥല പരിശോധനയില്‍ തടസ്സങ്ങള്‍ ഇല്ലെന്ന റിപ്പോര്‍ട്ടാണ് ലഭിക്കുന്നതെങ്കില്‍ പാലം ഗതാഗതത്തിനു തുറന്നു കൊടുക്കാന്‍ നിർദേശം നൽകിയിട്ടുണ്ട് എന്ന് മുഹമ്മദ് മുഹസിന്‍ എംഎല്‍എ അറിയിച്ചു. 

നാഷനൽ മീഡിയ കോൺക്ലേവ് നാളെ
മഞ്ചേരി ∙ നോബിൾ വിമൻസ് കോളജിൽ സിൽമണി കോർപറേഷന്റെ സഹകരണത്തോടെ നാളെ നാഷനൽ മീഡിയ കോൺക്ലേവ് നടക്കും. നിർമിത ബുദ്ധിയുടെ കാലത്ത് മാധ്യമ പ്രവർത്തനം എന്ന വിഷയം കേന്ദ്രീകരിച്ചാണ് പരിപാടിയെന്ന് ഭാരവാഹികൾ പറഞ്ഞു. രാവിലെ മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും. യു.എ.ലത്തീഫ് എംഎൽഎ ആധ്യക്ഷ്യം വഹിക്കും. പി.കെ.ബഷീർ എംഎൽഎ മുഖ്യാതിഥിയാകും. ടെക്കി, എഐ സെഷൻ ഉൾപ്പെടെ വിവിധ സെഷനുകളിൽ മാധ്യമ രംഗത്തെയും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്തെയും പ്രമുഖർ ക്ലാസുകൾ നയിക്കുമെന്ന് പ്രിൻസിപ്പൽ ഡോ. യു. സൈതലവി, സിൽമണി സഹ സ്ഥാപകൻ ഡോ. സഹീർ നെല്ലിപറമ്പൻ, ഡോ. അനുപമ എന്നിവർ പറഞ്ഞു.

ഹദീസ് സമ്മേളനം
കൊണ്ടോട്ടി ∙ വിസ്ഡം ഇസ്‌ലാമിക് യൂത്ത് ഓർഗനൈസേഷൻ മലപ്പുറം നോർത്ത് ജില്ലാ സമിതിയുടെ ഹദീസ് സമ്മേളനം നാളെ വൈകിട്ട് 4.30നു പുളിക്കലിൽ നടക്കും. കേരള യൂത്ത് കോൺഫറൻസിന്റെ പ്രചാരണ ഭാഗമായാണ് ഹദീസ് സമ്മേളനം നടക്കുന്നതെന്നു ഭാരവാഹികളായ മഹ്ഷൂഖ് സ്വലാഹി, ഡോ.അബ്ദുൽ ഖാദർ, ഹാറൂൻ റഷീദ് എന്നിവർ അറിയിച്ചു.

വ്യാപാര സംരക്ഷണ യാത്ര നാളെ ജില്ലയിൽ
പെരിന്തൽമണ്ണ∙ കാസർകോട് നിന്ന് ആരംഭിച്ച വ്യാപാര സംരക്ഷണ യാത്ര നാളെ ജില്ലയിൽ. പുലാമന്തോളിൽ നിന്ന് ബൈക്ക് റാലിയുടെ അകമ്പടിയോടെ പെരിന്തൽമണ്ണയിലേക്ക് ആനയിക്കും. പോസ്‌റ്റ്ഓഫിസ് പരിസരത്തു നിന്ന് ആദ്യ സ്വീകരണ കേന്ദ്രമായ ടൗൺ സ്‌ക്വയറിലേക്ക് തുറന്ന വാഹനത്തിൽ ഘോഷയാത്രയായി ജാഥാ ക്യാപ്‌റ്റൻ സംസ്ഥാന അധ്യക്ഷൻ അപ്‌സര രാജുവിനെയും സംസ്ഥാന നേതാക്കളെയും സ്വീകരിക്കും. പെരിന്തൽമണ്ണ, മങ്കട, വണ്ടൂർ മണ്ഡലങ്ങളുടെ നേതൃത്വത്തിലാണ് പെരിന്തൽമണ്ണയിലെ സ്വീകരണം. പിന്നീട് മഞ്ചേരിയിലേക്ക് പോകും. തിരൂരിലാണ് ജില്ലയിലെ സമാപന സ്വീകരണ യോഗമെന്ന് പെരിന്തൽമണ്ണ മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് പി.ടി.എസ്.മൂസു, സെക്രട്ടറി സി.പി.മുഹമ്മദ് ഇക്‌ബാൽ, ട്രഷറർ ടാലന്റ് ലത്തീഫ് എന്നിവർ അറിയിച്ചു.

ചെ ഗവാര ഫോറം സൗജന്യ മരുന്നു വിതരണം ജില്ല മുഴുവൻ വ്യാപിപ്പിക്കും
വളാഞ്ചേരി ∙ ചെ ഗവാര കൾചറൽ ആൻഡ് വെൽഫെയർ ഫോറത്തിന്റെ സൗജന്യ മരുന്നു വിതരണം ജില്ല മുഴുവൻ വ്യാപിപ്പിക്കുമെന്ന് ചീഫ് കോഓർഡിനേറ്റർ വെസ്റ്റേൺ പ്രഭാകരനും പ്രസിഡന്റ് വി.പി.എം.സ്വാലിഹും പറഞ്ഞു. നിലവിൽ വളാഞ്ചേരി മേഖല കേന്ദ്രീകരിച്ചുള്ള മരുന്നുവിതരണം വിപുലീകരിച്ചു ജില്ലയിലെ അർഹരായ മുഴുവൻ പാവപ്പെട്ടവർക്കും എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. മരുന്നുകമ്പനികൾ നൽകുന്ന സാംപിൾ മരുന്നുകളും പ്രവാസികൾ അടക്കമുള്ളവരുടെ സഹായ സഹകരണങ്ങളുമാണ് മരുന്നുവിതരണം വിജയത്തിലെത്തിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.

ഖുർആൻ സദസ്സ് മാർച്ച് 17ന് 
തിരൂർ ∙ റമസാൻ മാസത്തിന്റെ ആരംഭത്തിൽ തിരൂർ സാംസ്കാരിക വേദി മാർച്ച് 17ന് ഇരിങ്ങാവൂരിൽ ഖുർആൻ ആസ്വാദന സദസ്സ് നടത്തും. പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com