ADVERTISEMENT

മലപ്പുറം ∙കൃഷി വിജ്ഞാനത്തിന്റെ കലവറ തേടി  5 നാളുകളിലായി പതിനായിരങ്ങളെത്തിയ മലയാള മനോരമ കർഷകശ്രീ കാർഷികമേളയ്ക്കു കൊടിയിറങ്ങി. അവസാന ദിവസമായ ഇന്നലെ പ്രദർശനം കാണാനും സെമിനാറിൽ പങ്കെടുക്കാനും മലപ്പുറം ഒഴുകിയെത്തി. 

31 മുതലാണ് മലപ്പുറം എംഎസ്പി മൈതാനത്തു കാർഷിക മേള നടത്തിയത്. പ്രദർശനത്തിൽ നൂറിലേറെ സ്റ്റാളുകളുണ്ടായിരുന്നു. 20 നഴ്സറികൾ പങ്കെടുത്തു.  5 ദിവസങ്ങളിലായി 8 സെമിനാറുകളാണ് നടന്നത്. ഇതോടൊപ്പം കർഷകശ്രീ 2024 പുരസ്കാര സമർപ്പണവും നടന്നു. നിറഞ്ഞ സദസ്സിനു മുൻപിലായിരുന്നു ഇന്നലെ സമാപന സമ്മേളനം നടന്നത്.

സീന രമേശും സംഘവും അവതരിപ്പിച്ച പതിനാലാം രാവ് കലാപരിപാടിയോടെയായിരുന്നു സമാപനം. ഫെഡറൽ ബാങ്ക്, കാരിത്താസ് ഹോസ്പിറ്റൽ കോട്ടയം, കോട്ടയ്ക്കൽ ആര്യവൈദ്യശാല, പോപ്പീസ്, നബാർഡ്, കേരള ഫീഡ്സ്, പോളിസി ഇൻ, കണ്ണൻ ദേവൻ, മെഡിമിക്സ്, ഫാക്ട്, വി ഗാർഡ് എന്നിവയാണ് മേളയുടെ പ്രായോജകർ.

ആരോഗ്യസംരക്ഷണത്തിന് ആഴ്ചയിലൊരിക്കൽ കൂൺ
മലപ്പുറം ∙ ആഴ്ചയിലൊരിക്കലെങ്കിലും കൂൺ ഭക്ഷണത്തിലുൾപ്പെടുത്താൻ ശ്രമിക്കണമെന്ന് മലയാള മനോരമ കർഷകശ്രീ മികച്ച കൃഷി സംരംഭകനായി തിരഞ്ഞെടുത്ത തൃശൂർ കൊരട്ടി ഐക്കരവീട്ടിൽ ആദം ഷംസുദ്ദീൻ. പച്ചക്കറിയിൽനിന്നു കിട്ടാത്ത പോഷകങ്ങൾ ലഭിക്കുന്ന ഭക്ഷണമാണ് കൂൺ.

ആരോഗ്യകരമായ ഭക്ഷണം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ജൈവ കൂൺ കൃഷിയുമായി ബന്ധപ്പെട്ട സംരംഭത്തിലേക്കിറങ്ങിയത്. ഇതുവരെ ഒരു ലക്ഷം കിലോഗ്രാം കൂൺ ഉൽപാദിപ്പിച്ചു. മികച്ച സംരംഭകനായി തിരഞ്ഞെടുക്കപ്പെട്ടതിൽ സന്തോഷം.

ഒട്ടേറെപ്പേർക്ക് കൃതജ്ഞത രേഖപ്പെടുത്താനുണ്ടെന്നും അദ്ദേഹം പറഞ്ഞു. സമാപനച്ചടങ്ങിൽ മികച്ച സംരംഭകനുള്ള ആദരം ഏറ്റുവാങ്ങിയ ശേഷം മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

കൃഷിയിലും വർക് ഫ്രം ഹോം!: പാടത്തിറങ്ങാതെ വീട്ടിലിരുന്നു തന്നെ കൃഷി ചെയ്യാവുന്ന സാധ്യതകളെക്കുറിച്ച് പറഞ്ഞ് സെമിനാർ
മലപ്പുറം ∙ പാടത്തിറങ്ങാതെ വീട്ടിലിരുന്നു തന്നെ കൃഷി ചെയ്യാവുന്ന വിധത്തിലേക്കാണ് സാങ്കേതിക വിദ്യ വളരുന്നതെന്ന് കൃഷിശാസ്ത്രജ്ഞനും കാഞ്ഞിരപ്പള്ളി അമൽ കോളജ് ഓഫ് എൻജിനീയറിങ് ഇമെരിറ്റസ് പ്രഫസറുമായ ഡോ. ജിപ്പു ജേക്കബ് പറഞ്ഞു. മൊബൈൽ ഫോൺ വഴി നിയന്ത്രിക്കാവുന്ന ട്രാക്ടറുകൾ ഉഴുതിട്ട പാടത്ത് സമാന രീതിയിൽ വിത്തെറിഞ്ഞും ഞാറു നട്ടും ഡ്രോൺ ഉപയോഗിച്ച് വളമിട്ടുമൊക്കെ കൃഷി ചെയ്യുന്നത് അത്ര വിദൂരസ്വപ്നമല്ല.

