വാക്കേറ്റത്തെത്തുടർന്ന് വീട് തകർത്തു; 2 പേർക്ക് പരുക്ക്: 8 പേർക്കെതിരെ കേസ്

Mail This Article
കരുവാരകുണ്ട് ∙ വാക്കേറ്റത്തെത്തുടർന്ന് വീട് തകർക്കുകയും 2 പേർക്ക് ആക്രമണത്തിൽ പരുക്കേൽക്കുകയും ചെയ്ത സംഭവത്തിൽ 2 കേസുകളിലായി 8 പേർക്കെതിരെ കരുവാരകുണ്ട് പൊലീസ് കേസെടുത്തു. തുവ്വൂർ തേക്കുന്ന് കാപ്പരക്കുന്നിൽ പുളിക്കൽ സത്യൻ (54), കാപ്പരക്കുന്നത്ത് വിഷ്ണുദാസ് (30) എന്നിവർക്കാണ് ആക്രമണത്തിൽ പരുക്കേറ്റത്. ഇവർ ആശുപത്രിയിൽ ചികിത്സ തേടി. ശനിയാഴ്ച രാത്രി 11നും ഇന്നലെ പുലർച്ചെയുമാണ് സത്യൻ താമസിക്കുന്ന വാടക വീട് എറിഞ്ഞും അടിച്ചും പൂർണമായി തകർത്തത്. ഗൃഹോപകരണങ്ങളും തകർത്തു.
രാത്രിയിൽ വീടിനു മുൻപിൽ ബഹളംവച്ചത് ചോദ്യം ചെയ്തതിന് സംഘം ചേർന്ന് വീട് തകർക്കുകയും ആക്രമിക്കുകയും ചെയ്തുവെന്ന പരാതിയിൽ 7 പേർക്കെതിരെയും വിദേശമദ്യ വിൽപന ചോദ്യം ചെയ്തതിന് ടാപ്പിങ് കത്തികൊണ്ട് കുത്തിപ്പരുക്കേൽപ്പിച്ചുവെന്ന പരാതിയിൽ സത്യനെതിരെയും ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുത്തതായി എസ്ഐ എസ്.കെ.പ്രിയൻ അറിയിച്ചു.