ADVERTISEMENT

പെരിന്തൽമണ്ണ ∙ കാറിൽ പിന്തുടർന്നെത്തി കെഎസ്ആർടിസി ഡ്രൈവറെ  ബസിൽനിന്ന് വലിച്ചിറക്കി മർദിച്ച സംഭവത്തിൽ സഹോദരന്മാരെ പെരിന്തൽമണ്ണ പൊലീസ് അറസ്‌റ്റ് ചെയ്‌തു. ചെറുകര പാറക്കൽമുക്ക് പാറക്കൽ വീട്ടിൽ മുഹമ്മദ് ഷഹീൻ(27),  മുഹമ്മദ് ഷാഹിദ്(24) എന്നിവരെയാണ് അറസ്‌റ്റ് ചെയ്‌തത്. 

അതിക്രമിച്ചു കയറി മർദിക്കൽ, ജോലി ത‌ടസ്സപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ്. മർദനത്തിൽ തലയ്ക്ക് പരുക്കേറ്റ കെഎസ്ആർടിസി ഡ്രൈവർ മുണ്ടേരി മുക്കിനി സ്വദേശി എം.സി.പ്രദീപ്(44) ആശുപത്രി വിട്ടു. ശനി രാത്രി ഒൻപതോ‌ടെയാണ് സംഭവം നടന്നത്. പ്രദീപിന്റെ പരാതിയിലാണ് ഇരുവരെയും അറസ്‌റ്റ് ചെയ്‌തത്.

മലപ്പുറത്തുനിന്ന് പാലക്കാട്ടേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസ് ഓടിച്ചിരുന്ന പ്രദീപിനെ പെരിന്തൽമണ്ണ ഡിപ്പോയിൽവച്ചാണ് വലിച്ചിറക്കി മർദിച്ചത്. കെഎസ്ആർടിസി ബസ്, കാർ അപകടത്തിൽപെടുന്ന സാഹചര്യം സൃഷ്‌ടിച്ചാണ് കടന്നുപോയത് എന്ന് ആരോപിച്ചാണ് മർദനം. കെഎസ്ആർടിസി ബസിൽ താൽക്കാലിക ഡ്രൈവറാണ് പ്രദീപ്.

നിലമ്പൂർ ഡിപ്പോയിലായിരുന്ന പ്രദീപ് മലപ്പുറം ഡിപ്പോയിലേക്ക് സ്ഥലം മാറിയെത്തിയ ദിവസം തന്നെയാണ് മർദനമേറ്റത്.  ജീവനക്കാർ ഡിപ്പോയിൽ തടഞ്ഞുവച്ച ഇവരെ പൊലീസ് എത്തി കസ്‌റ്റഡിയിലെടുക്കുകയായിരുന്നു. സംഭവത്തെത്തുടർന്ന് പെരിന്തൽമണ്ണ ഡിപ്പോയിൽ നിർത്തിയിട്ട ഈ ബസ് ഇന്നലെയും സർവീസ് ന‌ടത്തിയില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com