ADVERTISEMENT

മലപ്പുറം∙ ഗവർണറും മന്ത്രിയും കർഷകരും കൃഷിയെ സ്നേഹിക്കുന്നവരും നാട്ടുകാരും ഉൾപ്പെടെ നന്മയുടെ പലവിളത്തോട്ടമായിരുന്നു മലപ്പുറം എംഎസ്പി മൈതാനം ഇന്നലെ. മലയാള മനോരമ രണ്ടു വർഷത്തിലൊരിക്കൽ മാത്രം നൽകുന്ന കർ‌ഷകശ്രീ പുരസ്കാരസമർപ്പണച്ചടങ്ങിന്റെ ഇത്തവണത്തെ വേദി. മുൻ കാലങ്ങളിൽ കർഷകശ്രീ പുരസ്കാരം നേടിയ പ്രതിഭകൾ തങ്ങളുടെ പിൻഗാമിയെയും കാത്ത് കസവുതലപ്പാവണിഞ്ഞ് സദസ്സിന്റെ മുൻനിരയിൽത്തന്നെ ഇടംപിടിച്ചു. തൊട്ടു പിന്നിൽ ആകാംക്ഷയോടെ ജനവും. അധികം വൈകാതെ വേദിയിൽ കൃഷി കേരളത്തിന്റെ പുത്തൻ ശ്രീ തെളിഞ്ഞു.

കണ്ണൂർ ഉദയഗിരി താബോർ പരുവിലാങ്കൽ പി.ബി.അനീഷ്. കടം കയറി ജപ്തിയായ കൃഷിയിടം അതേ കൃഷി ചെയ്തു വീണ്ടെടുത്ത കർഷകൻ. സാങ്കേതികവിദ്യയുടെ സഹായത്തോടെ കൃഷി വിജയം നേടിയ പുതുതലമുറയുടെ പ്രതിനിധി. ബംഗാൾ ഗവർണർ സി.വി.ആനന്ദബോസ് കസവു തലപ്പാവും സ്വർണപ്പതക്കവും അനീഷിനെ അണിയിച്ചപ്പോൾ സദസ്സിൽ നിറഞ്ഞ കയ്യടി. പ്രശസ്തി പത്രം സമ്മാനിച്ചത് കാർഷിക കേരളം ഏറെ സ്നേഹിക്കുന്ന മന്ത്രി പി.പ്രസാദ് ആയിരുന്നു. 

3,00,001 ലക്ഷം രൂപയുടെ കാഷ് അവാർഡ് സമ്മാനിച്ചതാകട്ടെ കർഷകൻ കൂടിയായ മലപ്പുറത്തിന്റെ സ്വന്തം പി.കെ.കുഞ്ഞാലിക്കുട്ടി എംഎൽഎയും. കഥകളിലൂടെയും തമാശകളിലൂടെയും കാര്യം പറഞ്ഞായിരുന്നു ഗവർണർ സിവി.ആനന്ദബോസിന്റെ പ്രസംഗം. നർമത്തിൽ പൊതിഞ്ഞ വിഷയാവതരത്തിലൂടെ സദസ്സിനെ അദ്ദേഹം പൊട്ടിച്ചിരിപ്പിച്ചു. അതിലധികം ചിന്തിപ്പിച്ചു. ഭക്ഷണം കഴിക്കുന്നുണ്ടെങ്കിൽ നമ്മൾ കൃഷിയുടെ ആനുകൂല്യം പറ്റുന്നവരാണെന്നും ഈ പരിഗണന എന്നും നമുക്ക് കൃഷിയോടുണ്ടാവണമെന്നുമായിരുന്നു ചടങ്ങിന്റെ അധ്യക്ഷൻ കൂടിയായ മന്ത്രി പി.പ്രസാദ് പറഞ്ഞത്. 

കാർഷിക രംഗത്തെ ഭാവി സാധ്യതകളെ പ്രയോജനപ്പെടുത്താനുള്ള സർക്കാർ പദ്ധതികളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. സ്വന്തം കൃഷിയിടത്തിലേക്കു കാലെടുത്തു വയ്ക്കുമ്പോൾ കർഷകനു കിട്ടുന്ന സന്തോഷത്തെക്കുറിച്ചായിരുന്നു പി.കെ.കുഞ്ഞാലിക്കുട്ടി എംഎൽഎ പറഞ്ഞത്. ഓരോ പ്രസംഗവും വാക്കും നീണ്ട കയ്യടികളോടെ സ്വീകരിച്ച സദസ്സ് നിറഞ്ഞ മനസ്സോടെയാണ് അടുത്ത മേളയ്ക്കു കാണാമെന്ന പ്രത്യാശയോടെ ഇന്നലെ പിരിഞ്ഞത്. വിതച്ചതിലേറെ വിളവുകിട്ടിയ കർഷകന്റെ സന്തോഷമായിരുന്നു എല്ലാവരുടെയും മുഖത്ത്. പുരസ്കാരസമർപ്പണം കഴിഞ്ഞെങ്കിലും പ്രദർശനങ്ങളും കലാവിരുന്നും സെമിനാറുകളുമായി രണ്ടുദിനം കൂടി കർഷകശ്രീ മേള മലപ്പുറത്തുണ്ട്. നാളെ ആണ് സമാപനം. ഇനിയധികം വൈകേണ്ട. വരാം കർഷകശ്രീ മേളയിലേക്ക്.

