1.8 കിലോ കഞ്ചാവുമായി 3 പേർ പിടിയിൽ
Mail This Article
കരിപ്പൂർ ∙ വിമാനത്താവള പരിസരത്തുനിന്ന് 1.8 കിലോഗ്രാം കഞ്ചാവുമായി 3 പേർ പിടിയിൽ. വേങ്ങര തോട്ടശ്ശേരിയറ സ്വദേശികളായ കല്ലക്കൻതൊടിക മുഹമ്മദ്കുട്ടി (35), പനക്കൽ വീട്ടിൽ രാജൻ (49), വേങ്ങര കുറ്റൂർ നോർത്ത് സ്വദേശി കഞ്ചിപറമ്പൻ മുബാറക്ക് (30) എന്നിവരെയാണ് അറസ്റ്റ് ചെയ്തതെന്നു പൊലീസ് അറിയിച്ചു.
കഞ്ചാവ് കടത്താൻ ഉപയോഗിച്ച വാഹനവും കസ്റ്റഡിയിലെടുത്തു. വിമാനത്താവളം കേന്ദ്രീകരിച്ച് ലഹരി വിൽപന നടത്തുന്ന സംഘത്തിലുള്ളവരാണു പിടിയിലായതെന്നും ഇവർ ഉൾപ്പെട്ട ലഹരി കടത്ത് സംഘത്തെക്കുറിച്ചു വ്യക്തമായ വിവരം ലഭിച്ചതായും പൊലീസ് അറിയിച്ചു.
ജില്ലാ പൊലീസ് മേധാവി എസ്.ശശിധരനു ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് കരിപ്പൂർ ഇൻസ്പെക്ടർ എസ്.രജീഷിന്റെ നേതൃത്വത്തിൽ ഡാൻസാഫ് സംഘവും കരിപ്പൂർ സ്റ്റേഷനിലെ എസ്ഐ മുരളീധരൻ, പൊലീസ് ഓഫിസർമാരായ രതീഷ്, ഷബീർ അലി എന്നിവരും ചേർന്നാണ് അന്വേഷണം നടത്തുന്നത്.