ADVERTISEMENT

കുറ്റിപ്പുറം ∙ ജലനിധി പദ്ധതിക്കായി വെള്ളം അനുവദിച്ച വകയിൽ കുറ്റിപ്പുറം പഞ്ചായത്ത് 23.59 ലക്ഷം രൂപ കുടിശിക നൽകാനുണ്ടെന്ന ജലഅതോറിറ്റിയുടെ വാദം അടിസ്ഥാനരഹിതമെന്ന്  പഞ്ചായത്ത് സ്കീം ലെവൽ എക്സിക്യൂട്ടീവ് കമ്മിറ്റി.  ഒന്നരവർഷം മുൻപ് എസ്എൽഇസി കമ്മിറ്റിയുടെ അക്കൗണ്ടിൽ നിന്ന് ജലഅതോറിറ്റിക്ക് 22 ലക്ഷത്തോളം രൂപ അനുവദിച്ചിട്ടുണ്ടെന്നും മുൻവർഷങ്ങളിലെ പിഴയും പിഴപ്പലിശയും അടക്കമുള്ളവ കൂട്ടി ജലഅതോറിറ്റി ഇത്തരത്തിൽ ഇടയ്ക്കിടെ അധിക തുകയുടെ നോട്ടിസ് അയയ്ക്കുകയാണെന്നും എസ്എൽഇസി സെക്രട്ടറി കാങ്കുന്നത്ത് അബ്ദുൽ അസീസ് കുറ്റപ്പെടുത്തി.

2023 ഡിസംബർ വരെയുള്ള കണക്കനുസരിച്ച് കുറ്റിപ്പുറം പഞ്ചായത്ത് 23,58,821 രൂപ അടയ്ക്കാനുണ്ടെന്നും ജനുവരി 31നകം പണം അടച്ചില്ലെങ്കിൽ പഞ്ചായത്തിലേക്കുള്ള ജലവിതരണം മുന്നറിയിപ്പില്ലാതെ നിർത്തിവയ്ക്കുമെന്നും ചൂണ്ടിക്കാട്ടി ജലഅതോറിറ്റി പഞ്ചായത്തിന് നൽകിയ നോട്ടിസിനെതിരെയാണ് കാങ്കുന്നത്ത് അബ്ദുൽ അസീസിന്റെ പ്രതികരണം. 

ജല അതോറിറ്റി തിരൂർ സബ് ഡിവിഷൻ അസി.എക്സിക്യൂട്ടീവ് എൻജിനീയർ കുറ്റിപ്പുറം പഞ്ചായത്ത് സെക്രട്ടറിക്ക് നൽകിയ നോട്ടിസിൽ പറയുന്നത് ഇങ്ങനെ: പഞ്ചായത്തിലെ ജലനിധി കണക്‌ഷനുകളിലേക്ക് ജല അതോറിറ്റി ബൾക്ക് മീറ്റർ വഴി നൽകിയ വെള്ളത്തിന്റെ ചാർജിനത്തിൽ 2023 ഡിസംബർവരെ കുറ്റിപ്പുറം പഞ്ചായത്ത് 23,58,821 രൂപ അടയ്ക്കാനുണ്ട്.

ജനുവരി 31ന് അകം പണം അടച്ചില്ലെങ്കിൽ ഇനിയൊരു മുന്നറിയിപ്പില്ലാതെ പഞ്ചായത്തിലേക്കുള്ള ജലവിതരണം നിർത്തി വയ്ക്കുകയും കുടിശിക പിരിച്ചെടുക്കാൻ ജപ്തി നടപടി ആരംഭിക്കുകയും ചെയ്യും. ജലഅതോറിറ്റി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും ജനുവരി 23ന് ഇറക്കിയ നോട്ടിസിൽ പറയുന്നു. 

എന്നാൽ ഇതിനെതിരെ തണുപ്പൻ പ്രതികരണമാണ് പഞ്ചായത്തിൽ നിന്നും എസ്എൽഇസി കമ്മിറ്റിയിൽ നിന്നും ഉയരുന്നത്.  പഞ്ചായത്തിലെ പതിനെട്ടോളം വാർഡുകളിലാണ് ഇപ്പോൾ പദ്ധതിപ്രകാരം വെള്ളമെത്തുന്നതെന്നും ആഴ്ചയിൽ ഒരു ദിവസം മാത്രമേ ജലഅതോറിറ്റി വെള്ളം നൽകുന്നുള്ളുവെന്നും എസ്എൽഇസി കുറ്റപ്പെടുത്തുന്നുണ്ട്.

കരാർ പ്രകാരം ദിനംപ്രതി 17 ലക്ഷം ലീറ്റർ വെള്ളം നൽകണം. എന്നാൽ നിലവിൽ ആഴ്ചയിൽ ഒരിക്കൽ 10 ലക്ഷം ലീറ്റർ വെള്ളമാണ് നൽകുന്നതെന്നും കമ്മിറ്റി സെക്രട്ടറി ചൂണ്ടിക്കാട്ടി. തുടർച്ചയായി വെള്ളം ലഭിക്കാത്തതിനാൽ ഗുണഭോക്താക്കൾ പണം നൽകുന്നില്ലെന്നും കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. 

അതേസമയം ഗുണഭോക്താക്കളിൽ നിന്ന് ലക്ഷക്കണക്കിനു രൂപ പിരിഞ്ഞു കിട്ടാനുണ്ടെന്നും എസ്എൽഇസിയുടെ പ്രവർത്തനം കാര്യക്ഷമല്ലെന്നും പഞ്ചായത്ത് ഭരണസമിതിയിലെ ഒരുവിഭാഗം ചൂണ്ടിക്കാട്ടുന്നുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com