ADVERTISEMENT

എടപ്പാൾ ∙ സംസ്ഥാന പാതയിലെ മാണൂർ നടക്കാവിൽ മണ്ണിടിഞ്ഞുവീണ് അതിഥിത്തൊഴിലാളി മണിക്കൂറുകളോളം മണ്ണിനടിയിൽ കുടുങ്ങി. രണ്ടര മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ ഇയാളെ രക്ഷിച്ച് ആശുപത്രിയിലേക്കു മാറ്റി. ബംഗാൾ സ്വദേശി സുജോൺ (30) ആണ് മണ്ണിനടിയിൽ കുടുങ്ങിയത്. 

ഇന്നലെ ഉച്ചയ്ക്ക് രണ്ടിനാണ് സംഭവം. ഭാരതീയ വിദ്യാഭവൻ സ്കൂളിനു സമീപത്തെ പറമ്പിനോടു ചേർന്ന് സ്ഥലമുടമകൾ 100 മീറ്റർ താഴ്ചയിൽ മണ്ണെടുത്തിരുന്നു. ഇതോടെ സ്കൂൾ കെട്ടിടം ഉൾപ്പെടെ അപകട ഭീഷണിയിലാണ്. ഇവിടെ സംരക്ഷണഭിത്തി നിർമിക്കുന്ന ജോലി നടക്കുന്നുണ്ട്. മുകളിൽനിന്ന് ഈ ഭാഗത്തേക്ക് മണ്ണ് എത്തിച്ച് നികത്തുന്ന ജോലികളും ആരംഭിച്ചിരുന്നു. ഇതിനായി 8 അതിഥിത്തൊഴിലാളികളാണ് ഇവിടെ ജോലി ചെയ്തിരുന്നത്.

മറ്റുള്ളവർ ഭക്ഷണം കഴിക്കാനായി പോയി അൽപം കഴിഞ്ഞ് പോകാനൊരുങ്ങുകയായിരുന്നു സുജോൺ. ഇതിനിടെയാണ് മുകളിൽ നിന്ന് കൂറ്റൻ മൺതിട്ട ഇടിഞ്ഞ് താഴേക്കു പതിച്ചത്. സുജോണിന്റെ തല ഒഴികെയുള്ള ശരീരഭാഗങ്ങൾ മണ്ണിനടിയിൽ കുടുങ്ങി.

ശബ്ദം കേട്ട് ഓടിയെത്തിയ മറ്റു തൊഴിലാളികൾ ഒച്ചവച്ചതോടെ നാട്ടുകാരുമെത്തി രക്ഷാപ്രവർത്തനം നടത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. കോൺക്രീറ്റ് ജോലികൾക്കായി കമ്പികൾ സ്ഥാപിച്ചിരുന്നതും രക്ഷാപ്രവർത്തനത്തിനു തടസ്സമായി. പിന്നീട് പൊന്നാനി, കുറ്റിപ്പുറം സ്റ്റേഷനുകളിൽനിന്ന് പൊലീസും പൊന്നാനിയിൽനിന്ന് അഗ്നിരക്ഷാ സേനയും എത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. 

വട്ടംകുളം പഞ്ചായത്ത് പ്രസിഡന്റ് എം.എ.നജീബ്, കാലടി പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.ബാബു എന്നിവർ രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചു. എന്നാൽ മുകളിൽനിന്ന് വീണ്ടും മണ്ണ് താഴേക്കു പതിക്കുമെന്ന ഭീതി നിലനിന്നു. ഒടുവിൽ മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് കൂറ്റൻ പാറക്കല്ലുകൾ താങ്ങിനിർത്തി കുഴിയെടുത്ത ശേഷം രണ്ടര മണിക്കൂറിനു ശേഷമാണ് സുജോണിനെ പുറത്തെടുക്കാനായത്. അവശനായ ഇയാളെ എടപ്പാൾ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി. എല്ലുകൾക്ക് പൊട്ടലുണ്ടെങ്കിലും അപകടനില തരണം ചെയ്തിട്ടുണ്ട്. 

ഈ ഭാഗത്ത് നടക്കുന്ന മണ്ണെടുപ്പിനെതിരെ വ്യാപകമായ പരാതികൾ ഉയർന്നിരുന്നു. ഇത് വകവയ്ക്കാതെയാണ് വീണ്ടും മണ്ണെടുത്തത്. തൊഴിലാളികൾ ജോലി ചെയ്യുന്ന സമയമായിരുന്നെങ്കിൽ ഇതൊരു വൻ ദുരന്തമായി മാറുമായിരുന്നു. സംരക്ഷണഭിത്തി നിർമിച്ച് സുരക്ഷ ഉറപ്പാക്കും വരെ സ്കൂൾ പ്രവർത്തിക്കരുതെന്ന് പഞ്ചായത്ത് അധികൃതരും പൊലീസും കർശന നിർദേശം നൽകിയിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിനുശേഷം ഈ ഭാഗത്ത് വീണ്ടും മുകൾഭാഗത്തുനിന്ന് മണ്ണ് ഇടിഞ്ഞുവീണു. സ്ഥലത്തുണ്ടായിരുന്നവർ ഓടിമാറിയാണു രക്ഷപ്പെട്ടത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com