കർഷകന്റെ കണ്ണല്ല, മനസ്സാണ് നിറയേണ്ടത്. ആയുധങ്ങൾക്കു നീക്കിവയ്ക്കുന്ന തുകയ്ക്കു സമാനമായ തുക കൃഷിക്കും മാറ്റിവയ്ക്കണം. ബജറ്റിനു പുറത്തേക്കും കൃഷിയിൽ എന്തെല്ലാം ചെയ്യാമെന്ന് സർക്കാർ ആലോചിക്കുന്നുണ്ട്. ഭക്ഷണം കഴിക്കുന്ന എല്ലാവരെയും ബാധിക്കുന്ന വിഷയമാണ് കൃഷി. എന്നാൽ ആ പരിഗണന സമൂഹം കർഷകന് ലഭിക്കുന്നുണ്ടോയെന്ന് സംശയമാണ്. 

കൃഷിയിലേക്കിറങ്ങിയ കാലംമുതലുള്ള സ്വപ്നമായിരുന്നു കർഷകശ്രീ അവാർഡ് നേടുകയെന്നത്. അതു സഫലമായതിൽ സന്തോഷം, അഭിമാനം. ഈ പുരസ്കാരം എന്റെ ചാച്ചനും (അച്ഛൻ) അമ്മയ്ക്കും സമർപ്പിക്കുന്നു. അമ്മയാണ് കൃഷിയിലേക്കുള്ള എന്റെ വഴികാട്ടി. കുടുംബാംഗങ്ങളുടെ പിന്തുണയാണ് എന്റെ ഊർജം. 30 ഏക്കർ ഭൂമി വാങ്ങി കൃഷി നടത്താനായി വിട്ടുതന്ന കണ്ണൂരിലെ പി.കെ.രാജേഷ് അടക്കം സഹായിച്ച എല്ലാവർക്കും നന്ദി. 

എന്റെ കൃഷി വളർച്ചയിൽ കർഷകശ്രീ മാസികയുടെ പങ്ക് വളരെ വലുതാണ്. അതിൽ പ്രസിദ്ധീകരിക്കാറുള്ള വിവരങ്ങൾ ശേഖരിച്ചുവച്ച് ആ കർഷകരെ നേരിട്ടുകണ്ട് സംസാരിക്കാറുള്ളതും ഏറെ ഉപകാരപ്പെട്ടിട്ടുണ്ട്. അപൂർവ വിളകളും വ്യത്യസ്ത ചെടികളുമൊക്കെ അവരിൽ നിന്ന് ശേഖരിക്കാനായി. കണ്ണൂരിലെ കൃഷി വിജ്ഞാന കേന്ദ്രമാണ് (കെവികെ) സാങ്കേതികവിദ്യ കൃഷിയിൽ ഉപയോഗിക്കാൻ സഹായിച്ചത്. അതോടെ വരുമാനം രണ്ടിരട്ടിയാക്കി വർധിപ്പിക്കാനായി. സാങ്കേതിക വിദ്യയുടെ ഗുണം എനിക്കു കിട്ടിയതുപോലെ കേരളത്തിലെ മറ്റുള്ളവർക്കും കിട്ടാൻ വേണ്ട പദ്ധതി തയാറാക്കാൻ മന്ത്രി (പി.പ്രസാദ്) മുൻകയ്യെടുക്കണം. 

കൃഷിയിലേക്ക് കൂടുതൽ പേരെ ആകർഷിക്കാവുന്ന നേട്ടമാണ് കർഷകശ്രീ പുരസ്കാരം നേടിയ പി.ബി.അനീഷിന്റേത്. കൃഷിയിടത്തിലേക്ക് കാലെടുത്തുവയ്ക്കുന്നതിൽപരം സന്തോഷം തരുന്ന മറ്റൊരു കാര്യമില്ല. എന്തൊക്കെ പ്രശ്നങ്ങളുണ്ടെങ്കിലും കേരളത്തിൽ എല്ലാവരെയും താങ്ങിനിർത്തുന്ന പ്രധാന മേഖലയാണ് കൃഷി. നമ്മുടെ സമ്പദ്ഘടനയ്ക്ക് കൃഷി മുതൽക്കൂട്ടാകുന്ന തരത്തിൽ സർക്കാർ ഉൾപ്പെടെ ചെയ്യുന്ന കാര്യങ്ങൾക്ക് എല്ലാ പിന്തുണയും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com