അങ്ങനെയെങ്കിൽ കൂടുതൽ സ്ഥലത്ത് കൃഷി ചെയ്യാം. മികച്ച വിളവും കിട്ടും. സാങ്കേതിക വിദ്യയുടെ പിന്തുണയുണ്ടെങ്കിൽ ഭാവിയുടെ കൃഷി നമ്മുടെ നാട്ടിലെ കർഷകരുടെ കയ്യിൽ ഭദ്രമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മലയാള മനോരമ കർഷകശ്രീ കാർഷിക മേളയിൽ ഇന്നലെ രാവിലെ നടന്ന ‘കൃഷിയിൽ ഓട്ടമേഷൻ (ടെക്നോളജി ഇൻ അഗ്രിക്കൾചർ)’ എന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കൃഷിയിലിനി ഓട്ടമേഷൻ സംവിധാനത്തിന്റെ കാലമാണെന്ന് മോഡറേറ്റർ തവനൂർ ഗവ. കാർഷിക എൻജിനീയറിങ് കോളജിലെ പ്രഫസർ ഡോ. വി.എം.അബ്ദുൽ ഹക്കിം പറഞ്ഞു. 90% വെള്ളവും പാഴാക്കുന്ന നിലവിലെ ജലസേചന രീതി മാറ്റി സ്വയം നിയന്ത്രിത തുള്ളിനന സംവിധാനങ്ങളിലേക്ക് പരമ്പരാഗത കർഷകർ മാറേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കാലാവസ്ഥാ മാറ്റങ്ങളെ പ്രതിരോധിക്കാൻ മരം നടീലിനപ്പുറത്തും ചെയ്യാവുന്ന കാര്യങ്ങളെ പ്രോത്സാഹിപ്പിക്കാൻ ഫണ്ട് നൽകുമെന്ന് നബാർഡ് ജില്ലാ വികസന മാനേജർ മുഹമ്മദ് റിയാസ് പറഞ്ഞു. ദുർഘട മേഖലകളിൽ പോലും കൃഷിയിലെ ശോഷണം കണ്ടെത്താനും വളം പ്രയോഗിക്കാനും ഡ്രോണുകൾ ഉപയോഗിക്കുന്നതിനെക്കുറിച്ച് കളമശ്ശേരി ഫ്യൂസിലേ‍ജ് ഇന്നവേഷൻസ് എംഡി ദേവൻ ചന്ദ്രശേഖരൻ വിശദീകരിച്ചു.

കൃഷിയിടത്തിൽ കാലാവസ്ഥാ നിരീക്ഷണ സംവിധാനങ്ങൾ ഒരുക്കുന്നത് ഒരു പ്രദേശത്തെ കർഷകരെയൊന്നാകെയാണ് സഹായിക്കുകയെന്ന് തിരുവനന്തപുരം മിസ്റ്റിയോ കോ ഫൗണ്ടർ ആൻഡ് സിഇഒ സാമുവൽ ജോൺ പറഞ്ഞു. കർഷകശ്രീ സീനിയർ സബ് എഡിറ്റർ ജോബി ജോസഫ്, കോട്ടയം പഴ്സനേൽ ആൻഡ് അഡ്മിനിസ്ട്രേഷൻ ഓഫിസർ വിജോ വർഗീസ് ചെമ്പോല എന്നിവർ പ്രസംഗിച്ചു.നബാർഡ് സഹകരണത്തോടെയായിരുന്നു സെമിനാർ. 

കൃഷി വളരണമെങ്കിൽ ഹൈടെക് രീതികൾ വരണം: എം.സി.മോഹൻദാസ് 
മലപ്പുറം∙ പരമ്പരാഗത കൃഷിരീതികളിൽനിന്നു വ്യത്യസ്തമായി ഹൈടെക് രീതികൾ വന്നെങ്കിൽ മാത്രമേ ഇനിയുള്ള കാലത്തിൽ കൃഷി കൂടുതൽപേരിലെത്തിക്കാൻ സാധിക്കൂവെന്ന് മലപ്പുറം മുൻ കലക്ടറും കർഷകനുമായ എം.സി.മോഹൻദാസ് പറഞ്ഞു. കർഷകശ്രീ കാർഷികമേളയുടെ ഭാഗമായി നടന്ന ‘കൃഷിയിടത്തിലെ നൂതന സംരംഭങ്ങൾ’ എന്ന വിഷയത്തിലുള്ള സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എഴുന്നള്ളിപ്പിന് റോബട്ടിക് ആന വരുന്ന കാലഘട്ടമാണിത്. അതുപോലെ റോബട്ടുകൾ വന്ന് നമ്മുടെ കൃഷിയിടത്തിലെ കായ പഴുത്തോ, വെള്ളരി മൂത്തോ എന്നു നോക്കി വിളവെടുക്കുന്ന കാലം വരുമെന്നും എം.സി.മോഹൻദാസ്  പറഞ്ഞു. 

കൃഷിക്കും വ്യക്തമായ ബിസിനസ് പ്ലാൻ വേണമെന്നും മറ്റുള്ളവയിൽനിന്നു വ്യത്യസ്തമായ ബിസിനസ് പ്ലാനുകൾ കൃഷി രംഗത്ത് അവതരിപ്പിക്കാൻ കഴിഞ്ഞെങ്കിൽ മാത്രമേ വിജയം സാധ്യമാകൂവെന്നും സെമിനാറിന്റെ മോഡറേറ്ററും ഭാരതീയ സുഗന്ധവിള ഗവേഷണകേന്ദ്രം ഇൻക്യുബേഷൻ സെന്റർ മേധാവിയുമായ ഡോ.ടി.ഇ.ഷീജ പറഞ്ഞു.

എല്ലാ ജില്ലകളിലുമുള്ള ഗ്രാമീണ തൊഴിൽ പരിശീലന കേന്ദ്രങ്ങളിലൂടെ സൗജന്യമായി 65 വ്യത്യസ്തതരം കോഴ്സുകൾ ലഭ്യമാണെന്നും തൊഴിൽശേഷി നേടുക എന്നതിലുപരി ചെറുകിട സംരംഭകത്വത്തിലേക്ക് ഇവരെയെത്തിക്കുകയാണ് ഗ്രാമീണ തൊഴിൽ പരിശീലന കേന്ദ്രങ്ങളുടെ ലക്ഷ്യമെന്നും ആർസെറ്റി സംസ്ഥാന ഡയറക്ടർ‌ പേഴ്സി ജോസഫ് പറഞ്ഞു.

സംരംഭകർ നേരിടുന്ന വെല്ലുവിളികളും പരിഹാരവും എന്ന വിഷയത്തെക്കുറിച്ച് നടവയൽ ഹോളിക്രോസ് ഇൻഡസ്ട്രീസിലെ ജയ്മി സജി വിശദീകരിച്ചു. കർഷകശ്രീ ചീഫ് സബ് എഡിറ്റർ ജയിംസ് ജേക്കബ് പ്രസംഗിച്ചു.

നഴ്സറി സ്റ്റാളുകൾ ഇന്ന് ഉച്ചവരെ
മലപ്പുറം∙ കാർഷിക മേളയിലെ നഴ്സറി സ്റ്റാളുകൾ ഇന്ന് ഉച്ചവരെ പ്രവർത്തിക്കും. വിദേശഫലവൃക്ഷങ്ങൾ ഉൾപ്പെടെയുള്ളവയുടെ തൈകൾ വിൽപനയ്ക്കുണ്ട്.

ചിലർക്കു ലാഭവും കർഷകർക്കു നഷ്ടവും മാത്രം
കൃഷിയുമായി ബന്ധപ്പെട്ട ഒട്ടേറെ ഗവേഷണസ്ഥാപനങ്ങൾ കേരളത്തിൽ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ നാട്ടുകാരായ എത്ര കർഷകർക്ക് ഈ ഗവേഷണസ്ഥാപനങ്ങൾകൊണ്ട് ഉപകാരം ലഭിക്കുന്നുണ്ട് എന്ന കാര്യം സോഷ്യൽ ഓഡിറ്റിനു വിധേയമാക്കണം. നിലവിൽ ഗവേഷണ സ്ഥാപനങ്ങളും തദ്ദേശീയരായ കർഷകരും തമ്മിൽ കമ്യൂണിക്കേഷൻ ഗ്യാപ് നിലനിൽക്കുന്നുണ്ട്.

കൃഷിയിൽനിന്നുള്ള മൂല്യവർധിത ഉൽപന്നങ്ങൾ നിർമിക്കുന്ന വൻ കോർപറേറ്റുകൾ ലാഭത്തിലും കർഷകർ ആത്മഹത്യയിലേക്കും പോകുന്നതെന്തുകൊണ്ടെന്നു നാം ചിന്തിക്കണം. 3 കിലോയ്ക്ക് 100 രൂപ വച്ച് പൈനാപ്പിൾ വഴിയരികിൽ കർഷകർക്ക് വിൽക്കേണ്ടി വരുന്നു.

മുജീബ് കാടേരി, മലപ്പുറം നഗരസഭാധ്യക്ഷൻ. (സമാപന സമ്മേളനത്തിലെ അധ്യക്ഷ പ്രസംഗത്തിൽനിന്ന്)
എന്നാൽ ഈ പൈനാപ്പിളിൽനിന്ന് ജാമുകളും സ്ക്വാഷുകളും ഉൾപ്പെടെയുള്ള മൂല്യവർധിത ഉൽപന്നങ്ങൾ നിർമിക്കുന്ന കമ്പനികൾ പൈനാപ്പിളിന്റെ വില കുറഞ്ഞതുകൊണ്ട് ജാമിന്റെ വില കുറച്ചതായി കേട്ടിട്ടുണ്ടോ. ഒരു ഭാഗത്ത് ലാഭം മാത്രവും മറ്റേയിടത്ത് നഷ്ടം മാത്രവുമെന്ന ഈ നില മാറേണ്ടതുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com